പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പൂര്‍ണമായും സ്വതന്ത്ര, പരമാധികാര നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. സാമ്പത്തിക മേഖലയില്‍ വളരെ മികച്ച ഫലങ്ങളാണ് ഇന്ത്യ സൃഷ്ടിക്കുന്നത്. ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളില് ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇന്ത്യയുടേതെന്നും പുടിന് പ്രശംസിച്ചു. തുടര്‍ച്ചയായി താരിഫ് വര്‍ധനയും മറ്റ് നയങ്ങളുമായി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചു വരവെയാണ് പുടിന് ശക്തമായ പിന്തുണ അറിയിച്ചത്.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ആശയവിനിമയം നടത്തിയെന്ന് പുടിന് റഷ്യന്‍ സര്‍ക്കാറിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി. ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയാര്‍ന്നതും ശക്തവും കാലം പരീക്ഷിച്ച് ഉറപ്പാക്കിയതുമാണെന്ന് പുടിന് യോഗത്തില്‍ പറഞ്ഞതായി റഷ്യന്‍ മാധ്യമമായ ടിവി ബ്രിക്സ് റിപ്പോര്‍ട്ട് ചെയ്തു.
മോദിയുടെ 75-ാം ജന്മദിനത്തില് പുടിന് അയച്ച അഭിനന്ദന ടെലിഗ്രാമിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം നടന്നത്. ‘നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ പരസ്പരം പ്രയോജനകരമായ റഷ്യ-ഇന്ത്യ സഹകരണം വികസിപ്പിക്കുന്നതിനും നരേന്ദ്ര മോദി വ്യക്തിപരമായി വലിയ സംഭാവന നല്കുന്നു,’ പുടിന് സന്ദേശത്തില്‍ പറഞ്ഞു.
ജയശങ്കര്‍-ലാവ്റോവ് കൂടിക്കാഴ്ച
ഇതിനിടെ ന്യൂയോര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 80ാമത് സമ്മേളനത്തോടനുബന്ധിച്ച്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. യുഎസ് താരിഫുകളടക്കം വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.