കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ അണ്‍കിള്‍ സാമിന് ഇനി വിശ്രമിക്കാം. പുതിയ ലോകശക്തിയാകാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് ചൈന. കടക്കെണി നയതന്ത്രം മുതല്‍ ഹരിതോര്‍ജം വരെയുള്ള സാമ്പത്തിക, രാഷ്ട്രീയ പദ്ധതികള്‍ ചൈനയ്ക്ക് അതിനുള്ള ഉപകരണങ്ങളാണ്. താരിഫ് യുദ്ധവും കടുത്ത സംരക്ഷണവാദനയങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. മറ്റ് ഏകാധിപത്യ രാജ്യങ്ങള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമൊരുക്കുകയെന്നതാണോ ട്രംപിന്റെ ‘മെയ്ക്ക് അമേരിക്ക.ഗ്രെയ്റ്റ് എഗെയ്ന്’ ബഹളത്തിന്റെ ഗൂഢലക്ഷ്യം എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ കൂടെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ചുവന്ന വ്യാളിയായ ചൈന ഗ്രീന്‍ സൂപ്പര്‍ പവറാകാനുള്ള യാത്രയിലെ സുപ്രധാനനാഴികക്കല്ല് താണ്ടിയിരിക്കുന്നു.

ചൈനയുടെ നവയുഗ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡിന്റെ തുടര്‍ച്ചയായി കണക്കാക്കാം ഇതിനെയെങ്കിലും പച്ച പുതച്ചാണ് വരവ്. അതിനാല്‍ തന്നെ ഭൂമിയെ സംരക്ഷിക്കുന്ന ഹരിത പദ്ധതിയെന്ന ആവരണം ചൈനീസ് യുവാന്‍ ചുറ്റുമുണ്ട്. സോളാറും വിന്‍ഡ് ടര്‍ബൈനും ഉള്‍പ്പടെ സംശുദ്ധ ഊര്‍ജം പ്രോല്‍സാഹിപ്പിക്കാനെന്ന പേരില്‍ മറ്റ് രാജ്യങ്ങളില്‍ ചൈന നടത്തിയ ഹരിത നിക്ഷേപം 220 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ‘ചൈന ലോ കാര്‍ബണ്‍ ടെക്നോളജി എഫ്ഡിഐ ഡാറ്റ ബേസി’ലാണ് ശ്രദ്ധേയമായ കണ്ടെത്തലുകളുള്ളത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഗ്ലോബല്‍ ഡെവലപ്മെന്റ് പോളിസി സെന്ററും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയും നിയന്ത്രിക്കുന്ന നെറ്റ് സീറോ ഇന്‍ഡസ്ട്രിയല്‍ പോളിസി ലാബ് പുറത്തിറക്കിയ ഡാറ്റബേസ് പ്രോഫിറ്റ് ന്യൂസ് വിലയിതുത്തിയത് അനുസരിച്ച് ചൈനയുടെ ഗ്രീന്‍ നിക്ഷേപത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ മാനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഹരിതോര്ജവുമായി ബന്ധപ്പെട്ട ഉല്‍പ്പാദന പദ്ധതികളിലാണ് ചൈനീസ് കമ്പനികളുടെ നിക്ഷേപം എന്നത് ശ്രദ്ധേയമാണ്. 227 ബില്യണ്‍ ഡോളറിന്റെയും 250 ബില്യണ്‍ ഡോളറിന്റെയും ഇടയിലാണ് ചൈന നടത്തിയ നിക്ഷേപമെന്ന് കണക്കുകള്‍ പറയുന്നു. 2024ല്‍ മാത്രം 165 പദ്ധതികളിലാണ് കമ്യൂണിസ്റ്റ് രാജ്യം നിക്ഷേപം നടത്തിയത്. കോവിഡിന് മുമ്പ് സോളാറിലായിരുന്നു ചൈനയുടെ കൂടുതല്‍ നിക്ഷേപമെങ്കിലും കോവിഡിന് ശേഷം ബാറ്ററി മെറ്റീരിയല്‍സ്, ബാറ്ററി പ്ലാന്റുകള്‍, ഇവി മാനുഫാക്ച്ചറിംഗ്, ചാര്‍ജിംഗ് എക്യുപ്മെന്റ്, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ മേഖലകളിലേക്ക് കമ്യൂണിസ്റ്റ് രാജ്യം നിക്ഷേപം വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്.
ആസിയാന്‍ മേഖല, യുറോപ്പ്, ലാറ്റിന്‍ അമേരിക്ക, മധ്യേഷ്യ തുടങ്ങിയ മേഖലകളെ നോട്ടമിട്ടാണ് ചൈനയുടെ പദ്ധതികള്‍. ഇന്തോനേഷ്യയിലെ നിക്കല്‍ സമ്പന്നമായ ബാറ്ററി മെറ്റീരിയല്‍ പദ്ധതികള്‍, മൊറോക്കയിലെ ഗ്രീന്‍ ഹൈഡ്രജന്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഹംഗറി, സ്പെയിന്, ബ്രസീല്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളെല്ലാം ചൈനയുടെ നിക്ഷേപ റഡാറിലുണ്ട്. ചൈനയുടെ നിക്ഷേപങ്ങള്‍ പ്രധാനമായും മൂന്ന് തരത്തിലുള്ളതാണെന്നാണ് വിലയിരുത്തേണ്ടത്. ആദ്യത്തേത് മറ്റ് രാജ്യങ്ങളിലെ വിപണികളിലേക്കുള്ള പ്രവേശനം ലാക്കാക്കിയാണ്. മൂന്നാം ലോകരാജ്യങ്ങളില്‍ സാന്നിധ്യം ശക്തമാക്കുക ലക്ഷ്യമിട്ടാണ് അടുത്തത്. അസംസ്കൃത വസ്തുക്കളില്‍ കണ്ണുവെച്ചുള്ള തന്ത്രമാണ് മൂന്നാമത്തേത്.

വളര്‍ന്നുവരുന്ന വിപണികളിലാണ് ചൈനയുടെ ഹരിത നിക്ഷേപത്തിന്റെ 75 ശതമാനവും എന്നത് ശ്രദ്ധേയമാണ്. കടക്കെണി നയന്ത്രത്തിന് കുപ്രസിദ്ധമായ ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയുടെ തുടര്‍ച്ചയായി ഇതിനെക്കാണുന്നവരുമുണ്ട്. മൊത്തം 54 രാജ്യങ്ങളിലായി 461 പദ്ധതികളാണ് ഡാറ്റബെയയ്സ് വിലയിരുത്തിയിരിക്കുന്നത്.
ചൈനയുടെ ഓഫ്ഷോര്‍ ബാറ്ററി മെറ്റീരിയല്‍സ് സ്ട്രാറ്റജിയുടെ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് ഇന്തോനേഷ്യ. വളരെ ആസൂത്രിതമായ ഹരിത നിക്ഷേപ തന്ത്രമാണ് ചൈന നടപ്പിലാക്കുന്നത്. അതിന് പിന്നില്‍ രാഷ്ട്രീയ മാനങ്ങളുണ്ടെന്നത് പലരെയും ഭയപ്പെടുത്തുന്നുമുണ്ട്. ജി7 രാജ്യങ്ങള്‍ എല്ലാംകൂടി ചേര്‍ന്ന് നടത്തിയ നികഷേപത്തേക്കാള് കൂടുതലാണ് ചൈനയിലെ വ്യവസായ ഭീമന്മാരായ സിഎടിഎല്‍, ബിവൈഡി, ലോംഗി തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയത്. 9000 കോടിക്ക് മുകളിലുള്ള, ചുരുങ്ങിയത് 60 പദ്ധതികളെങ്കിലുമുണ്ട് ചൈനയുടെ ഗ്രീന്‍ സ്ട്രാറ്റജിയിലെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈന നടപ്പാക്കുന്ന ഹരിത പദ്ധതികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്തോനേഷ്യയാണ് മുന്നില്‍. 71 ഹരിത പദ്ധതികളാണ് ഇന്തോനേഷ്യയില്‍ ഇവര്‍ നടപ്പാക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്നാമില്‍ 47 പദ്ധതികളും മൂന്നാം സ്ഥാനത്തുള്ള മലേഷ്യയില്‍ 39 പദ്ധതികളും അമേരിക്കയില്‍ 35 പദ്ധതികളും ഇവര്‍ നടപ്പാക്കുന്നു.
ഇന്ത്യയുടെ അവസ്ഥ
ഇന്ത്യയുമായുള്ള ബന്ധം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വഷളാക്കിയതോടെ ചൈനയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാല്‍ ഇതുവരെ സ്വീകരിച്ച ചൈനീസ് വിരുദ്ധ നിലപാടിനാലാകം ചൈനയുടെ പത്ത് ഹരിത പദ്ധതികള്‍ മാത്രമാണ് ഇന്ത്യയില്‍ നടപ്പാക്കുന്നത്.
നിക്ഷേപത്തിന്റെ കാര്യത്തിലും ഇന്തോനേഷ്യ തന്നെയാണ് മുന്നില്‍. ഏറ്റവും കൂടുതല്‍ ചൈനീസ് നിക്ഷേപം ഹരിത പദ്ധതികള്‍ക്കായി എത്തുന്നത് ഇന്തോനേഷ്യയിലാണ്. 67,872 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഹരിത പദ്ധതികളുടെ പേരില്‍ ഇന്തോനേഷ്യയിലേക്ക് എത്തുന്നത്. മൊറോക്കയിലേക്ക് 18,762 മില്യണ്‍ ഡോളര്‍ നിക്ഷേപവും ഹംഗറിയിലേക്ക് 17,235 മില്യണ്‍ ഡോളര്‍ നിക്ഷേപവും എത്തുന്നു. നാലാം സ്ഥാനത്ത് അമേരിക്ക ആണെന്നതും ശ്രദ്ധേയമാണ്. 14752 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്കയിലേക്ക് എത്തുന്നത്.

പ്രോഫിറ്റ് ന്യൂസ് നടത്തിയ വിശകലനം അനുസരിച്ച് ഹരിത മേഖലകളുമായി ബന്ധപ്പെട്ട് ചൈനീസ് നിക്ഷേപമെത്തുന്ന ടോപ് 15 രാജ്യങ്ങളില്‍ ഇന്ത്യ ഇല്ല. അതിനര്‍ത്ഥം ഇതുമായി ബന്ധപ്പെട്ട് ശക്തമായ നിയന്ത്രണങ്ങള്‍ ഇന്ത്യ ഏര്‍പ്പെടുത്തിയുണ്ട് എന്നുതന്നെയാണ്. രാജ്യം സംശുദ്ധ ഊര്‍ജത്തിലേക്ക് മാറുന്നത് പരമാവധി ചൈനയെ മാറ്റി നിര്‍ത്തിയാണ് എന്നതാണ് ശ്രദ്ധേയം. അതിര്‍ത്തിയിലെ പ്രശ്നങ്ങളും പാക്കിസ്ഥാന് നല്കുന്ന പിന്തുണയുമെല്ലാം മുന്‍നിര്‍ത്തി, നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന ചൈനീസ് നയത്തിന്റെ ഫലമാണിതെന്ന് വിലയിരുത്താം. എന്നാല്‍ അമേരിക്കയുടെ അസ്ഥിര നയങ്ങള്‍ തുടര്‍ന്നാല്‍ അപകടകരമല്ലാത്ത മേഖലകളില്‍ ചൈനീസ് നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്ന നയത്തിലേക്ക് ഇന്ത്യ കടക്കുമോ എന്നത് കാത്തിരുന്നത് കാണാം.
എന്തുകൊണ്ട് ഭയക്കണം?
ഒറ്റ ബുദ്ധിയിലധിഷ്ഠിതമായ, ഏകാധിപത്യ പ്രത്യയശാസ്ത്രങ്ങള്‍ സാമ്പത്തിക അധിനിവേശത്തിന്റെ രൂപത്തില്‍ ലോകത്തെ വിഴുങ്ങാന്‍ പദ്ധതിയൊരുക്കുമ്പോള്‍ അതിനെതിരെ കരുതിയിരിക്കേണ്ടതുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്തം കൂടിയാണിത്. അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ ഉള്വലിയുമ്പോള് ഇതിനെ പ്രതിരോധിക്കേണ്ടത് കൂടുതല്‍ സങ്കീര്ണമാകുമെങ്കിലും സാധ്യതകള്‍ അടഞ്ഞിട്ടൊന്നുമില്ല. ‘കടക്കെണി നയതന്ത്ര’ത്തിലൂടെ ചെറുരാജ്യങ്ങളെ വിഴുങ്ങി കോളനിവല്‍ക്കരണത്തിന് പുതുഭാഷ്യം രചിക്കുകയെന്നതാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ രാഷ്ട്രീയ ലക്ഷ്യം.
ആധുനിക ലോകത്ത്, സംരക്ഷണവാദത്തിന്റെ ഏറ്റവും വലിയ പ്രയോക്താവും ഗുണഭോക്താവുമാണ് ചൈന. സ്വതന്ത്ര വ്യാപാരത്തിന്റെ മുഖംമൂടിയണിഞ്ഞ് മറ്റ് രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങളിലൂടെയും അടിസ്ഥാനസൗകര്യ നിക്ഷേപത്തിലൂടെയുമെല്ലാം അധിനിവേശം നടത്താനുള്ള ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. തങ്ങളുടെ രാഷ്ട്രീയ, സൈനിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ദീര്‍ഘകാല അജണ്ടയാണ് ബെല്‍റ്റ് റോഡ് പദ്ധതിയിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. അതിന്റെ തുടര്‍ച്ച തന്നെയാണ് വമ്പന്‍ ഹരിത നിക്ഷേപ പദ്ധതികളും.




