സൗദി എണ്ണക്കപ്പല്‍ മുംബൈയില്‍
ഇറാന് യുദ്ധം ആരംഭിച്ചതിനു ശേഷം ഹോര്‍മുസ് കടലിടുക്ക് കടന്ന് ആദ്യമായി ഒരു എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തി. സൗദി അറേബ്യയില്‍ നിന്ന് 1,35,000 മെട്രിക് ടണ്‍ ക്രൂഡുമായാണ് ലൈബീരിയന്‍ കപ്പലായ ഷെന്‍ലോംഗ് മുംബൈ തുറമുഖത്തെത്തിയത്. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനു ശേഷം കപ്പലുകളൊന്നും ഹോര്‍മുസ് കടലിടുക്ക് കടന്നിട്ടില്ല. മാര്‍ച്ച് 3ന് സൗദിയിലെ റാസ് തനുര തുറമുഖത്തു നിന്ന് ക്രൂഡ് ഓയില്‍ നിറച്ച് പുറപ്പെട്ട കപ്പല്‍ മാര്‍ച്ച് 8 നാണ് ഹോര്‍മുസ് കടക്കുന്നത്. ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ തടയില്ലെന്ന് ഇറാന് അറിയിച്ചിരുന്നു. എങ്കിലും 28 ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഓര്‍ഡര്‍ കുറച്ച് സ്വിഗ്ഗിയും സൊമാറ്റോയും
എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിന്നതോടെ രാജ്യത്ത് റെസ്റ്ററന്റുകളും ഹോട്ടലുകലും മറ്റും വ്യാപകമായി പ്രവര്‍ത്തനം നിര്‍ത്തിത്തുടങ്ങി. കാറ്ററിംഗ് സര്‍വീസുകളെയും ക്ലൗഡ് കിച്ചനുകളെയും മുതല്‍ തെരുവോര കച്ചവടക്കാരെ വരെ കൊമേഴ്സ്യല്‍ എല്‍പിജി പ്രതിസന്ധി ബാധിച്ചുതുടങ്ങി. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകള് ഫുഡ് ഓര്‍ഡറുകള്‍ എടുക്കുന്നത്. 60 ശതമാനത്തോളം കുറച്ചു.
ഓട്ടോ ഇന്‍ഡസ്ട്രിയില്‍ ആശങ്ക
എല്‍പിജി, പ്രകൃതി വാതകം, പ്രൊപ്പേന്‍ തുടങ്ങിയ വാതകങ്ങളുടെ സപ്ലൈ അടിയന്തരമായി പരമാവധി ഉറപ്പാക്കണമെന്ന് വാഹന കമ്പനികളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന് (സിയാം) കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാഹനങ്ങളുടെയും വാഹന ഘടകങ്ങളുടെയും നിര്‍മാണ പ്രക്രിയയില്‍ ഈ ഗ്യാസുകള്‍ നിര്‍ണായകമാണ്. ഇവയുടെ വിതരണം തടസപ്പെട്ടാല്‍ രാജ്യത്ത് വാഹന ഉല്‍പ്പാദനം ഗണ്യമായി കുറയുമെന്നും തൊഴിലില്ലായ്മ അടക്കം പ്രശ്നങ്ങളിലേക്ക് ഇത് നയിക്കുമെന്നും സിയാം ചൂണ്ടിക്കാട്ടുന്നു.
എച്ച്സിഎല്‍ ടെക്കില്‍ വര്‍ക്ക് ഫ്രം ഹോം
എല്‍പിജി ക്ഷാമം രൂക്ഷമായതോടെ ചെന്നൈ ഓഫീസിലെ ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോം നല്കി ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക്. കാന്റീന് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതോടെയാണ് നടപടി. ബെംഗളൂരുവിലും എല്‍പിജി ക്ഷാമം രൂക്ഷമാണ്. വളരെ പരിമിതമായ ഭക്ഷണ വിഭവങ്ങള്‍ മാത്രമേ കഫറ്റേരിയയില്‍ ലഭിക്കുകയുള്ളെന്ന് ഇന്‍ഫോസിസ് ബെംഗളൂരുവിലെ തങ്ങളുടെ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഇന്‍ഫോസിസിന് 3,37,034 ജീവനക്കാരും ശിവ് നാടാരുടെ ഉടമസ്ഥതയിലുള്ള എച്ച്സിഎല്‍ ടെക്കിന് 2,26,379 ജീവനക്കാരുമാണ് ഉള്ളത്.
ചിപ്പുണ്ടാക്കാന്‍ 11 ബില്യണ്‍ ഡോളര്‍ ഫണ്ട്
സെമികണ്ടക്റ്റര്‍ ചിപ്പ് നിര്‍മാണത്തിനായി 11 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ ഫണ്ട് ഇന്ത്യ തയാറാക്കുന്നെന്ന് റിപ്പോര്‍ട്ട്. ചിപ്പ് നിര്‍മാണ രംഗത്തുള്ള കമ്പനികളെ പ്രോല്‍സാഹിപ്പിക്കാനും സബ്സിഡികള്‍ നല്‍കാനും ടെക്നോളജി ഡെവലപ്മെന്റിനായുമാണ് ഫണ്ട് ഉപയോഗിക്കുക. കേന്ദ്ര ഐടി മന്ത്രാലയം തയാറാക്കിയ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. 2030 ഓടെ ഇന്ത്യയെ സെമികണ്ടക്റ്റര്‍ ഹബ്ബായി വളര്‍ത്തുക എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ചിരിക്കുന്നത്.
വിപണി ഇടിച്ച് എണ്ണ
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും ഇടിവ്. സെന്‍സെക്സ് 830 പോയന്റ് ഇടിഞ്ഞ് 76,034 ല്‍ എത്തി. നിഫ്റ്റി 227 പോയന്റ് ഇടിഞ്ഞ് 23,639 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ക്രൂഡ് ഓയില്‍ വീണ്ടും 100 ഡോളര്‍ കടന്നതും ഡോളറിനെതിരെ രൂപ 16 പൈസ ഇടിഞ്ഞ് 92.16 ലെത്തിയതും വിപണിക്ക് ക്ഷീണമായി. യുദ്ധം ഉടന്‍ അവസാനിക്കില്ലെന്ന ആശങ്കയാണ് ക്രൂഡ് വില ഉയര്‍ത്തുന്നത്. ക്രൂഡ് വില 200 ഡോളറിലേക്ക് ഉയര്‍ത്തുമെന്ന് ഇറാന് ഭീഷണി മുഴക്കിയിട്ടുണ്ട്.




