കെയ്ന്‍സിന്റെ സെമികണ്ടക്റ്റര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് മോദി
ഗുജറാത്തിലെ സാനന്ദില്‍ കെയ്ന്‍സ് സെമിക്കോണിന്റെ സെമികണ്ടക്റ്റര്‍ നിര്‍മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷന്റെ കീഴില്‍ സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ തദ്ദേശീയ നിര്‍മാണം ശക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് 3,300 കോടി രൂപ ചെലവാക്കി നിര്‍മിച്ച കെയ്ന്‍സിന്റെ പ്ലാന്റ്. സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ അസംബ്ലിംഗ്, പാക്കേജിംഗ്, ടെസ്റ്റിംഗ് എന്നിവയാവും പ്ലാന്റില്‍ നിര്‍വഹിക്കുക. സാനന്ദും സിലിക്കണ്‍വാലിയും തമ്മില്‍ ഒരു വലിയ പാലം ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കെയ്ന്‍സ് പ്ലാന്റിലെ ചിപ്പുകള്‍ക്ക് ഇപ്പോള്‍ത്തന്നെ കയറ്റുമതി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ രണ്ടാമത്തെ സെമികണ്ടക്റ്റര്‍ പ്ലാന്റാണ് കെയ്ന്‍സിന്റേത്. മൈക്രോണ്‍ ടെക്നോളജി നിര്‍മിച്ച ആദ്യ പ്ലാന്റ്, കഴിഞ്ഞമാസം സാനന്ദില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
വില്യം വാല്‍ഷ് ഇന്‍ഡിഗോ സിഇഒ
ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോയെ ഇനി വില്യം വാല്‍ഷ് നയിക്കും. ബ്രിട്ടീഷ് എയര്‍വേസിന്റെ മുന്‍ മേധാവിയായ വാല്‍ഷിനെ സിഇഒയായി നിയമിച്ചെന്ന് ഇന്‍ഡിഗോ അറിയിച്ചു. നിലവില്‍ അയാട്ട മേധാവിയാണ് വില്യം വാല്‍ഷ്. ഐഎജി, എയര്‍ ലിംഗസ്, ഐബീരിയ തുടങ്ങിയ വിമാനക്കമ്പനികളെ നയിച്ച അനുഭവ പരിചയവുമുണ്ട്. ഓപ്പറേഷന് സിന്ദൂര്‍ കാലം മുതല്‍ പ്രതിസന്ധിയിലാണ് ഇന്‍ഡിഗോ. വിമാനങ്ങള്‍ തുടര്‍ച്ചയായി മുടങ്ങിയതും കമ്പനിക്ക് ചീത്തപ്പേരായിരുന്നു.
യുഎഇയില്‍ യുഎസ് നാവികസേനയ്ക്ക് നേരെ ഇറാന് ആക്രമണം
യുഎഇയിലേക്ക് ഇറാന്റെ ശക്തമായ വ്യോമാക്രമണം. അല്‍ മിന്‍ഹാദ് ബേസില്‍ യുഎസ് നാവികസേനയുടെ ഉന്നതതല യോഗം നടക്കുന്ന വേദി ആക്രമിച്ചെന്ന് ഇറാന് പറഞ്ഞു. 200 ല്‍ ഏറെ യുഎസ് നാവിക ഉദ്യോഗസ്ഥര്‍ കമാന്‍ഡ് സെന്ററിലെ ഈ യോഗത്തിലുണ്ടായിരുന്നെന്ന് ഇറാന് അവകാശപ്പെട്ടു. മധ്യ ഇറാനിലെ ഇഷ്ഫഹാനടക്കം സൈനിക കേന്ദ്രങ്ങള്‍ യുഎസും ഇസ്രയേലും ആക്രമിച്ചതിന് പിന്നാലെയാണ് യുഎഇയിലേക്ക് പ്രത്യാക്രമണം ഉണ്ടായത്.
ക്രൂഡ് കുതിക്കുന്നു; സ്വര്‍ണത്തില്‍ ഇടിവ്
ഒന്നു താഴ്ന്ന ശേഷം എണ്ണവില ക്രമാനുഗതമായി വര്‍ധിക്കുകയാണ്. 1.86% ഉയര്‍ന്ന് ബാരലിന് 115 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ അന്താരാഷ്ട്ര എണ്ണവില. അതേസമയം സ്വര്‍ണവില ഇന്ന് കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4500 ഡോളര്‍ വരെ താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 13,630 രൂപയിലെത്തി. പവന് വില 440 രൂപ കുറഞ്ഞ് 1,09,040 രൂപയായി.




