എച്ച്ഡിഎഫ്സിക്ക് ആര്‍ബിഐ പിന്തുണ
താല്‍ക്കാലിക ചെയര്മാന് അതാനു ചക്രബര്‍ത്തിയുടെ രാജിക്ക് പിന്നാലെ സമ്മര്‍ദ്ദത്തിലായ എച്ച്ഡിഎഫ്സി ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണ. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുമായി ബന്ധപ്പെട്ട് ഭരണപരമോ അച്ചടക്കവുമായി ബന്ധപ്പെട്ടതോ ആയ ആശങ്കകളൊന്നുമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. ശക്തമായ സാമ്പത്തിക സ്ഥിതിയും പ്രൊഫഷണല്‍ സ്വഭാവമുള്ള ബോര്‍ഡും മല്‍സരക്ഷമതയുള്ള മാനേജ്മെന്റുമാണ് ബാങ്കിനുള്ളതെന്നും ആര്‍ബിഐ പ്രതികരിച്ചു. രണ്ടു വര്‍ഷമായി ബാങ്കില്‍ നടക്കുന്ന കാര്യങ്ങള്‍ തന്റെ വ്യക്തിപരമായ മൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും നിരക്കുന്നതല്ലെന്ന ആരോപണമുന്നയിച്ചാണ് ചക്രബര്‍ത്തി രാജി വെച്ചിരുന്നത്.
വിപണിയില്‍ വീണ് എച്ച്ഡിഎഫ്സി
പാര്‍ട്ട് ടൈം ചെയര്‍മാന്റെ ആരോപണങ്ങളും പൊടുന്നനെയുള്ള രാജിയും എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയായി. വ്യാഴാഴ്ച ഇന്‍ട്രാഡേ ട്രേഡിനിടെ 8% വരെ വീണ ഓഹരി ഒരു വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയായ 772 വരെയെത്തി. പിന്നീട് നില അല്പം മെച്ചപ്പെടുത്തി 800 രൂപക്ക് തൊട്ടുതാഴെ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിന്റെ വിപണി മൂല്യത്തില്‍ 1 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.
കൈപൊള്ളി നിക്ഷേപകര്‍
എച്ച്ഡിഎഫ്സിയുടെ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയെയാകെ പിടിച്ചു കുലുക്കുന്നതാണ്. ബാങ്ക് നിഫ്റ്റിയിലെ ഏറ്റവും സ്വാധീനമുള്ള ഈ ഓഹരിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും മറ്റും വലിയ നിക്ഷേപമാണുള്ളത്. എച്ച്ഡിഎഫ്സിയുടെ ഓഹരി മൂല്യത്തിലെ ഇടിവ് നിക്ഷേപകര്‍ക്കും ഫണ്ട് ഹൗസുകള്‍ക്കും കനത്ത ആഘാതമായി. എച്ച്ഡിഎഫ്സിയുടെ 4.77% ഓഹരികള്‍ കൈവശമുള്ള എല്‍ഐസിക്ക് 4,510 കോടി രൂപ നഷ്ടമാണ് സംഭവിച്ചത്. വിവിധ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 25,200 കോടി രൂപ നഷ്ടമായി. 9.41% ഓഹരികളുള്ള റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് സംയുക്തമായി നഷ്ടമായത് 8,900 കോടി രൂപയാണ്. എന്നാല്‍ ഏറ്റവുമധികം നഷ്ടമുണ്ടായത് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്കാണ്. എച്ച്ഡിഎഫ്സിയില് 47.7% ഓഹരികളുള്ള എഫ്ഐഐകള്‍ക്ക് 45,000 കോടി രൂപ നഷ്ടമായി. പ്രമുഖ എഫ്ഐഐകളായ സിംഗപ്പൂര്‍ സര്‍ക്കാരിന് 2150 കോടി രൂപയും വാന്ഗാര്ഡിന് 1176 കോടി രൂപയും നഷ്ടപ്പെട്ടു.
വിപണിയില്‍ ചോരപ്പുഴ
ഇറാന് യുദ്ധം ഊര്‍ജ കേന്ദ്രങ്ങളിലും തീ പടര്‍ത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയിലും ചോരപ്പുഴയൊഴുകി. സെന്‍സെക്സ് 2500 പോയന്റ് ഇടിഞ്ഞ് 74,207 പോയന്റിലെത്തി. നിഫ്റ്റി 775 പോയന്റ് ഇടിഞ്ഞ് 23,002 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ക്രൂഡ് ഓയില്‍ വില ബാരലിന് 116 ഡോളര്‍ കടന്ന് കുതിച്ചതും ആഗോള വിപണികളിലെ ഇടിവും യുഎസ് ഫെഡ് പണപ്പെരുപ്പ ആശങ്കകള്‍ പ്രകടിപ്പിച്ചതും എച്ച്ഡിഎഫ്സിയിലെ തകര്‍ച്ചയും ഇന്ത്യന്‍ വിപണിയുടെ ഇടിവിന് കാരണമായി. എഫ്ഐഐകളുടെ വിറ്റൊഴിയലും ഇടിവിന് ആക്കം കൂട്ടി.
എഐ ഡ്രോണുകള്‍ക്കായി ഇന്ത്യ-ഇസ്രയേല്‍ കൂട്ടുകെട്ട്
ഡ്രോണുകള്‍ നിര്‍മിക്കാന്‍ കൂട്ടുകെട്ടുണ്ടാക്കി ഇസ്രയേല്‍-ഇന്ത്യന്‍ കമ്പനികള്‍ തമ്മില്‍ കരാര്‍. ഇസ്രയേല്‍ ആസ്ഥാനമായ റോബോട്ടിക്സ് എഐ കമ്പനിയായ എക്സ്റ്റെന്ഡും ഇന്ത്യന്‍ കമ്പനിയായ റയോണിക്സ് ടെക്കും തമ്മില്‍ 11 മില്യണ്‍ ഡോളറിന്റെ കരാറിലാണ് ഒപ്പിട്ടത്. എഐ സാങ്കേതിക വിദ്യ ഉള്‍ച്ചേര്‍ത്ത ഡ്രോണുകള്‍ ഈ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കും. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ സൈന്യത്തിന് 5000 ആക്രമണ ഡ്രോണുകള്‍ നല്‍കാനുള്ള കരാര്‍ നേടിയ കമ്പനിയാണ് എക്സ്റ്റെന്‍ഡ്.
മോദി മക്രോണ്‍ ചര്‍ച്ച
മിഡില്‍ ഈസ്റ്റിലെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് മേല്‍ നടന്ന ആക്രമണങ്ങള്‍ ഇന്ത്യയെ നേരിട്ട് ബാധിക്കുന്നതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. റാസ് ലഫാനടക്കം പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത് ഇന്ത്യയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രാലയം ജോയന്റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ചര്‍ച്ച നടത്തി. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു. അതേസമയം തങ്ങളുടെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഗള്‍ഫ് മേഖലയിലെ എല്ലാ ഊര്‍ജ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഇറാന് ആവര്‍ത്തിച്ചു.




