ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് കേന്ദ്രം
രാജ്യത്ത് ഇന്ധനക്ഷാമം മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കാലത്തേതിന് സമാനമായി രാജ്യത്ത് ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ഇന്ധനക്ഷാമവും ലോക്ക്ഡൗണുമുണ്ടാകുമെന്ന് ചില നേതാക്കള്‍ പ്രതികരിച്ചത് അത്ഭുതപ്പെടുത്തിയെന്നും ധനമന്ത്രി പറഞ്ഞു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാക്കാനുള്ള ശ്രമം നിരുത്തരവാദപരമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും പറഞ്ഞു.
പെട്രോള്‍-ഡീസല്‍ എക്സൈസ് തീരുവ കുറച്ചു
ഇന്ധന വിലവര്‍ധന ഉണ്ടായേക്കുമെന്ന ആശങ്കക്കിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ 13 രൂപയില്‍ നിന്ന് 3 രൂപയായി കുറഞ്ഞു. ഡീസലിന്റെ 10 രൂപ എക്സൈസ് തീരുവ പൂര്‍ണമായും ഒഴിവാക്കി. അന്താരാഷ്ട്ര എണ്ണവില വര്‍ധന രാജ്യത്തെ കുടുംബങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. നിലവില്‍ 1 ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള് 24 രൂപയും 1 ലിറ്റര്‍ ഡീസലിന് 30 രൂപയും എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വിപണിയില്‍ നഷ്ടം 9 ലക്ഷം കോടി രൂപ
ഓഹരി വിപണിയില്‍ ഇടിവ് തുടര്‍ക്കഥയാകുന്നു. വെള്ളിയാഴ്ച സെന്‍സെക്സ് 1690 പോയന്റ് ഇടിഞ്ഞ് 73,583 ലെത്തി. നിഫ്റ്റി 487 പോയന്റ് വീണ് 22,819 ല്‍ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച നിക്ഷേപകരുടെ വിപണി മൂലധനത്തില്‍ 9 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ഇന്‍ഡിഗോ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ്, എച്ച്ഡിഎഫ്സി എന്നീ വമ്പന്മാരുടെ വീഴ്ചയാണ് ഇന്ന് വിപണിയെ ഉലച്ചത്.
രൂപയ്ക്ക് മൂല്യച്യുതിയുടെ പുതിയ റെക്കോഡ്
യുദ്ധം തുടരുകയും ഇന്ധന പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെ ഡോളറിനെതിരെ രൂപ കൂടുതല്‍ താഴേക്ക്. 94 എന്ന നിലവാരം ബ്രേക്ക് ചെയ്ത് 94.85 എന്ന പുതിയ റെക്കോഡ് താഴ്ചയിലേക്ക് രൂപയുടെ മൂല്യം വീണു. ഒരു മാസത്തിനിടെ 4% ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്. അതേസമയം ബ്രെന്റ് ക്രൂഡ് വില ബാരലിന് 111 ഡോളറിലേക്ക് കുതിച്ചു.
സ്വര്‍ണം തിളങ്ങി; വെള്ളി മങ്ങി
സ്വര്‍ണവിലയും മുകളിലേക്കാണ്. കേരളത്തില്‍ ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 13,235 രൂപയാണ് വില. പവന് 120 രൂപ വര്‍ധിച്ച് 1,06,120 രൂപയായി. അതേസമയം മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ വെള്ളിവില കിലോയ്ക്ക് 15,000 രൂപ ഇടിഞ്ഞ് 2,45,000 ല്‍ എത്തി.




