ട്രംപിന്റെ ഹോര്‍മുസ് തന്ത്രത്തിന് തിരിച്ചടി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വിവിധ രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തന്ത്രം പാളി. ഹോര്‍മുസിലേക്ക് കപ്പലുകള്‍ അയക്കില്ലെന്ന് ജപ്പാനും ഓസ്ട്രേലിയയും വ്യക്തമാക്കി. ജര്‍മനിയും ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാവില്ലെന്ന് പ്രതികരിച്ചു. യുകെ, ദക്ഷിണ കൊറിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചൈനയോടും ട്രംപ് സഹകരണം തേടിയിട്ടുണ്ട്. തന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ചില്ലെങ്കില്‍ നാറ്റോ സഖ്യത്തിന് അത് നന്നാവില്ലെന്ന് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കുന്നത് സംബന്ധിച്ച് യുഎസുമായി ഒരുവിധത്തിലുള്ള ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇന്ത്യയും അറിയിച്ചു.
എല്‍പിജിയുമായി ശിവാലിക് മുന്ദ്രയില്‍
ഹോര്‍മുസില്‍ കുടുങ്ങിയിരിക്കുന്ന എല്ലാ ഇന്ത്യന്‍ കപ്പലുകളും ഒരുമിച്ചു കടത്തിവിടണമെന്ന് ഇറാനോട് ആവശ്യപ്പെടില്ലെന്നും ഓരോ കപ്പലുകളുടെയും സാഹചര്യം വിലയിരുത്തി ഓരോന്നിനായി ക്ലിയറന്‍സ് നേടുമെന്നും ഇന്ത്യ. ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാന് ഭരണകൂടവുമായി നിരന്തരം ചര്‍ച്ച നടത്തി വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എല്‍പിജി ടാങ്കറുകള്‍ക്കാണ് ഇപ്പോള്‍ തുറമുഖങ്ങളില്‍ മുന്‍ഗണന നല്കി വരുന്നതെന്ന് തുറമുഖ മന്ത്രാലയം സ്പെഷല്‍ സെക്രട്ടറി രാജേഷ് സിന്‍ഹ പറഞ്ഞു. ഇതിനിടെ 46,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഹോര്‍മുസ് കടന്ന കപ്പലായ ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തി.
ഐപിഒ മരവിപ്പിച്ച് ഫോണ്‍പേ
ഐപിഒ പദ്ധതികള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ച് ഫോണ്‍പേ. ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ കടുത്ത അസ്ഥിരത നിലനില്‍ക്കുന്നത് കണക്കിലെടുത്താണ് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള പേമെന്റ് പ്ലാറ്റ്ഫോം, ഐപിഒ വീണ്ടും മാറ്റിവെച്ചത്. വിപണി സ്ഥിരത കൈവരിച്ചാല്‍ ഐപിഒ നടപടിക്രമങ്ങള്‍ വീണ്ടും ആരംഭിക്കുമെന്ന് ഫോണ്‍പേ സിഇഒ സമീര്‍ നിഗം അറിയിച്ചു. ഇന്ത്യയില്‍ യുപിഐ പേമെന്റുകളില്‍ 48% വിഹിതവുമായി ഒന്നാമതാണ് ഫോണ്‍പേ.
വിപണിയില്‍ ആശ്വാസക്കുതിപ്പ്
ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്ചയും കനത്ത ചാഞ്ചാട്ടം ദൃശ്യമായി. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ താഴേക്ക് വീണ വിപണി ഉച്ചക്ക് ശേഷം തിരിച്ചു കയറി. സെന്‍സെക്സ് 938 പോയന്റ് ഉയര്‍ന്ന് 75,502 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 257 പോയന്റ് വീണ്ടെടുത്ത് 23,408 ല്‍ എത്തി. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, അള്‍ട്രാ ടെക് സിമന്റ്, എറ്റേണല്‍ തുടങ്ങിയ ഓഹരികളില്‍ വാങ്ങല്‍ താല്‍പ്പര്യം ദൃശ്യമായിരുന്നു.
വ്യാപാര കമ്മി കുറഞ്ഞു
ഫെബ്രുവരിയില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 27.1 ബില്യണ്‍ ഡോളറിലേക്ക് കുറഞ്ഞു. ജനുവരിയില്‍ 34.68 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി. ഇറക്കുമതിയിലെ കുറവാണ് വ്യാപാര കമ്മി കുറയാന്‍ കാരണം. എന്നിരുന്നാലും ഊര്‍ജം, സ്വര്‍ണം, ഇലക്ട്രോണിക്സ് മേഖലകളില്‍ ഇറക്കുമതി ചെലവ് ഫെബ്രുവരിയില്‍ വര്‍ധിച്ചു. ഫെബ്രുവരിയില്‍ ഇന്ത്യ 36.61 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും 63.71 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയുമാണ് നടത്തിയത്.




