ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് സെന്ററുകളിലൊന്നിന് കോഴിക്കോട് തുടക്കം കുറിച്ചിരിക്കുകയാണ് ഹൈലൈറ്റ് ഗ്രൂപ്പ്. 680 മില്ല്യൺ ഡോളർ നിക്ഷേപത്തിൽ 12.5 മില്ല്യൺ സ്ക്വയർ ഫീറ്റിലാണ് പദ്ധതി ഒരുങ്ങുന്നത്. ഇതോടെ വ്യാവസായിക ഭൂപടത്തിൽ കോഴിക്കോടിന്റെ മുഖം കൂടുതൽ ശ്രദ്ധേയമാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് സെന്ററുകളിലൊന്നാവാൻ ഒരുങ്ങുന്ന പദ്ധതി കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിലാണ് ആരംഭിക്കുന്നത്.
വേൾഡ് ട്രേഡ് സെന്റർ അസോസിയേഷൻ (WTCA) ലൈസൻസുള്ളതിനാല് മൾട്ടി നാഷനൽ കമ്പനികളുടെയും ഇന്റർനാഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി അതിവേഗം സാമ്പത്തിക വളർച്ചയും അടിസ്ഥാനസൗകര്യ വികസനവും സാധ്യമാക്കി കോഴിക്കോട് നഗരത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായി പദ്ധതിയെ മാറ്റുക എന്നതാണ് വേൾഡ് ട്രേഡ് സെന്ററിന്റെ ലക്ഷ്യം.
അനേകം ടവറുകളായാണ് ട്രേഡ് സെന്റർ സമുച്ചയം ഉയരുന്നത്. വേൾഡ് ട്രേഡ് സെന്റർ ലേണിംഗ് പാർക്കാണ് ഇതില് ആദ്യത്തേത്. 100 ഏക്കർ വിസ്തൃതിയുള്ള ഹൈലൈറ്റ് സിറ്റിക്കുള്ളിലായി ഒരുങ്ങുന്ന വേൾഡ് ട്രേഡ് സെന്റർ പദ്ധതി ഇന്റർനാഷനൽ ബിസിനസ് സാധ്യതകളെയും വൻകിട കമ്പനികളുടെ പരസ്പര സഹകരണത്തെയും കൂടുതൽ സുതാര്യവും ശക്തവുമാക്കും. നിലവിൽ ആറ് മാളുകളുടെ നിർമാണ പ്രവർത്തനം നടന്നു വരികയാണ്.
ആഗോളതലത്തിലുള്ള സർവകലാശാലകൾക്കും പഠന കേന്ദ്രങ്ങൾക്കും വേൾഡ് ട്രേഡ് സെന്റർ ലേണിംഗ് പാർക്ക് സ്വീകാര്യത നൽകുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി സുലൈമാൻ പറഞ്ഞു.