ക്രൂഡ് വില ഉയര്‍ന്നു നിന്നാല്‍ വിപണി ഇടിയുമെന്ന് എംകേ ഗ്ലോബല്‍
അടുത്ത മൂന്ന് നാല് മാസം കൂടി ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണി സൂചികയായ നിഫ്റ്റി 21,000 ലേക്ക് ഇടിയാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബല്‍. വിപണിയിലെ ഈ ഇടിവ് അവസരമായി കണ്ട് താഴ്ന്ന നിലയില്‍ മികച്ച ഓഹരികൡ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണമെന്നും ബ്രോക്കറേജ് പറഞ്ഞു. അതേസമയം ഓഹരി വിപണിയില്‍ ഇന്നും ആശ്വാസ മുന്നേറ്റം ദൃശ്യമായി. സെന്‍സെക്സ് 568 പോയന്റ് ഉയര്‍ന്ന് 76,701 ലും നിഫ്റ്റി 172 പോയന്റ് മുന്നേറി 25,581 ലും വ്യാപാരം അവസാനിപ്പിച്ചു. അസ്ഥിരതയുടെ സൂചികയായ ഇന്ത്യ വിക്സ് 20% ന് താഴെയെത്തി.
സ്വര്‍ണവില മുകളിലേക്ക്
സ്വര്‍ണവിലയില്‍ ട്രെന്‍ഡ് റിവേഴ്സല്‍. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4984 ഡോളറിലേക്ക് ഇടിഞ്ഞ സ്വര്‍ണവില 5030 ഡോളറിലേക്ക് തിരിച്ചുകയറി കരുത്തു കാട്ടുകയാണ്. കേരളത്തിലും സ്വര്‍ണത്തിന് വിലവര്‍ധനയുണ്ട്. ഗ്രാമിന് 110 രൂപ ഉയര്‍ന്ന് വില 14,540 രൂപയിലെത്തി. പവന് 880 രൂപ വര്‍ധിച്ച് 1,16,320 രൂപയായി. ഇറാന് യുദ്ധം നീളുമെന്ന സൂചനകളാണ് സ്വര്‍ണവില ഉയര്‍ത്തുന്നത്.
ലക്ഷ്യ ഐപിഒയ്ക്ക് സെബി അനുമതി
ഓഹരി വിപണിയിലേക്ക് ഒരു മലയാളി കമ്പനി കൂടി. കേരളത്തിലെ പ്രമുഖ കൊമേഴ്സ് കോച്ചിംഗ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയാണ് ഐപിഒയുമായി എത്തുന്നത്. 246 കോടി രൂപയുടെ ഐപിഒയ്ക്ക് ലക്ഷ്യയുടെ മാതൃകമ്പനി ലേണ്‍ഫ്ളുവന്‍സ് എഡ്യൂക്കേഷന്‍ ലിമിറ്റഡിന് സെബി അനുമതി നല്കി. കമ്പനിയുടെ ഭൂരിപക്ഷ ഓഹരിയുടമയായ ഓര്‍വെല്‍ ലയണല്‍ ഒഎഫ്എസിലൂടെ തന്റെ കൈവശമുള്ള 40 ലക്ഷം ഓഹരികളും വില്‍ക്കും. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐപിഒ തുക ഉപയോഗിക്കുകയെന്ന് ലക്ഷ്യ പറയുന്നു.
അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേല്‍
ഇറാന് യുദ്ധം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന് സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സിലെ ബാസിജ് സേനയുടെ തലവനായ ഗൊലാം റേസ സൊലൈമാനിയും ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ഇറാന് ഭരണകൂടം ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
യുഎസില്‍ നിന്ന് കുക്കിംഗ് ഗ്യാസ്
എല്‍പിജി ക്ഷാമം പരിഹരിക്കാന്‍ യുഎസില്‍ നിന്ന് ഇന്ത്യ കുക്കിംഗ് ഗ്യാസ് ഇറക്കുമതി ആരംഭിച്ചു. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കൂടുതല്‍ വിപണികളില്‍ നിന്ന് എല്‍പിജിയും ക്രൂഡ് ഓയിലും ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വാങ്ങുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു. പൂഴ്ത്തിവെച്ച 15,000 ല്‍ ഏറെ എല്‍പിജി സിലിണ്ടറുകള്‍ പിടിച്ചെടുത്തെന്നും സുജാത ശര്‍മ അറിയിച്ചു.
ഹോര്‍മുസില്‍ ഇന്ത്യയുടെ 3 ലക്ഷം മെട്രിക് ടണ്‍ എല്‍പിജി
അതേസമയം ഇന്ത്യയിലേക്കുള്ള 3 ലക്ഷം മെട്രിക് ടണ്‍ എല്‍പിജിയാണ് ഹോര്‍മുസ് കടലിടുക്കില്‍ തടയപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര തുറമുഖ മന്ത്രാലയം അറിയിച്ചു. ആറ് എല്‍പിജി കപ്പലുകളടക്കം 22 ഇന്ത്യന്‍ കപ്പലുകലാണ് ഹോര്മുസിലുള്ളത്. ഒരു എല്‍എന്‍ജി ടാങ്കറും ക്രൂഡ് ഓയില്‍ നിറച്ച നാല് കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്.




