ബജറ്റ് ദിന വിപണി നിക്ഷേപകരോട് അല്‍പ്പം പോലും കരുണ കാട്ടിയില്ല. ബിഎസ്ഇ സെന്‍സെക്സ് 1,545 പോയന്റും നിഫ്റ്റി 50 സൂചിക 494 പോയന്റുമാണ് ഇടിഞ്ഞത്. എന്നാല്‍ രാവിലെ അതായിരുന്നില്ല സ്ഥിതി. വ്യാപാരം ആരംഭിച്ചത് മുതല്‍ വിപണി മുകളിലേക്കായിരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന് 11 മണിക്ക് ബജറ്റ് പ്രസംഗം ആരംഭിച്ചതോടെ വിപണി കൂടുതല്‍ ആവേശത്തിലായി. സൂചികകള്‍ സര്‍വകാല ഉയരത്തിനടുത്തെത്തി. മാസങ്ങളായി ചുവപ്പില്‍ കിടന്ന പോര്‍ട്ട്ഫോളിയോകള്‍ പലതും പച്ചയിലേക്കെത്തി.
എന്നാല്‍ 12.15 ഓടെ ബജറ്റിലെ 141 ാം പാരഗ്രാഫ് ധനമന്ത്രി വായിച്ചതോടെ വിപണിയുടെ ഭാവം മാറി. സെന്‍സെക്സ് 2,825 പോയന്റാണ് വീണത്. പിന്നീട് 1,300 പോയന്റ് തിരികെ പിടിച്ചെങ്കിലും ഒരു കാര്യം വ്യക്തമായിരുന്നു. ഫ്യൂച്ചര്‍ ട്രേഡിന് മേലുള്ള എസ്ടിടി 0.02% ല്‍ നിന്ന് 0.05% ലേക്ക് ഉയര്‍ത്തി. ഓപ്ഷന്‍സ് പ്രീമിയത്തിന് മേലുള്ള എസ്ടിടി 0.02% ല്‍ നിന്ന് 0.15 ശതമാനത്തിലേക്കും എക്സ്പയറി ദിനത്തിലുള്ള ഓപ്ഷന്‍സ് എക്സര്‍സൈസിനു മേലുള്ള എസ്ടിടി നിരക്ക് 0.125 ശതമാനത്തില്‍ നിന്നും 0.15 ശതമാനമായും വര്‍ധിപ്പിച്ചു. ധനമന്ത്രിയുടെ പ്രസ്താവന വിപണിക്ക് ഒട്ടും ദഹിച്ചില്ല. ബജറ്റ് ദിവസം കനത്ത ഇടിവാണുണ്ടായതെങ്കിലും തൊട്ടടുത്ത ദിവസം സെന്‍സെക്സ് 943 പോയന്റ് മുന്നേറ്റം കാഴ്ചവെച്ചു.
പിന്നീട് മാധ്യമങ്ങളോട് ധനമന്ത്രി ഈ തീരുമാനം വിശദീകരിച്ചു. എസ്ടിടി നികുതി വര്‍ധന ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് (എഫ് & ഒ) ഇടപാടുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നും എല്ലാ സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡുകള്ക്കും ബാധകമല്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഡെറിവേറ്റീവ്സ് ട്രേഡിംഗില്‍ തങ്ങളുടെ മക്കള്‍ക്ക് പണം നഷ്ടപ്പെടുന്നെന്ന് ആശങ്കയുള്ള മാതാപിതാക്കളില്‍ നിന്ന് സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. എസ്ടിടിയിലെ വര്‍ദ്ധനവ് ഊഹക്കച്ചവടത്തില്‍ അമിതമായി പങ്കെടുത്ത് പണം നഷ്ടപ്പെടുത്തുന്നതില്‍ നിന്ന് ചില്ലറ നിക്ഷേപകരെ നിരുത്സാഹപ്പെടുത്താനുള്ള ബോധപൂര്‍വവും നയപരവുമായ നടപടിയാണെന്നും ധനമന്ത്രി പറഞ്ഞു.
നേട്ടം ആര്‍ക്ക്?
ഫ്യൂച്ചര്‍, ഓപ്ഷന് ട്രേഡിംഗിനെ സംബന്ധിച്ച് ധനമന്ത്രി ഉയര്‍ത്തിയ ആശങ്കകള്‍ക്ക് കണക്കുകളുടെ പിന്തുണയുണ്ട്. ഡെറിവേറ്റീവുകളില്‍, പ്രത്യേകിച്ച് ഓപ്ഷനുകളില്‍ റീട്ടെയ്ലര്മാരുടെ പങ്കാളിത്തം സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ ട്രേഡിംഗില്‍ ഏര്‍പ്പെടുന്ന 93% ആളുകള്‍ക്കും നഷ്ടം നേരിടുന്നുണ്ടെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഡാറ്റ പറയുന്നു. 2022 നും 2024 നും ഇടയില്‍ 1.8 ലക്ഷം കോടി രൂപയാണ് റീട്ടെയ്ലര്മാര്ക്ക് ഡെറിവേറ്റീവ് ട്രേഡിംഗില്‍ നഷ്ടപ്പെട്ടത്. ശരാശരി 1.1 ലക്ഷം രൂപയാണ് ഓരോ ട്രേഡര്‍ക്കും നഷ്ടപ്പെട്ടത്.
ഫ്യൂച്ചറുകളും ഓപ്ഷനുകളും ഡെറിവേറ്റീവ് വിഭാഗത്തിലാണ് പെടുന്നത്. അവയുടെ മൂല്യം ഒരു സ്റ്റോക്ക് അല്ലെങ്കില്‍ സൂചിക പോലുള്ള ഒരു അടിസ്ഥാന ആസ്തിയില്‍ നിന്ന് ഡിറൈവ് ചെയ്തത് അഥവാ ഉരുത്തിരിഞ്ഞതാണ്. ആസ്തി അപ്പാടെ വാങ്ങാതെ ഒരു കുറഞ്ഞ പ്രീമിയത്തില്‍ ലോട്ടുകളായി കോണ്ട്രാക്റ്റുകള് വാങ്ങാനാണ് ട്രേഡര്‍മാര്‍ക്ക് അവസരം. ഭാവിയിലെ ഒരു തിയതിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിലയ്ക്ക് ഒരു ആസ്തി വാങ്ങാനോ വില്‍ക്കാനോ ഉള്ള ഒരു കരാറാണ് ഫ്യൂച്ചേഴ്സ് കരാര്‍. ഓപ്ഷന് കരാര്‍ വാങ്ങുന്നയാള്‍ക്ക് ഒരു നിശ്ചിത വിലയ്ക്ക് ഒരു ആസ്തി വാങ്ങാനോ വില്‍ക്കാനോ അവകാശം നല്കുന്നു. നഷ്ടം വന്നാല്‍ ഈ തുക അപ്പാടെ നഷ്ടമാവാനുള്ള സാധ്യതയുണ്ട്. ആവര്‍ത്തിച്ചുള്ള നഷ്ടങ്ങള്‍ അതിവേഗം മൂലധനത്തെ ഇല്ലാതാക്കും.
റീട്ടെയ്ലര്മാര്ക്ക് പ്രതികൂലം
റീട്ടെയില്‍ നിക്ഷേപകരില്‍ ഓപ്ഷന്‍സ് വാങ്ങുന്നവരാണ് ബഹുഭൂരിപക്ഷവും. അതേസമയം വലിയ സ്ഥാപനങ്ങളും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളും ഓപ്ഷന് വില്‍പ്പനക്കാരാണ്. ഓപ്ഷനുകളുടെ മൂല്യം എക്സ്പയറി ഡേറ്റ് അടുക്കുന്തോറും കുറഞ്ഞുവരും. റീട്ടെയ്ലര്മാര്ക്ക് പ്രതികൂലവും വന്‍കിട ഓപ്ഷന് സെല്ലര്‍മാര്‍ക്ക് അനുകൂലവുമാണ് ഇതിന്റെ ഘടന. എന്നിരുന്നാലും സിംഹത്തിന്റെ വായില്‍ നിന്ന് ഇറച്ചിക്കഷണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കാക്കയെപ്പോലെ റീട്ടെയ്ലര്മാര് ഓപ്ഷനുകളില്‍ നിന്ന് ലാഭമെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇടക്ക് ഒക്കെ ലഭിക്കുന്ന വിജയങ്ങള്‍ അവര്‍ക്ക് പ്രതീക്ഷ പകരും. അപ്പോള്‍ അമിത ആത്മവിശ്വാസം കാട്ടി കൂടുതല്‍ ട്രേഡുകള്‍ നടത്തും. വന്‍ നഷ്ടങ്ങളിലേക്ക് പോകുന്നത് ഇങ്ങനെയാണ്. ചൂതാട്ടം പോലെ അടിമയാക്കുന്ന ഒരു ലഹരി ഓഹരി വിപണിയിലെ ട്രേഡിംഗിനുമുണ്ട്.
റീട്ടെയ്ലര്‍മാരെ സംരക്ഷിക്കണം
എസ്ടിടി വര്‍ദ്ധിപ്പിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യം നല്ലതാണെങ്കിലും റീട്ടെയ്ലര്‍മാരെ സംരക്ഷിക്കാന്‍ ഇത് മതിയാവില്ല. നികുതിയിലെ വര്‍ധനവ് തീര്‍ച്ചയായും ലാഭത്തെ ബാധിക്കും. എന്നാല്‍ ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടാനുള്ള മാനസികാവസ്ഥയെ ഇത് ഒരുതരത്തിലും ബാധിക്കില്ല.
ഡെറിവേറ്റീവുകള്‍ ഓഹരി വിപണികളുടെ പ്രധാന പ്രവര്‍ത്തനത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമല്ല. എഫ് & ഒ ട്രേഡിംഗ് പൂര്‍ണ്ണമായും നിരോധിക്കുക എന്നതാണ് ഫലപ്രദമായ പരിഹാരം. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. വിപണിയില്‍ നിന്നുള്ള ശക്തമായ പ്രതിരോധമുണ്ടാകും. പണം കളയുന്ന റീട്ടെയ്ലര്മാര് തന്നെ ആദ്യം ഇത്തരമൊരു നീക്കത്തെ എതിര്‍ക്കും. സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും വിപണിയില്‍ താല്‍പ്പര്യം കുറയുന്നത് വലിയ ഇടിവിലേക്കും നയിക്കാം.
കൂടുതല്‍ സന്തുലിതമായ ഒരു ബദല്‍, സൂചികകളുമായി ബന്ധപ്പെട്ട ഇന്‍ഡക്സ് ഡെറിവേറ്റീവ് കരാറുകളുടെ ആഴ്ചതോറുമുള്ള എക്സ്പയറി നിര്‍ത്തി പകരം പ്രതിമാസ എക്സ്പയറികള്‍ കൊണ്ടുവരിക എന്നതാണ്. ഇപ്പോഴത്തെ വീക്ക്ലി ഓപ്ഷനുകള്‍ വാസ്തവത്തില്‍ വലിയതോതില്‍ ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. ഇത് ചൂതാട്ട ശൈലിയിലുള്ള വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നു. മുന്‍പ്, പ്രതിമാസ എക്സ്പയറി കരാറുകള്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ വ്യാപാരികള്‍ ദീര്‍ഘകാല വീക്ഷണത്തോടെ നിലപാടുകള്‍ സ്വീകരിച്ചു. ആഴ്ച തോറുമുള്ള എക്സ്പയറികള്‍ അസ്ഥിരതയും ക്രമക്കേടുകളും കണ്‍കെട്ടുകളും വര്‍ദ്ധിപ്പിക്കുകയും റീട്ടെയ്ലര്മാരുടെ പണം വന്‍കിടക്കാരുടെ പോക്കറ്റിലേക്കെത്തിക്കുകയും ചെയ്യുന്നുണ്ട്.
ഇതോടൊപ്പം ആല്‍ഗോ ട്രേഡര്‍മാരുടെയും വമ്പന്‍ ട്രേഡിംഗ് സ്ഥാപനങ്ങളുടെയും ഇടപെടലുകള്‍ സുതാര്യമാക്കുകയും ട്രേഡിനെ മാനിപ്പുലേറ്റ് ചെയ്യാനുള്ള അവസരം കുറയ്ക്കുകയും ചെയ്യേണ്ടതുണ്ട്. മതിയായ അറിവും, റിസ്ക് എടുക്കാനുള്ള കഴിവും, സാമ്പത്തിക ശേഷിയുമുള്ള നിക്ഷേപകര്‍ മാത്രമേ ഫ്യൂച്ചര്‍, ഓപ്ഷന് ട്രേഡിംഗ് ചെയ്യുന്നുള്ളൂ എന്ന് നിയന്ത്രണ സംവിധാനങ്ങളും സര്‍ക്കാരും ഉറപ്പാക്കുകയും വേണം.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




