ചിപ്പുകളുടെ എണ്ണ നോക്കി വിദേശനിര്‍മ്മിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. അമേരിക്കയിലേക്ക് നിര്‍മ്മാണം പറിച്ചുനടാന്‍ കമ്പനികളില്‍ സമ്മര്ദ്ദമുണ്ടാക്കുകയെന്ന തന്ത്രമാണ് ട്രംപ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഉല്പ്പന്നത്തിലെ ചിപ്പുകളുടെ അളവിന്റെ ഏകദേശ മൂല്യത്തിന് തുല്യമായ ശതമാനം താരിഫ് ഏര്‍പ്പെടുത്താനാണ് അമേരിക്കയിലെ വാണിജ്യ വകുപ്പ് ആലോചിക്കുന്നതെന്ന് സംഭവത്തെ കുറിച്ച് അറിവുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇതില്‍ ഒരുപക്ഷേ മാറ്റമുണ്ടാകാമെന്നും അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വാര്‍ത്ത സംബന്ധിച്ച് വാണിജ്യ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ദേശീയസുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും വളരെ ആവശ്യമായ ഒന്ന് എന്ന നിലയ്ക്ക് സെമി കണ്ടക്ടര്‍ ഉല്‍പ്പന്നങ്ങളില്‍ വിദേശ ഇറക്കമതി അമേരിക്കയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് വൈറ്റ്ഹൗസ് വക്താവ് കുശ് ദേശായി പ്രതികരിച്ചു. താരിഫ്, നികുതിയിളവ്, നിയന്ത്രണങ്ങളില്‍ അയവ് വരുത്തല്‍, ഈര്ജ്ജലഭ്യത തുടങ്ങി പലതലത്തിലുള്ള സമീപമങ്ങളിലൂടെ ട്രംപ് ഭരണകൂടം നിര്‍ണ്ണായക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം അമേരിക്കയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിലക്കയറ്റം കൂടും
പദ്ധതി നടപ്പിലായാല്‍ വിലക്കയറ്റത്തിന് കാരണമാകുന്ന ടൂത്ത്ബ്രഷ് മുതല്‍ ലാപ്ടോപ്പ് വരെയുള്ള ഉപഭോക്്തൃ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുന്ന സ്ഥിതി വരുമെന്നാണ് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വിന്റെ ലക്ഷ്യം മറികടക്കുകയും കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രംപിന്റെ പദ്ധതി ഉപഭോക്്തൃ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിലേക്ക് നയിക്കുമെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധയായ മിഷേല്‍ സ്ട്രെയിന്‍ അഭിപ്രായപ്പെടുന്നു. അസംസ്കൃത വസ്തുക്കള്‍ക്കുള്ള താരിഫ് ഉയര്‍ത്തിയതുകൊണ്ട് പ്രാദേശികമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് പോലും വില കൂടുമെന്ന് സ്ട്രെിയിന് കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ നിര്‍മ്മാണ മേഖലയെ തട്ടിയുണര്‍ത്തി സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ട്രംപ് താരിഫ് ആയുധമാക്കുകയാണ്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞിടെ ട്രംപ് താരിഫ് കുത്തനെ ഉയര്‍ത്തിയിരുന്നു. വ്യാഴാഴ്ച ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. താരിഫ് ഏര്‍പ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഏപ്രിലില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും സെമികണ്ടക്ടറുകളുടെയും ഇറക്കുമതി സംബന്ധിച്ച് ട്രംപ് ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിദേശ നിര്‍മ്മിത ഉല്‍പ്പന്നങ്ങളിലുള്ള അമിതമായ ആശ്രിതത്വം ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ചിപ്പുകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ബാധകമാകുമോ എന്ന ചോദ്യം നിലനിന്നിരുന്നു.
സെമിക്കണ്ടക്ടറുകളുടെ ഇറക്കുമതിക്ക് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ആഗസ്റ്റില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിര്‍മ്മാണം നടത്തുന്ന കമ്പനികള്‍ക്ക് ഇതില്‍ ഇളവുണ്ടാകുമെന്നും പ്രഖ്യാപിച്ചു. തായ് വാന്‍ സെമിക്കണ്ടക്ടര്‍ മാനുഫാക്ചറിംഗ്, ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്ങുമാണ് അമേരിക്കയ്ക്ക് പുറത്തുള്ള വലിയ ചിപ്പ് നിര്‍മ്മാതാക്കള്‍.
ചിപ്പുമായി ബന്ധപ്പെട്ട വസ്തുക്കളുള്ള ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്ന കാര്യം അമേരിക്കന്‍ വാണിജ്യ മന്ത്രാലയം ആലോചിക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജപ്പാനില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം താരിഫുമാണ് അമേരിക്ക ആലോചിക്കുന്നത്. അതേസമയം ചിപ്പ് നിര്‍മ്മിക്കുന്ന ഉപകരണങ്ങളെ താരിഫില്‍ നിന്നും ഒഴിവാക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം വെച്ചതായും ഇത് അമേരിക്കയില്‍ ചിപ്പ് നിര്‍മ്മിക്കാനുള്ള ചിലവ് കുറയ്ക്കുമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.