ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതിയതായി നല്കുന്ന ഭവനവായ്പകളുടെ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചു. വായ്പാ ചെലവ് ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് റിപ്പോ നിരക്ക് 5.5 ശതമാനമായി കുറച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയെ അപ്രസക്തമാക്കുന്നതാണ് തീരുമാനം.
ഭവനവായ്പകള്‍ക്കുള്ള എസ്ബിഐയുടെ പലിശ നിരക്ക് 7.50-8.45 ശതമാനം എന്നതില്‍ നിന്ന് പുതിയ ബാന്‍ഡായ 7.50-8.70 ശതമാനത്തിലേക്ക് ഇതോടെ ഉയര്‍ന്നു. അപ്പര്‍ ലിമിറ്റ് വര്‍ധിപ്പിച്ച ഈ തീരുമാനം കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ള ഉപഭോക്താക്കളെ പ്രത്യേകിച്ച് ബാധിക്കും. ഉയര്‍ന്ന നിരക്കാവും ഫലത്തില്‍ അവര്‍ക്ക് ബാധകമാവുക.
മറ്റ് പൊതുമേഖലാ ബാങ്കുകളും എസ്ബിഐയുടെ പാത പിന്തുടരുമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ ബാങ്കുകള്‍ വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ അനുസരിച്ച് 7.35 ശതമാനത്തില്‍ തുടങ്ങി 10.10 ശതമാനമോ അതില്‍ കൂടുതലോ നിരക്കിലാണ് വായ്പകള്‍ നല്‍കുന്നത്. അപ്പര്‍ ലിമിറ്റ് ഉയര്‍ത്തിയാല്‍ ഭവന വായ്പകളെ അത് അനാകര്‍ഷകമാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ജനങ്ങള്‍ക്ക് വായ്പാ പലിശയില്‍ നിന്ന് ആശ്വാസം പകരാനും വായ്പയെടുപ്പ് പ്രോല്‍സാഹിപ്പിക്കാനും ആര്‍ബിഐ, റിപ്പോ നിരക്ക് തുടര്‍ച്ചയായി മൂന്ന് തവണ കുറച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ ഇതോടെ ബാങ്കുകള്‍ക്ക് ആര്‍ബിഐയില്‍ നിന്ന് വായ്പകള്‍ ലഭിക്കും. ഭവനവായ്പ ഉള്‍പ്പെടെയുള്ള വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാനാണ് ഇത് സഹായിക്കുക.