അമേരിക്കയിൽ എച്ച്-1ബി വിസ അപേക്ഷകൾ നൽകുന്നതിന് ചില പ്രത്യേക വിഭാഗങ്ങളിൽ പെട്ട ജീവനക്കാർക്കായി നിർദ്ദേശിച്ചിരുന്ന 1,00,000 ഡോളർ , ഏകദേശം 83 ലക്ഷത്തിലധികം രൂപ അധിക തുക അടക്കണമെന്ന നിയമം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2027 സെപ്റ്റംബർ 21 വരെ നീട്ടി. 2025 സെപ്റ്റംബറിൽ കൊണ്ടുവന്ന ഈ നയം അവസാനിക്കാനിരിക്കെയാണ് അടുത്ത 12 മാസത്തേക്ക് കൂടി കാലാവധി നീട്ടിക്കൊണ്ട് വൈറ്റ് ഹൗസ് പുതിയ ഉത്തരവ് ഇറക്കിയത്. അമേരിക്കൻ തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനും, വിദേശ ജീവനക്കാരെ കുറഞ്ഞ വേതനത്തിൽ നിയമിക്കുന്നത് തടയാനുമാണ് ഈ നീക്കമെന്നാണ് ഭരണകൂടത്തിന്റെ വാദം.
ഇന്ത്യക്കാർ കൂടുതൽ
അമേരിക്കൻ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗവും ഇന്ത്യാക്കാരായതുകൊണ്ട് തന്നെ ഈ തീരുമാനം ഇന്ത്യൻ പ്രൊഫഷണലുകളെയും ഐ.ടി കമ്പനികളെയും കാര്യമായി ബാധിക്കും. ഓരോ പുതിയ എച്ച്-1ബി വിസ അപേക്ഷയ്ക്കും അല്ലെങ്കിൽ വിസ പുതുക്കലിനും കമ്പനികൾ ഭീമമായ ഈ തുക അധികമായി അടയ്ക്കേണ്ടി വരുന്നത് തൊഴിലുടമകൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. ഇതിനകം തന്നെ ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങൾ വഴിയുള്ള അപേക്ഷകളിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അപേക്ഷ നൽകുന്നതിന് മുൻപുള്ള വർഷങ്ങളിൽ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുള്ള കമ്പനികൾക്ക് എച്ച്-1ബി വിസ നൽകുന്നതിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അമേരിക്കയിൽ പഠിച്ചാൽ ഇളവുകൾ
എന്നാൽ, അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകൾക്കും തന്ത്രപ്രധാന സാങ്കേതിക മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ തുകയിൽ ചില ഇളവുകൾ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഈ നിബന്ധനയ്ക്കെതിരെ അമേരിക്കൻ കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഉത്തരവ് നീട്ടിയതോടെ ഇന്ത്യൻ ടെക് ജീവനക്കാരെ അമേരിക്കയിലേക്ക് അയക്കുന്നതിൽ കമ്പനികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരും.




