പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഗോള താരിഫുകളെ അസാധുവാക്കിയ യുഎസ് സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ട്രംപ്. വിധി അമേരിക്കയ്ക്ക് ട്രില്യണ്‍ കണക്കിന് ഡോളറുകളുടെ നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞ ട്രംപ് വിദേശരാജ്യങ്ങള്‍ക്കും ദശാബ്ദങ്ങളായി അമേരിക്കയെ വലിച്ചുകീറുന്ന കമ്പനികള്‍ക്കും ഗുണം ചെയ്യുന്ന വിധിയാണിതെന്നും ആരോപിച്ചു. മറ്റൊരു രീതിയില്‍ താരിഫുകള്‍ ചുമത്താന്‍ തനിക്ക് അധികാരമുണ്ടെന്നും അതിന് തയ്യാറെടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ നിരവധി പോസ്റ്റുകളിലൂടെയാണ് ട്രംപ് സുപ്രീംകോടതി വിധിയിലെ അമര്‍ഷം രേഖപ്പെടുത്തിയത്.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് സുപ്രീംകോടതി വില നല്‍കുന്നില്ല. താരിഫ് സംബന്ധിച്ച തീരുമാനം തനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. താന്‍ എവിടെയായിരുന്നു നിന്നിരുന്നതെന്ന് കോടതിക്ക് അറിയാം, എത്രത്തോളം നമ്മുടെ രാജ്യത്തിന്റെ ജയം ആഗ്രഹിച്ചിരുന്നുവെന്നും, അതിനെ അനുകൂലിക്കുന്നതിന് പകരം ദശാബ്ദങ്ങളായി അമേരിക്കയുടെ നേട്ടം പറ്റിയിരുന്ന രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും ട്രില്യണ്‍ കണക്കിന് ഡോളര്‍ ലഭിക്കാനുള്ള അവസരമൊരുക്കുകയാണ് കോടതി ചെയ്തതെന്ന് ട്രംപ് കുറ്റപ്പെടുത്തി. നമ്മുടെ സുപ്രീംകോടതി ഈ രാജ്യങ്ങളെ വളരെ സന്തോഷപ്പെടുത്തി, പക്ഷേ മറ്റൊരുരീതിയില്‍ താരിഫ് ചുമത്താനുള്ള മുഴുവന്‍ അവകാശവും എനിക്കുണ്ട്, അതിനുള്ള പണികള്‍ തുടങ്ങിക്കഴിഞ്ഞെന്നും ട്രംപ് വ്യക്തമാക്കി.
പോസ്റ്റുകളില്‍ കോടതിയുടെ പ്രവര്‍ത്തനരീതിയെ ട്രംപ് വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഡെമോക്രാറ്റികള്‍ നിയമിച്ച ജഡ്ജിമാര്‍ ഒറ്റക്കെട്ടായി വോട്ട് ചെയ്യുമ്പോള്‍ റിപ്പബ്ലിക്കന്മാര് അങ്ങനെ ചെയ്യുന്നില്ല. അവര്‍ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് അവരെ നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രസിഡന്റിനോട് പരസ്യമായി ബഹുമാനക്കുറവ് കാണിക്കുന്നു. അവരുടേതായ വഴിയിലൂടെ സഞ്ചരിച്ച്, തെറ്റായ വിധിപ്രസ്താവങ്ങള്‍ പുറപ്പെടുവിക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വിന്റെ ചെയര്മാന് ജെറോം പവലിനെയും ട്രംപ് വിമര്‍ശിക്കുന്നുണ്ട്. വാഷിംഗ്ടണ്‍ ഡിസിയിലെ ഫെഡറല്‍ റിസര്‍വ്വ് പുനരുദ്ധാരണ പദ്ധതി ജെറോം പവല്‍ അട്ടിമറിച്ചെന്നും ലോകം മുഴുവന്‍ അത് കണ്ടത് നാണക്കേടായെന്നും ട്രംപ് വിമര്‍ശിച്ചു. പദ്ധതി ബജറ്റും കവിഞ്ഞ് ശതകോടി ഡോളറുകളിലെത്തിയെന്നും ട്രംപ് ആരോപിച്ചു.




