സെമികണ്ടക്റ്റര്‍ ഉല്‍പ്പാദനത്തിനായി രാജ്യത്ത് നാല് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇന്ത്യന്‍ സെമികണ്ടക്റ്റര്‍ മിഷന് (ഐഎസ്എം) കീഴില്‍ ഒഡീഷയില്‍ രണ്ടും പഞ്ചാബിലും ആന്ധ്രാപ്രദേശിലും ഒരോ ഫാക്ടറികളുമാണ് സ്ഥാപിക്കുക. 4600 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക.
ഇതോടെ രാജ്യത്തെ സെമികണ്ടക്റ്റര്‍ പ്രൊജക്റ്റുകളുടെ എണ്ണം 10 ആയി ഉയരും. ആറ് സംസ്ഥാനങ്ങളിലായാണ് ഈ പ്രൊജക്റ്റുകള്‍. 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി നടത്തുക. ഇതോടൊപ്പം 278 അക്കാദമിക് സ്ഥാപനങ്ങളും 72 സ്റ്റാര്‍ട്ടപ്പുകളും ഇന്ത്യയുടെ സെമികണ്ടക്റ്റര്‍ മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്തെ ടെലികോം, ഓട്ടോമോട്ടീവ്, ഡാറ്റാ സെന്ററുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഇന്‍ഡസ്ട്രി ഇലക്ട്രോണിക്സ് മേഖലകളില്‍ സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ആവശ്യം വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നാല് ഫാക്ടറികള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചത്. സിക്സെം (SiCSem) കോണ്ടിനെന്റല് ഡിവൈസ് പ്രൊവറ്റ് ലിമിറ്റഡ് (സിഡിഐഎല്‍), 3ഡി ഗ്ലാസ് സൊലൂഷന്‍സ് ഇന്ക്, അഡ്വാന്‍സ്ഡ് സിസ്റ്റം ഇന്‍ പാക്കേജ് ടെക്നോളജീസ് (എഎസ്ഐപി) എന്നീ കമ്പനികളുടെ പദ്ധതികള്‍ക്കാണ് അനുമതിയായത്.
പദ്ധതികള്‍ 3 സംസ്ഥാനങ്ങളില്‍
പുതിയ പദ്ധതികളില്‍ ആദ്യത്തേത് ഒഡീഷയിലെ ഭുവനേശ്വറിലാവും സ്ഥാപിക്കുക. സിക്സെം, യുകെ ആസ്ഥാനമായുള്ള ക്ലാസിക് വേഫര്‍ ഫാബ് ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മിക്കുന്ന പ്ലാന്റില്‍ ബഹിരാകാശം, ടെലികോം, റെയില്‍വേ എന്നീ മേഖലകളില്‍ ഉപയോഗിക്കാനുള്ള ചിപ്പുകള്‍ നിര്‍മ്മിക്കും. 2026 കോടി രൂപ നിക്ഷേപത്തില്‍ ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യല്‍ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റായിരിക്കും.
രണ്ടാമത്തെ പ്രോജക്റ്റും ഭുവനേശ്വറിലാണ്. യുഎസ് ആസ്ഥാനമായുള്ള 3ഡി ഗ്ലാസ് സൊല്യൂഷന്‍സ് ഇങ്ക് സ്ഥാപിക്കുന്ന ഒരു 3ഡി ഗ്ലാസ് നിര്‍മ്മാണ പ്ലാന്റായിരിക്കും ഇത്. 1,956 കോടി രൂപ മുതല്‍മുടക്കില്‍ പ്രതിരോധം, റഡാറുകള്‍, വ്യോമയാനം, മൊബൈല്‍ ഫോണുകള്‍ എന്നീ മേഖലകള്‍ക്കായി ഗ്ലാസ് സബ്സ്ട്രേറ്റുകള്‍ ഇവിടെ നിര്‍മ്മിക്കും.ഗ്ലാസ് ഇന്റര്പോസറുകള്, സിലിക്കണ്‍ ബ്രിഡ്ജുകള്‍, 3ഡി ഹെറ്ററോജീനിയസ് ഇന്റഗ്രേഷന്‍ (3ഡിഎച്ച്ഐ) മൊഡ്യൂളുകള്‍ തുടങ്ങിയ ലോകോത്തര സാങ്കേതിക വിദ്യകള്‍ ഇവിടെ അവതരിപ്പിക്കും.
മൂന്നാമത്തെ പ്രൊജക്റ്റ് ദക്ഷിണ കൊറിയയുമായി സഹകരിച്ച് കോണ്ടിനെന്റല് ഡിവൈസ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് (സിഡിഐഎല്‍) പഞ്ചാബിലെ മൊഹാലിയില്‍ നിര്‍മിക്കും. മോസ്ഫെറ്റുകള്‍, ഐജിബിടികള്, ഷോട്ട്കി ഡയോഡുകള്‍, ട്രാന്സിസ്റ്ററുകള് തുടങ്ങിയവ ഇവിടെ നിര്‍മിക്കും. നാലാമത്തെ പ്രോജക്റ്റ് ആന്ധ്രാപ്രദേശില്‍ അഡ്വാന്‍സ്ഡ് സിസ്റ്റം ഇന്‍ പാക്കേജ് (എഎസ്ഐപി) ടെക്നോളജീസ്, ദക്ഷിണ കൊറിയന്‍ സ്ഥാപനമായ എപിഎസിടി കോ ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ സ്ഥാപിക്കും. മൊബൈല്‍ ഫോണുകള്‍, സെറ്റ്ടോപ്പ് ബോക്സുകള്‍, ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകള്‍, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയ്ക്കായുള്ള സെമികണ്ടക്റ്ററുകളാവും ഇവിടെ നിര്‍മിക്കുക.
സ്വന്തം സെമികണ്ടക്റ്റര്‍
ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത സെമികണ്ടക്റ്ററുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെമികണ്ടക്റ്റര്‍ മിഷന് അതിവേഗം മുന്നോട്ടുപോവുകയാണ്. എഐ മേഖലയില്‍ ആഗോള നേതാവായി ഇന്ത്യ മാറുമെന്നും മോദി പറഞ്ഞു.