സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സീഗള്‍ ഇന്റര്‍നാഷണലിന്റെ പുതിയ ശാഖ റഷ്യയിലെ പ്രധാന നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ആരംഭിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡി സി ഡി ദാസ് ഐ എഫ് എസാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്കന്‍ഡ് സെക്രട്ടറി ഡാരിയ ചെക്മറേവ മുഖ്യാതിഥിയായിരുന്നു. സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സുരേഷ്കുമാര്‍ മധുസൂദനന്, സീഗള്‍ ഇന്റര്‍നാഷണല്‍- റഷ്യ ഡയറക്ടര്‍മാരായ ക്യാപ്റ്റന്‍ ആശിഷ് ബലൂണി, ദിമിത്രി ടിറ്റോവ്, ബിസിനസ്സ് സമൂഹത്തിലെ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ധാര്‍മികമായ റിക്രൂട്ട്മെന്റ്, നൈപുണ്യ വികസനം, ട്രെയിനിംഗ് എന്നിവയില്‍ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവെയ്പ്പാണ് സീഗളിന്റെ റഷ്യ ബ്രാഞ്ചിന്റെ ആരംഭം എന്ന് ചടങ്ങില്‍ സംസാരിച്ച ഡോ സുരേഷ്കുമാര്‍ മധുസൂദനന് പറഞ്ഞു. ഊര്‍ജ്ജം, ഉല്‍പ്പാദനം, ഷിപ്പിംഗ് മറൈന്‍, നിര്‍മ്മാണം, സേവന മേഖലകളില്‍ റഷ്യ ഗണ്യമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇരു രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന സുതാര്യവും സുസ്ഥിരവുമായ മൊബിലിറ്റി പാതകള്‍ നിര്‍മ്മിക്കാന്‍ സീഗള്‍ ഇന്റര്‍നാഷണല്‍ പ്രതിജ്ഞാബദ്ധമാണെന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാല് ദശാബ്ദങ്ങളായി മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് പന്ത്രണ്ടു രാജ്യങ്ങളിലായി പതിനെട്ടോളം ശാഖകളാണ് ഉള്ളത്.
ഇന്ത്യ-റഷ്യ ബന്ധത്തിന്റെ വിളംബരമായി ഉദ്ഘാടന ചടങ്ങ്
സാംസ്കാരിക ഐക്യത്തെയും ദീര്‍ഘകാല സഹകരണത്തെയും പ്രതിബദ്ധതയെയും പ്രതീകപ്പെടുത്തുന്ന ഇന്ത്യന്‍, റഷ്യന്‍ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചതായിരുന്നു ഉദ്ഘാടന ചടങ്ങ്. പരമ്പരാഗത ഇന്ത്യന്‍ രീതിയിലുള്ള സ്വീകരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. അതിഥികളെ തിലകം ചാര്‍ത്തി സ്വാഗതം ചെയ്തു. വിശിഷ്ടാതിഥികള്‍ ആചാരപരമായ നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. റഷ്യയുടെ പൈതൃകം വിളിച്ചോതുന്ന ചടങ്ങായ റഷ്യന്‍ ഫര്ഷെറ്റ് സ്വീകരണവും നടന്നു.




