ജപ്പാനിലെ സുമിടോമോ മിത്സൂയി ബാങ്കിംഗ് കോര്പ്പറേഷന് (SMBC) യെസ് ബാങ്ക് ഓഹരി ഏറ്റെടുപ്പ് പൂര്‍ത്തിയാക്കി. യെസ് ബാങ്കിലെ 20 ശതമാനം ഓഹരികളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും മറ്റ് നിക്ഷേപകരില്‍ നിന്നുമായി SMBC ഏറ്റെടുത്തത്. ഈ ഏറ്റെടുപ്പോടെ SMBC-യിലെ ഏറ്റവും വലിയ ഓഹരിയുടമകളായി ജപ്പാന് ബാങ്ക് മാറി. എസ്ബിഐക്ക് 10 ശതമാനം ഓഹരി അവകാശമാണ് ഇനി യെസ് ബാങ്കില്‍ ഉള്ളത്.
ഇന്ത്യയിലെ ഒരു സ്വകാര്യ മേഖല ബാങ്കില്‍ വിദേശ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഏറ്റെടുപ്പോടെ യെസ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ട് SMBC പ്രതിനിധികള്‍ ഡയറക്ടര്‍മാരായി വരും. ഷിനിചിരോ നിഷിനോ, രാജീവ് വീരവല്ലി കണ്ണന് എന്നിവരെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിച്ചതായി യെസ്ബാങ്ക് ഓഹരിവിപണിയിലൂടെ അറിയിച്ചു.
SMBCയുടെ ആഗോള സാന്നിധ്യം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യെസ് ബാങ്കില്‍ ജപ്പാന് ബാങ്ക് നിക്ഷേപം നടത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയ്ക്കും ജപ്പാനുമിടയില്‍ നിക്ഷേപത്തിനും വ്യാപാരത്തിനുമുള്ള സുഗമമായ പാതയൊരുക്കുകയും അതുവഴി കോര്‍പ്പറേറ്റ് ബാങ്കിംഗ്, ട്രെഷറി സേവനങ്ങള്‍, അതിര്‍ത്തി കടന്നുള്ള ബാങ്കിംഗ് സൊലൂഷനുകള്‍ സാധ്യമാക്കുകയും കൂടിയാണ് SMBC യുടെ ലക്ഷ്യം.
ഈ ഏറ്റെടുപ്പ് യെസ് ബാങ്കിനെ സംബന്ധിച്ച് നിര്‍ണ്ണായക നിമിഷമാണെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു. ആഗോള സാന്നിധ്യമുള്ള SMBCയുടെ സ്പോണ്‍സര്‍ഷിപ്പും ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ബാങ്കായ എസ്ബിഐയുടെ പിന്തുണയും യെസ് ബാങ്കിന് കൂടുതല്‍ വളര്‍ച്ച നേടാനും ഇന്ത്യ-ജപ്പാന് ബിസിനസുകള്‍ വിപുലപ്പെടുത്താനും നിക്ഷേപകര്‍ക്ക് ദീര്‍ഘകാല നേട്ടങ്ങളുണ്ടാക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.