1000 മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടില്‍ നിന്നാണ്. വിജയത്തിന്റെ, സാമ്പത്തിക ശാക്തീകരണത്തിന്റെ ആ ചുവടിന് രാജ്യത്തെ മുക്കിലും മൂലയിലുമുള്ള അനേകം സൂക്ഷ്മ, ചെറുകിട സംരംഭകരെയും സാധാരണക്കാരെയുമെല്ലാം പ്രാപ്തമാക്കുന്നു എന്നതാണ് 138 വര്‍ഷത്തെ പാരമ്പര്യം പേറുന്ന മുത്തൂറ്റ് ഫിന്കോര്പ്പെന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിന്റെ പ്രസക്തി. സ്വര്‍ണപ്പണയ വായ്പാ രംഗത്തെ വിപ്ലവാത്മക രീതിയില്‍ മാറ്റിമറിച്ച മുത്തൂറ്റ് ഫിന്‍കോര്‍പ്പ് രാജ്യത്ത് ഔപചാരിക ധനകാര്യ സേവനങ്ങള്‍ എത്തിപ്പെടാത്ത മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ അഥവാ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ പ്രക്രിയയിലും ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.
- അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക ആവാസവ്യവസ്ഥയില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് പോലുള്ള എന്‍ബിഎഫ്സികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ എങ്ങനെ കാണുന്നു?
- മാറുന്ന സാമ്പത്തിക പ്രവണതകള്‍ ഈ സാഹചര്യത്തിലേക്ക് സംഭാവന ചെയ്യുന്നില്ലേ?
- ഇന്ത്യയിലെ ധനകാര്യസേവനരംഗത്തെ വെല്ലുവിളികളെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എങ്ങനെയാണ് നോക്കിക്കാണുന്നത്?
- ഡിജിറ്റല്‍ ഫിനാന്‍സും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുമെല്ലാം വളര്‍ന്നുവരുന്ന കാലമാണല്ലോ. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഈ ഡിജിറ്റല്‍ പരിവര്‍ത്തനവുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നത്?
- ഗ്രാമീണ ഇന്ത്യയിലെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ മുന്നേറ്റത്തെക്കുറിച്ച് എന്താണ് അഭിപ്രായം. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് ഈ രംഗത്ത് എന്തെല്ലാം ചെയ്യാന്‍ സാധിക്കുന്നുണ്ട്?
- റെസ്പോണ്സിബിള് ലെന്‍ഡിംഗ് അഥവാ ഉത്തരവാദിത്ത വായ്പ എന്ന ആശയത്തെ, സ്വര്‍ണപണയ വായ്പാ രംഗത്തെ ഒരു പ്രമുഖ കമ്പനിയെന്ന നിലയില്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
- അടുത്ത 10 വര്‍ഷത്തേക്കുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്?
- പ്രധാന ലക്ഷ്യങ്ങള്‍
- സ്വര്‍ണവായ്പയ്ക്ക് പുറമേ ഏതെല്ലാം മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്?
- യുവതലമുറയ്ക്ക് സംരംഭകത്വത്തില്‍ താല്പ്പര്യമേറി വരുന്ന കാലം കൂടിയാണല്ലോ ഇത്. അവര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്?
- English Summary
മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 3700ലധികം ബ്രാഞ്ചുകളിലൂടെയും 27,000ത്തിലധികം ജീവനക്കാരിലൂടെയും രാജ്യത്തുടനീളം ശക്തമായ സാന്നിധ്യമാണ്. സ്വര്ണവായ്പയ്ക്കപ്പുറം വൈവിധ്യവല്‍ക്കരണ സേവനങ്ങളിലൂടെ ഒരു സമഗ്രധനകാര്യസേവന കമ്പനിയായി മാറുകയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ചെറുകിട ബിസിനസ് ലോണുകള്‍, പ്രോപ്പര്‍ട്ടി വായ്പ, ബിസിനസ് വായ്പ, ഭവന വായ്പ, ഇരുചക്ര വാഹന വായ്പ, യൂസ്ഡ് കാര്‍ ലോണ്‍, ആഭ്യന്തര, അന്താരാഷ്ട്ര മണി ട്രാന്‍സ്ഫര്‍, ഫോറിന് എക്സ്ചേഞ്ച്, ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്മെന്റ് എന്നിങ്ങനെ സേവനങ്ങളില്‍ വൈവിധ്യവല്‍ക്കരണത്തിന്റെ പുതിയ അളവുകോല്‍ സൃഷ്ടിച്ചുകഴിഞ്ഞു ഇവര്‍.
മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോണ്‍ മുത്തൂറ്റ്, ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ്, ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് മുത്തൂറ്റ് എന്നിവരാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിനെ മുന്നില്‍ നിന്ന് നയിക്കുന്നത്. എന്‍ബിഎഫ്സി മേഖലയുടെ പ്രസക്തിയെക്കുറിച്ചും പുതിയ മാറ്റങ്ങളെക്കുറിച്ചും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സാരഥികള്‍ പ്രോഫിറ്റ് മാസികയോട് സംസാരിക്കുന്നു. പ്രസക്ത ഭാഗങ്ങള്‍
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക ആവാസവ്യവസ്ഥയില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് പോലുള്ള എന്‍ബിഎഫ്സികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ എങ്ങനെ കാണുന്നു?
ഇന്ത്യയില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) പ്രോത്സാഹിപ്പിക്കുന്നതില്‍ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ബിഎഫ്സികള്‍) നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ബാങ്ക് സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമല്ല. ഇവര്‍ക്ക് അവശ്യ സാമ്പത്തിക സേവനങ്ങള്‍, പ്രത്യേകിച്ച് വായ്പ നല്‍കുന്നതിലൂടെ എന്‍ബിഎഫ്സികള്‍ മേഖലയിലെ വലിയ വിടവ് നികത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന വായ്പയില്‍ വര്‍ഷങ്ങളായി കുത്തനെ വര്‍ധനയുണ്ടായിട്ടുണ്ട്, ജിഡിപിയിലേക്കുള്ള എന്‍ബിഎഫ്സി മേഖലയുടെ ക്രെഡിറ്റ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 26 ശതമാനമായി വര്‍ദ്ധിച്ചു. വളര്‍ച്ചാ നിരക്കില്‍ ബാങ്കുകളെ മറികടക്കുന്നത് തുടരുകയാണ് എന്‍ബിഎഫ്സികള്‍.
ധനകാര്യസേവനങ്ങള്‍ എത്തിപ്പെടാത്ത ഉള്‍പ്രദേശങ്ങളില്‍ സേവനം എത്തിക്കാന്‍ എന്‍ബിഎഫ്സികള്‍ക്ക് സാധിക്കുന്നു. അവര്‍ക്ക് അനുയോജ്യമായ കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങള്‍ നല്കാന് സാധിക്കുന്നു എന്നതും പ്രത്യേകതയാണ്. മാത്രമല്ല, ഡിജിറ്റല്‍ ഡാറ്റ ഉപയോഗപ്പെടുത്തി അവരുടെ വായ്പാ യോഗ്യത വിലയിരുത്താനും വായ്പകള്‍ നല്‍കാനും സാധിക്കുന്നു.
ഇന്ത്യയിലെ 12 മില്യണോളം വരുന്ന റീട്ടെയ്ലര്മാര് തദ്ദേശീയതലത്തില്‍ മികച്ച തൊഴില്‍ദാതാക്കളാണ്. ജിഡിപിയിലേക്കും അവര്‍ കാര്യമായി സംഭാവന ചെയ്യുന്നു. എന്നാല്‍ പലപ്പോഴും വായ്പയുടെ കാര്യം വരുമ്പോള്‍ അവര്‍ക്ക് പലവിധ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. ഡിജിറ്റല്‍ ഡാറ്റ ഉപയോഗപ്പെടുത്തി ഇവര്‍ക്ക് കസ്റ്റമൈസ് ചെയ്ത സേവനങ്ങള്‍ നല്കാന് എന്‍ബിഎഫ്സികള്‍ക്ക് സാധിക്കും.
മാറുന്ന സാമ്പത്തിക പ്രവണതകള്‍ ഈ സാഹചര്യത്തിലേക്ക് സംഭാവന ചെയ്യുന്നില്ലേ?
ഇന്ത്യന്‍ കുടുംബങ്ങളുടെ വരുമാനം കൂടുന്നത് സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകതയും ശക്തമാക്കുന്നുണ്ട്. ഈ പ്രവണതകള്‍ക്ക് അനുസരിച്ച് എന്‍ബിഎഫ്സികള്‍ നൂതനാത്മകമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കേണ്ടതുണ്ട്. എല്ലാവരുടെയും വളര്‍ച്ച ഉള്‍ക്കൊള്ളുന്നതും രാജ്യത്തിന്റെ വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ ആവശ്യകതകളെ നിറവേറ്റുന്നതുമായിരിക്കണം അത്.

കസ്റ്റമൈസേഷന്, താഴെത്തട്ടിലുള്ള സാന്നിധ്യം, ഡിജിറ്റല്‍ നവീകരണം തുടങ്ങിയവയിലൂടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രോല്‍സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലും എന്‍ബിഎഫ്സികള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കും.
ഇന്ത്യയിലെ ധനകാര്യസേവനരംഗത്തെ വെല്ലുവിളികളെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളേക്കാളും അവസരങ്ങളാണ് യഥാര്‍ത്ഥത്തിലുള്ളത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ധനകാര്യസേവനമേഖലയുടെ ശരാശരി വളര്‍ച്ച മികച്ചതായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ബിഎഫ്എസ്ഐ (ബാങ്കിംഗ്, ധനകാര്യസേവനം, ഇന്‍ഷുറന്‍സ്) മേഖലയുടെ വിപണിമൂല്യത്തിലുണ്ടായത് 50 മടങ്ങിലധികം വര്‍ധനയാണ്. 2025ലെ കണക്കനുസരിച്ച് 91 ലക്ഷം കോടി രൂപയാണ് ബിഎഫ്എസ്ഐ മേഖലയുടെ വിപണിമൂല്യം. അതേസമയം ഈ മേഖലയില്‍ വെല്ലുവിളികളുമുണ്ട്. ഇതില്‍ പ്രധാനം വായ്പ നല്‍കുന്നതിലെ റിസ്ക് തന്നെയാണ്. ഇതുവരെ ധനകാര്യസേവനം എത്തിപ്പെടാത്ത വിഭാഗങ്ങളിലേക്ക് വായ്പ നല്കുമ്പോള് അതില്‍ ഒരു റിസ്ക് എപ്പോഴും നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക അനിശ്ചിതാവസ്ഥകളും ഇതിന് ആക്കം കൂട്ടുന്നു. നിയന്ത്രണ സംവിധാനങ്ങളിലെ മാറ്റങ്ങളും നിയമങ്ങളുമെല്ലാമാണ് മറ്റൊരു വെല്ലുവിളി. ബാഹ്യഫണ്ടിംഗിനെ ആശ്രയിക്കുന്നതും എന്‍ബിഎഫ്സി മേഖലയിലെ പ്രശ്നങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. വായ്പാ നിരക്കിലെ വ്യതിയാനങ്ങള്‍, പണപ്പെരുപ്പ സമ്മര്‍ദം മറ്റ് അനിശ്ചിതാവസ്ഥകള്‍ തുടങ്ങിയവയും മേഖലയെ ബാധിക്കുന്നു.
അതേസമയം ഇത്തരം വെല്ലുവിളികളെ എല്ലാം അതിജീവിച്ച് മുന്നേറാന്‍ കൃത്യമായ സ്ട്രാറ്റജിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് പിന്തുടരുന്നത്. അതില്‍ പ്രധാനം വരുമാസ്രോതസുകള് വൈവിധ്യവല്‍ക്കരിക്കുകയാണ്. 2028 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും സ്വര്‍ണ ഇതര വരുമാനം ഇരട്ടിപ്പിച്ച് 30 ശതമാനത്തിലേക്ക് എത്തിക്കാനാണ് ഞങ്ങളുടെ പദ്ധതി. ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമുകള് പരമാവധി ഉപയോഗപ്പെടുത്തുകയെന്ന സമീപനവും ഞങ്ങള്‍ പിന്തുടരുന്നു. വായ്പാ പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പ്രവര്‍ത്തനകാര്യക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും.
ഇതിനോടൊപ്പം സാന്നിധ്യം വിപുലപ്പെടുത്താനും പദ്ധതികളുണ്ട്. 250 പുതിയ ശാഖകള്‍ തുറക്കുന്നതിന് ഞങ്ങള്‍ക്ക് ആര്‍ബിഐയില്‍ നിന്നും അനുമതി ലഭിച്ചുകഴിഞ്ഞു. മാത്രമല്ല, സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്ന നിയന്ത്രണങ്ങളും നിയമപരമായ മാറ്റങ്ങളും സസൂക്ഷമം നിരീക്ഷിച്ച് അതനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തിയാണ് സുസ്ഥിരമായ വളര്‍ച്ചയെന്ന തലത്തിലേക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നീങ്ങുന്നത്.
ഡിജിറ്റല്‍ ഫിനാന്‍സും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുമെല്ലാം വളര്‍ന്നുവരുന്ന കാലമാണല്ലോ. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഈ ഡിജിറ്റല്‍ പരിവര്‍ത്തനവുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നത്?
ഈ മാറ്റത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന, ടെക്നോളജി അധിഷ്ഠിത സമീപനമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്വീകരിക്കുന്നത്. വിവിധ പ്രക്രിയകള്‍ ഓട്ടോമേറ്റ് ചെയ്ത് മനുഷ്യഇടപെടലുകള്‍ പരമാവധി കുറച്ച് കാര്യക്ഷമത കൂട്ടുന്ന നയമാണ് ഞങ്ങളുടേത്. പരമ്പരാഗത അണ്ടര്‍റൈറ്റിംഗ് പ്രക്രിയയ്ക്കപ്പുറം ഡിജിറ്റല്‍ ഡാറ്റ ഉപയോഗപ്പെടുത്തിയാണ് വായ്പാ യോഗ്യത നിശ്ചയിക്കുന്നതും ലോണുകള്‍ നല്കുന്നതുമെല്ലാം. തടസമില്ലാത്ത പേപ്പര്‍രഹിത ഇടപാടുകള്‍ സാധ്യമാക്കുന്നതാണ് ഞങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം. ഇത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചെറുകിട ബിസിനസുകാര്‍ക്ക് ക്യൂആര്‍ കോഡ് അധിഷ്ഠിത വായ്പയും ഞങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഡെയ്ലി കളക്ഷനുകള്‍ക്ക് ക്യൂആര്‍ കോഡിനെ ആശ്രയിക്കുന്നവര്‍ക്കാണ് ഇത് നല്‍കുന്നത്. 5,00,000 രൂപ വരെയുള്ള വായ്പകള്‍ അവര്‍ക്ക് ഡിജിറ്റല്‍ ട്രാന്സാക്ഷന് ഹിസ്റ്ററി വിലയിരുത്തി നല്കപ്പെടുന്നു. വായ്പാ വിതരണ പ്രക്രിയ ലളിതവല്ക്കരിക്കാനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രോല്‍സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇന്നവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും മറ്റുമായി രാജ്യത്തെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ വിവിധ തലങ്ങളില്‍ ഞങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു. പ്രോപ്പര്‍ട്ടി ലോണ്‍, ഭവന വായ്പ തുടങ്ങിയ കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങളും ഔപചാരിക വരുമാന തെളിവുകളില്ലാതെ ഞങ്ങള്‍ നല്‍കുന്നുണ്ട്.
ഗ്രാമീണ ഇന്ത്യയിലെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ മുന്നേറ്റത്തെക്കുറിച്ച് എന്താണ് അഭിപ്രായം. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് ഈ രംഗത്ത് എന്തെല്ലാം ചെയ്യാന്‍ സാധിക്കുന്നുണ്ട്?
രാജ്യത്തെ ഗ്രാമീണ മേഖലകളിലെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയ ഇപ്പോഴും വലിയ വെല്ലുവിളി തന്നെയാണ്. ഔപചാരിക വായ്പയും ധനകാര്യസേവനങ്ങളും സാധാരണ വ്യക്തികള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും പല മേഖലകളിലും ഇപ്പോഴും അപ്രാപ്യമാണ്. വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച് രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ 20 ശതമാനത്തിന് മാത്രമേ ഔപചാരിക വായ്പകള്‍ ലഭ്യമാകുന്നുള്ളൂ. ടെക്നോളജിയിലൂടെയും പങ്കാളിത്തങ്ങളിലൂടെയുമെല്ലാം ഈ ക്രെഡിറ്റ് വിടവ് നികത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്.
നേരത്തെ പറഞ്ഞപോലെ ഡിജിറ്റല്‍ ഡാറ്റ ഉപയോഗപ്പെടുത്തിയാണ് ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നത്. വരുമാനത്തിന്റെ ഔചചാരിക തെളിവുകളെ ആശ്രയിക്കുന്ന സമീപനമല്ല ഞങ്ങളുടേത്.

കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് മറ്റൊരു പ്രധാന ചുവടുവെപ്പ്. താഴ്ന്ന, ഇടത്തരം വരുമാനവിഭാഗക്കാരുടെ വിവിധ തലങ്ങളിലുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിനായി 32ഓളം ഉല്‍പ്പന്നങ്ങളാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലഭ്യമാക്കുന്നത്. ഇതില്‍ സുരക്ഷിതമായതും അല്ലാത്തതുമായ വായ്പകളെല്ലാം ഉള്‍പ്പെടും.
ഗ്രാമീണ വികസനത്തിലും ഞങ്ങള്‍ മുഖ്യ പങ്കുവഹിക്കുന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖകളില്‍ 64 ശതമാനവും മെട്രോനഗരങ്ങള്‍ക്ക് പുറത്താണ്. വായ്പാ വിതരണം വളരെ പരിതാപകരമായ സംസ്ഥാനങ്ങളിലാണ് ഞങ്ങള്‍ അടുത്തിടെ ശാഖകള്‍ തുടങ്ങിയത്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണത്.
സമൂഹത്തില്‍ പുറന്തള്ളപ്പെട്ടുപോയവരെ ചേര്‍ത്ത് പിടിക്കുന്ന സമീപനമാണ് ഞങ്ങളുടേത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 30 ശതമാനത്തോളം ഉപഭോക്താക്കളും വനിതകളാണ്. മാത്രമല്ല, ഉപഭോക്താക്കളില്‍ 33 ശതമാനവും പുതുതായി വായ്പ എടുക്കുന്നവരുമാണ്.
വായ്പ ലഭ്യമല്ലാത്ത മേഖലകളില്‍ വായ്പപ ലഭ്യമാക്കുക, കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങള്‍, വനിതകളെയും ആദ്യമായി വായ്പ എടുക്കുന്നവരെയും ശാക്തീകരിക്കുക, തദ്ദേശീയ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുക…ഇങ്ങനെ വിവിധ തലങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയയില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സമാനതകളില്ലാത്ത പങ്കുവഹിക്കുന്നുണ്ട്.
റെസ്പോണ്സിബിള് ലെന്‍ഡിംഗ് അഥവാ ഉത്തരവാദിത്ത വായ്പ എന്ന ആശയത്തെ, സ്വര്‍ണപണയ വായ്പാ രംഗത്തെ ഒരു പ്രമുഖ കമ്പനിയെന്ന നിലയില്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ലോണ്‍ റ്റു വാല്യു റേഷ്യേവിലാണ് ഞങ്ങളുടെ പ്രവര്‍ത്തനം. സുരക്ഷിതമായ വായ്പാ രീതികളാണ് അവലംബിക്കുന്നത്. അമിത വായ്പ നല്കുന്ന രീതിയില്ല. വളരെ ഫ്ളെക്സിബിളായ തിരിച്ചടവ് രീതികളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. തിരിച്ചടവില്‍ വീഴ്ച്ച വരാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു. ഡോക്യുമന്റേഷന്‍ വളരെ കുറച്ചുള്ള വായ്പാ പ്രക്രിയയാണ് ഉപഭോക്താക്കളുടെ സൗകര്യമനുസരിച്ച് ഞങ്ങള്‍
നടപ്പാക്കുന്നത്. മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് യഥാസമയത്ത് ആവശ്യങ്ങള്‍ നടക്കുന്നതിനുവേണ്ടി തല്‍സമയമായി തന്നെ വായ്പ ലഭ്യമാക്കുകയും ചെയ്യുന്നു.
സ്വര്‍ണ വായ്പാ സേവനം വീട്ടുപടിക്കല്‍ എത്തിക്കുന്നു എന്നതും ഞങ്ങളുടെ പ്രത്യേകതയാണ്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമാണിത്. ലോണ്‍ മാനേജര്‍മാര്‍ ജിപിഎസ് ട്രാക്കിംഗുള്ള സെയ്ഫുകളിലാണ് സ്വര്‍ണം കാരി ചെയ്ത് ശാഖകളിലെത്തിക്കുന്നതും സ്റ്റോര്‍ ചെയ്യുന്നതും. വളരെ സുരക്ഷിതമാര്‍ന്ന സ്റ്റോറേജ് സ്പേസിലാണ് സ്വര്‍ണം സൂക്ഷിക്കുക. മോഷണം, മറ്റ് രീതിയിലുള്ള നഷ്ടങ്ങള്‍, ഡാമേജ് തുടങ്ങിയ കാര്യങ്ങള്‍ക്കെതിരെ സ്വര്‍ണത്തിന് പരിരക്ഷയുമുണ്ട്.
സ്വര്‍ണത്തിന്റെ ഗുണനിലവാരം അളക്കുന്നതിലും മൂല്യം നിശ്ചയിക്കുന്നതിലും വളരെ സുതാര്യമായ രീതികളാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്വീകരിക്കുന്നത്. മികച്ച വായ്പാ തുക ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു എന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. ഇത്തരം നടപടികളിലൂടെ തീര്‍ത്തും ഉത്തരവാദിത്ത പൂര്‍ണമായ വായ്പാ ശൈലിയാണ് ഞങ്ങള്‍ സ്വീകരിച്ചുപോരുന്നത്.
അടുത്ത 10 വര്‍ഷത്തേക്കുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്?
ഉപഭോക്തൃ കേന്ദ്രീകൃതവും, ഇന്നവേഷനില്‍ അധിഷ്ഠിതവുമായ വൈവിധ്യവല്ക്കരിക്കപ്പട്ടെ ഒരു ദേശീയ ധനകാര്യസേവന കമ്പനിയായി മാറുക എന്നതാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ വിഷന്‍. അടുത്ത 10 വര്‍ഷത്തേക്ക് പദ്ധതിയിടുന്ന ചില ലക്ഷ്യങ്ങള്‍ ഇവയാണ്…
വൈവിധ്യവല്‍ക്കരണവും വളര്‍ച്ചയും: ഗോള്‍ഡ് ലോണിന് അപ്പുറത്തേക്ക് ഉല്‍പ്പന്ന നിര വൈവിധ്യവല്‍ക്കരിക്കും. സ്വര്‍ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നത് പ്രധാന ലക്ഷ്യമാകും.
ഡിജിറ്റല്‍ പരിവര്‍ത്തനം: ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പ്രവര്‍ത്തന കാര്യക്ഷമത ശക്തിപ്പെടുത്താനും ബിസിനസ് വളര്‍ച്ച ത്വരിതപ്പെടുത്താനുമെല്ലാം ടെക്നോളജിയെ പരമാവധി ഉപയോഗപ്പെടുത്തുന്ന സമീപനമാകും കമ്പനിയുടേത്.
വിപുലീകരണം: ധനകാര്യസേവനം എത്തിപ്പെടാത്ത മേഖലകളില്‍ പുതിയ ശാഖകള്‍ തുടങ്ങും. 2-6 നിര നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. പുതിയ ഉപഭോകതൃ അടിത്തറ സൃഷ്ടിക്കും.
റിസ്ക് മാനേജ്മെന്റ് ആന്‍ഡ് ഗവേണന്‍സ്: റിസ്ക് മാനേജ്മെന്റ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വായ്പാ അസസ്മെന്റ് മികവുറ്റതാക്കുകയും പുതിയ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യും.
ഇതിനോടൊപ്പം സാമൂഹ്യപ്രതിബദ്ധതയാര്ന്നതും സുസ്ഥിര വികസനത്തിന് അനുയോജ്യവുമായ നയങ്ങളാകും ഞങ്ങള്‍ നടപ്പാക്കുക.

പ്രധാന ലക്ഷ്യങ്ങള്‍
മേഖല വളരുന്നതിനേക്കാളും വേഗത്തിലുള്ള വളര്‍ച്ച സാധ്യമാക്കുകയെന്നത് പ്രധാന ലക്ഷ്യമാണ്. മാത്രമല്ല മേഖലയിലെ വിപണിവിഹിതത്തില്‍ കാര്യമായ വര്‍ധനയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ ഇന്നവേഷനിലൂടെയും കൂടുതല്‍ വ്യക്തിഗതമായ സേവനങ്ങളിലൂടെ ഉപഭോക്താക്കളെ കൂടുതല്‍ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകും. രാജ്യത്തെ ധനകാര്യസേവനമേഖലയില്‍ ഏറ്റവും വിശ്വാസ്യതയാര്‍ന്നതും ബഹുമാന്യവുമായ ബ്രാന്‍ഡായി നിലനില്ക്കുകയെന്നതാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പ്രധാന ലക്ഷ്യം.
സ്വര്‍ണവായ്പയ്ക്ക് പുറമേ ഏതെല്ലാം മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്?
വളരെ സജീവമായി തന്നെ വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ഒരു ഉപഭോക്താവിന്റെ ലൈഫ്സൈക്കിളില് ആവശ്യമായി വരുന്ന വായ്പകള്‍ എല്ലാം നല്‍കാനാണ് പദ്ധതി. ഹൗസിംഗ് ഫിനാന്‍സിലെ ആവശ്യകത കണക്കിലെടുത്ത് ഭവനവായ്പകള്‍ ഇതിനോടകം തന്നെ ഞങ്ങള്‍ ലോഞ്ച് ചെയ്തു. ഡിജിറ്റല്‍ വായ്പ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട് ഞങ്ങള്‍. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ എന്ന പ്ലാറ്റ്ഫോമിലൂടെയാണ് എംഎസ്എംഇകള്‍ക്ക് വായ്പകള്‍ നല്‍കുന്നത്. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ക്രെഡിറ്റ് വൈസ് കാപ്പിറ്റലുമായി ചേര്‍ന്ന് കോലെന്‍ഡിംഗ് പ്രവര്‍ത്തനങ്ങളിലും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഏര്‍പ്പെട്ടിട്ടുണ്ട്.
താഴ്ന്ന, ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര ധനകാര്യ സേവന ദാതാവായി മാറുന്ന പ്രക്രിയയിലാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ഔചചാരിക വായ്പാ സംവിധാനത്തിന്റെ ഭാഗമല്ലാത്ത 120-150 മില്യണ്‍ കുടുംബങ്ങളിലേക്ക് സേവനമെത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രധാന അജണ്ടയായി ഇഎസ്ജി (എന്വിയോണ്മെന്റ്, സോഷ്യല്‍, ഗവേണന്‍സ്) രീതികള്‍ മാറിക്കഴിഞ്ഞു. എങ്ങനെയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഈ ആശയത്തെ സ്വീകരിക്കുന്നത്?
ഇഎസ്ജി സമീപനങ്ങള്‍ നടപ്പാക്കുന്ന വിവിധ കാര്യങ്ങള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയ്യുന്നുണ്ട്. അതില്‍ പ്രധാനമാണ് പാരിസ്ഥിതിക സുസ്ഥിരത. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന പ്രകൃതി സൗഹൃദ ശൈലികള്‍ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
ധനകാര്യസേവനങ്ങള്‍ എത്തിപ്പെടാത്ത വിഭാഗങ്ങളിലേക്ക് സേവനമെത്തിച്ച് അവരുടെ സാമ്പത്തിക ശാക്തീകരണം സാധ്യമാക്കുന്ന സാമൂഹ്യ ഉത്തരവാദിത്തവും ഞങ്ങള്‍ നിറവേറ്റുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും ഭരണനിര്‍വഹണത്തിലും സുതാര്യതയും അക്കൗണ്ടബിലിറ്റിയും ധാര്‍മിക രീതികളും സ്വാംശീകരിച്ചുള്ള ശൈലികളാണ് സ്വീകരിച്ചുപോരുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ഡിജിറ്റല്‍ സംരംഭങ്ങള്‍ പ്രകൃതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്കും സൗകര്യപ്രദമാകുന്നു. പരമാവധി പേപ്പര്‍രഹിതമായി കാര്യങ്ങള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ലിംഗസമത്വം പ്രോല്‍സാഹിപ്പിക്കുന്നതിന് തൊഴില്‍ ശക്തിയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതാണ് ഞങ്ങളുടെ എച്ച്ആര്‍ സമീപനം. തദ്ദേശീയ സമ്പദ് വ്യവസ്ഥകളെ പ്രോല്‍സാഹിപ്പിക്കാനുള്ള കമ്യൂണിറ്റി ഡെവലപ്മെന്റ് പദ്ധതികളും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നടപ്പാക്കുന്നുണ്ട്.
യുവതലമുറയ്ക്ക് സംരംഭകത്വത്തില്‍ താല്പ്പര്യമേറി വരുന്ന കാലം കൂടിയാണല്ലോ ഇത്. അവര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്?
ഒരു ബിസിനസ് കെട്ടിപ്പടുക്കുമ്പോള്‍, ഹ്രസ്വകാല നേട്ടങ്ങളേക്കാള്‍ ദീര്‍ഘകാല സഹിഷ്ണുതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മാരത്തണ്‍ മാനസികാവസ്ഥ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വെല്ലുവിളികളെ അതിജീവിക്കുന്നതും നിലനില്‍ക്കുന്ന മൂല്യം നല്‍കുന്നതുമായ സുസ്ഥിര സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സമീപനം സംരംഭകരെ പ്രാപ്തരാക്കുന്നു
ബിസിനസ് ലാഭത്തേക്കാള്‍ ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാകും ഒരു മികച്ച ബിസിനസ് എപ്പോഴും പ്രാധാന്യം നല്‍കുക. അതിനാല്‍ അവരുടെ ആവശ്യകതകള്‍ മനസിലാക്കുന്നതും അതനുസരിച്ചുള്ള പരിഹാരങ്ങള്‍ നല്‍കുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് ചെയ്യുന്നതിലൂടെ സംരംഭകര്‍ക്ക് വിശ്വാസ്യത, ലോയല്‍റ്റി തുടങ്ങിയ കാര്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം വലിയ മൂല്യം സൃഷ്ടിക്കുകയും ചെയ്യാം. വിശ്വാസ്യത വളര്‍ത്തിയെടുക്കുന്നതിലൂടെ ഉപഭോക്താക്കളുമായുള്ള നിങ്ങളുടെ സ്ഥാപനത്തിന്റെ ബന്ധം കൂടുതല്‍ ഊഷ്മളമാകും. ലോയല്‍റ്റി വളര്‍ത്തുന്നതിലൂടെ റിപ്പീറ്റഡ് കസ്റ്റമേഴ്സിനെ ലഭിക്കും. പരസ്യങ്ങള്‍ക്കപ്പുറം ഉപഭോക്താക്കളുടെ വാക്കുകളിലൂടെ ബിസിനസ് വളരും. മൂല്യം സൃഷ്ടിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യതകള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാന്‍ സാധിക്കും. അതിനാല്‍ എനിക്ക് പ്രധാനമായും പറയാനുള്ളത് മൂന്ന് കാര്യങ്ങളാണ്…

1. ഉപഭോക്താക്കളുടെ ആവശ്യകതയില്‍ ഫോക്കസ് നല്‍കുക. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും അതിനെ അഭിമുഖീകരിക്കുകയും ചെയ്യുക.
2. ദീര്‍ഘകാല വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കുക. സുസ്ഥിരമായ ബിസിനസ് മോഡല്‍ വികസിപ്പിക്കുക.
3. വിജയം അളക്കുക. ഉപഭോക്തൃ സംതൃപ്തിയും അവരുടെ ലോയല്റ്റിയും കൃത്യമായി മനസിലാക്കുക.
ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും മാരത്തണ്‍ മനോഗതിയും സ്വാംശീകരിക്കുന്നതിലൂടെ സംരംഭകര്‍ക്ക് എന്നെന്നും നിലനില്‍ക്കുന്ന ബിസിനസുകള്‍ കെട്ടിപ്പടുക്കാവുന്നതാണ്.




