മാന്യതയുള്ളതിനാല്‍ ആ ദ്വീപ് ഇല്ലാതാക്കിയില്ല: ട്രംപ്
യുദ്ധത്തില്‍ പൂര്‍ണമായി പരാജയപ്പെട്ട ഇറാന് ഒരു ഉടമ്പടിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇത്തരമൊരു ഡീല്‍ താന്‍ അംഗീകരിക്കില്ലെന്നും ട്രംപ്, സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ എഴുതി. മധ്യേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോംബാക്രമണമാണ് ഇറാന്റെ 90% എണ്ണ കയറ്റുമതി നിര്‍വഹിക്കുന്ന ഖര്‍ഗ് ദ്വീപില്‍ നടത്തിയതെന്നും മാന്യതയുള്ളതുകൊണ്ടാണ് ദ്വീപ് പൂര്‍ണമായും ഇല്ലാതാക്കാഞ്ഞതെന്നും ട്രംപ് പറഞ്ഞു. ഇറാന് യുദ്ധം കൂടുതല്‍ നീണ്ടതും രൂക്ഷവുമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. ജപ്പാനിലെ ഒകിനാവ സൈനിക താവളത്തിലുണ്ടായിരുന്ന 2500 യുഎസ് മറീനുകളെ മിഡില്‍ ഈസ്റ്റിലേക്ക് നിയോഗിച്ചു. കരയുദ്ദത്തിലും പരിശീലനം നേടിയവരാണ് ഇവര്‍.
ഒരു ഡീലിനുമില്ലെന്ന് ഖമനേയി
അതേസമനം ഒരു നീക്കുപോക്കിനും തയാറല്ലെന്ന് ഇറാന് പരമോന്നത നേതാവ് മൊജ്തബ ഖമനേയി പ്രതികരിച്ചു. ഇറാന്റെ എണ്ണയടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അമേരിക്കയുമായി സഹകരിക്കുന്ന ഗള്‍ഫ് മേഖലയിലെ എണ്ണക്കമ്പനികളിലെല്ലാം ബോംബ് വീഴുമെന്ന് ഇറാന് സൈനിക വക്താവ് ഭീഷണി മുഴക്കി. യുഎഇയിലെ ഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രിയല്‍ സോണില്‍ ഇറാന് ഡ്രോണുകള്‍ ആക്രമണം നടത്തി. ഇവിടെ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
ഇന്ത്യക്ക് ആശ്വാസം: എല്‍പിജിയുമായി 2 കപ്പലുകള്‍ എത്തുന്നു
അതേസമയം ഇന്ത്യക്ക് യുദ്ധമുഖത്തു നിന്ന് ആശ്വാസ വാര്‍ത്ത. ഇന്ത്യന്‍ കപ്പലുകളായ ശിവാലിക്, നന്ദാദേവി എന്നിവ ഹോര്‍മുസ് കടന്ന് ഇന്ത്യയിലേക്ക് യാത്ര തുടങ്ങി. കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ സംരക്ഷണം ഒരുക്കിയിട്ടുണ്ട്. 46,000 മെട്രിക് ടണ്ണിലേറെ എല്‍പിജിയാണ് നന്ദാദേവിയിലുള്ളത്. 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി ശിവാലിക്കിലുമുണ്ട്. കപ്പലുകള്‍ എത്തുന്നതോടെ രാജ്യത്തെ എല്‍പിജി ക്ഷാമത്തിന് അല്‍പ്പം ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
സ്വര്‍ണവും രൂപയും താഴേക്ക്; ക്രൂഡ് 103 ഡോളര്‍ കടന്നു
യുദ്ധം കനക്കുന്നതിനൊപ്പം സ്വര്‍ണവിലയും ഇടിയുകയാണ്. കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 95 രൂപ ഇടിഞ്ഞ് 14,635 രൂപയായി. പവന് 760 രൂപ കുറഞ്ഞ് 1,17,080 രൂപയിലുമെത്തി. തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 1 ശതമാനത്തിലേറെ ഇടിഞ്ഞ് ഔണ്‍സിന് 5022 എന്ന നിലയിലാണ് സ്വര്‍ണവില. ബ്രെന്റ് ക്രൂഡ് വില 3 ശതമാനത്തോളം ഉയര്‍ന്ന് 103 ഡോളറിലാണ് ഇപ്പോള്‍ ട്രേഡ് ചെയ്യുന്നത്. ഡോളറിനെതിരെ രൂപ 92.60 എന്ന നിലയിലേക്ക് ഇടിഞ്ഞ് പുതിയ റെക്കോഡിട്ടു. പിന്നീട് 92.54 ലേക്ക് മൂല്യം മെച്ചപ്പെട്ടു.
റീട്ടെയ്ലര്മാരുടെ ഏറ്റവും മികച്ച സ്ട്രാറ്റജി ‘ക്ഷമ’: സെബി ചെയര്മാന്
ഓഹരി വിപണിയിലെ താല്‍ക്കാലിക ചലനങ്ങളോട് പ്രതികരിക്കരുതെന്നും ദീര്‍ഘകാല കാഴ്ചപ്പാടോടെ നിക്ഷേപം തുടരണമെന്നും ചെറുകിട നിക്ഷേപകരെ ഉപദേശിച്ച് സെബി ചെയര്മാന് തുഹിന്‍ കാന്ത പാണ്ഡെ. ക്ഷമയാണ് റീട്ടെയ്ല്‍ നിക്ഷേപകരുടെ ഏറ്റവും മികച്ച സ്ട്രാറ്റജിയെന്നും അദ്ദേഹം പറഞ്ഞു. ഇറാന് യുദ്ധത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും വലിയ വിറ്റഴിക്കല്‍ സമ്മര്‍ദ്ദം ദൃശ്യമായ സാഹചര്യത്തിലാണ് പാണ്ഡെയുടെ പ്രതികരണം. ഇന്ത്യന്‍ ഓഹരി വിപണി കരുത്തോടെ വളരുകയാണെന്നും കൂടുതല്‍ പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്നും സെബി മേധാവി പറഞ്ഞു.




