പെട്രോള്‍ ഡീസല്‍ വില കൂട്ടി നയാര
റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ കീഴിലുള്ള നയാര എനര്‍ജി ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. ഇറാന് സംഘര്‍ഷം ആരംഭിച്ച ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു എണ്ണ വിതരണക്കമ്പനി വില വര്‍ധിപ്പിക്കുന്നതിന്. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രീമിയം പെട്രോളിന് വില കൂട്ടിയിരുന്നു. 6500 ഓളം ഇന്ധന പമ്പുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണക്കമ്പനിയാണ് നയാര. അതേസമയം ഒന്നു താഴ്ന്ന ശേഷം അന്താരാഷ്ട്ര തലത്തില്‍ ഇന്ധനവില ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് വില 5 ശതമാനം ഉയര്‍ന്ന് 105 ഡോളറിന് മുകളിലെത്തി.
ഇറാന് തിരിച്ചടി; നാവികസേനാ കമാന്‍ഡര്‍ കൊല്ലപ്പെട്ടു
പാകിസ്ഥാനെ മധ്യസ്ഥനാക്കി യുഎസ് മുന്നോട്ടുവെച്ച സമാധാന ഉടമ്പടി ഇറാന് തള്ളിയതോടെ യുദ്ധം വീണ്ടും രൂക്ഷമാവുകയാണ്. ഇസ്രയേലും യുഎസും ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോറിന്റെ നാവികസേനാ കമാന്‍ഡര്‍ അലിറേസ തംഗ്സിരി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരിങ്കടലില്‍ റഷ്യയില്‍ നിന്നുള്ള എണ്ണയുമായി നീങ്ങുകയായിരുന്ന തുര്‍ക്കി കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. അബുദാബിയില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 2 പേര് കൊല്ലപ്പെട്ടു.
ബാബ് അല്‍ മന്ദബ് കടലിടുക്കും അടക്കുമെന്ന് ഇറാന്
യുഎസും ഇസ്രയേലും ഖാര്‍ഗ് അടക്കമുള്ള തങ്ങളുടെ നിര്‍ണായക ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ സൂയസ് കനാലിലേക്കുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്ന ബാബ് അല്‍ മന്ദബ് കടലിടുക്കും അടക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. ലോകത്തെ എണ്ണ കയറ്റുമതിയുടെ 12% കടന്നുപോകുന്ന പാതയാണിത്. യുദ്ധം കനക്കുന്നതിനിടെയും ഇന്ത്യയടക്കം സുഹൃദ് രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്കില്‍ ഇളവനുവദിച്ച് ഇറാന്. ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാന്, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്കായി ഹോര്‍മുസ് കപ്പല്‍പ്പാത തുറക്കുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. ഇതിനിടെ ഇറാന്റെ പരമോന്നത നേതാവാകാന്‍ തനിക്ക് ക്ഷണം ലഭിച്ചെന്നും താന്‍ ഇത് നിരസിച്ചെന്നുമുള്ള വിചിത്ര വാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
റബ്ബര്‍ വില ഉയരുന്നു
റബ്ബര്‍ കര്‍ഷകര്‍ക്ക് നല്ലകാലം വരുന്നോ? റബ്ബറിന്റെ അന്താരാഷ്ട്ര വിലയും ആഭ്യന്തര വിലയും ഉയരുകയാണ്. ആര്‍എസ്എസ് 4 ഗ്രേഡ് റബറിന് അന്താരാഷ്ട്ര വില 7 രൂപയോളം ഉയര്‍ന്ന് 242 രൂപയിലെത്തി. ക്രൂഡ് ഓയില്‍ വിലവര്‍ധനയാണ് നാച്ചുറല്‍ റബ്ബറിനും കരുത്താകുന്നത്. ആര്‍എസ്എസ് 4 ഗ്രേഡ് റബ്ബറിന് കേരളത്തില്‍ 218 രൂപയാണ് നിലവിലെ വില വേനല്‍ മൂലം ടാപ്പിംഗ് നടക്കാത്തതിനാല്‍ വില ഇനിയും ഉയരാനാണ് സാധ്യത. എന്നാല്‍ ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കണമെങ്കില്‍ ജൂണ്‍-ജനുവരി ടാപ്പിംഗ് സീസണിലും വില ഉയര്‍ന്നു തന്നെ നില്‍ക്കണം.




