ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ നേട്ടമെന്ന് പറയുന്നത് പൂരമായ ശരീരത്തോടെ ആരോഗ്യവാനായി ജനിക്കുക എന്നതാണ്. ഈ നേട്ടം കൈവരിച്ച് കഴിഞ്ഞാല്‍ തന്നെ പിന്നീടങ്ങോട്ടുള്ള യാത്ര എളുപ്പമാകും. എന്നാല്‍ അപൂര്‍ണമായ ശരീരത്തോടെയാണ് ജനനമെങ്കിലോ? പിന്നീടങ്ങോട്ടുള്ള പോരാട്ടം മുഴുവന്‍ ആ അപൂര്‍ണതയെ മറികടക്കുന്നതിനായിട്ടായിരിക്കും. അവസ്ഥ ഏത് തന്നെയായായലും ജീവിതത്തില്‍ വിജയിക്കുന്നതിനു ഏറ്റവും അനിവാര്യമായയുള്ള കാര്യം ലക്ഷ്യബോധമാണ്. ഒരു മലയോളം ലക്ഷ്യമിട്ടാലേ ഒരു കുന്നോളമെങ്കിലും കിട്ടൂ എന്ന തത്വത്തില്‍ അടിയുറച്ചുകൊണ്ടാകണം മുന്നോട്ടുള്ള യാത്ര. ഇത്തരത്തില്‍ ജീവിത വിജയം കൈവരിച്ച ഒരു വ്യക്തിയാണ് അമേരിക്കന്‍ സ്വദേശിനിയായ പൗളിന് വിക്ടോറിയ.

പ്രചോദന പ്രസംഗിക, പത്രപ്രവര്‍ത്തക, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തി തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൗളിന് വിക്ടോറിയ ഒരു അത്ഭുതമാണ്. നിലവില്‍ നാല്പതുവയസ്സ് പിന്നിട്ട പൗളിന് തന്റെ ജീവിതത്തില്‍ കടന്നുവന്ന ഓരോ വഴികളും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്കുന്ന രീതിയിലാണ് ലോകത്തിനു മുന്നില്‍ വരച്ചിട്ടിരിക്കുന്നത്. അപൂര്‍ണതകളുടെ നടുവിലായിരുന്നു പൗളിന് വിക്ടോറിയയുടെ ജനനം.
കലിഫോര്‍ണിയയിലെ ഹവായിയില്‍ അലന്റെയും മരിയയുടെയും മകളായി 1980ലാണു പൗളിന്റെ ജനനം.പൂര്‍ണ ആരോഗ്യവതിയായ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചുകൊണ്ട് ഗര്‍ഭകാലം പൂര്‍ത്തിയാക്കിയ മാതാപിതാക്കള്‍ക്ക് ഏറെ വേദന സമ്മാനിച്ചുകൊണ്ടായിരുന്നു കുഞ്ഞു പൗളിന്റെ ജനനം. പ്രസവത്തിനു മുന്‍പു നടത്തിയ സ്കാനിങ്ങില്‍ യാതൊരു കുഴപ്പവും കുഞ്ഞിനു കണ്ടിരുന്നില്ല. എന്നാല്‍ ജനിച്ചു വന്നപ്പോള്‍ അതായിരുന്നില്ല അവസ്ഥ. കൈകാലുകള്‍ ഇല്ലാത്ത കുട്ടിയായിട്ടായിരുന്നു ജനനം. ഇരുകൈകളും വലുതു കാലും ഇല്ലാതെയാണു പൗളിന് ജനിച്ചത്. ഇടതു കാലാകട്ടെ, തുടയെല്ലില്ലാതെ തളര്‍ന്ന അവസ്ഥയിലും.
ഇത്തരത്തില്‍ ഒരു മകള്‍ ജനിച്ചു വീണപ്പോള്‍ മറ്റേതൊരു മാതാപിതാക്കളെയും പോലെ അവര്‍ ഏറെ ആശങ്കപ്പെട്ടു. എന്നാല്‍ പിന്നീട് തങ്ങളുടെ മകള്‍ക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അവളെ ഒരു സാധാരണ വ്യക്തിയായിത്തന്നെ വളര്‍ത്തണമെന്നും അലനും മരിയയും തീരുമാനിച്ചു. വളര്‍ച്ചയുടെ ഓരോ നാളിലും അവള് ഒരു സാധാരണകുട്ടി തന്നെയാണ് എന്ന് സ്വയം പഠിപ്പിച്ചുകൊണ്ടായിരുന്നു മാതാപിതാക്കള്‍ അവളെ വളര്‍ത്തിയത്. പതിയെ പതിയെ ആ ചിന്ത പൗളിനിലേക്കും വളര്‍ന്നു. കൈകാലുകള്‍ ഇല്ല എന്നത് അവള്‍ക്ക് ഒരു പ്രശ്നമല്ലാതായി മാറി.പരിമിതികളില്ലാത്ത ഒരു സാധാരണ കുട്ടിയായി മാതാപിതാക്കള്‍ അവളെ കണക്കാക്കി എന്നതായിരുന്ന് പൗളിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം.
അതുകൊണ്ടുതന്നെ ലോകം കാണുന്ന കുറവുകളൊന്നും ചെറുപ്പം മുതല്‍ പൗളിന് സ്വയം കണ്ടില്ല.സ്പെഷ്യല്‍ സ്കൂളില്‍ വിടാതെ സാധാരണകുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെയാണ് മാതാപിതാക്കള്‍ അവളെ പഠിപ്പിച്ചത്. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അധ്യാപകരില്‍ പലരും കൃത്രിമ കൈകാലുകള്‍ ഉപയോഗിക്കാന്‍ പൗളിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കൃത്രിമ കൈകാലുകള്‍ ഉപയോഗിക്കാതെ ജീവിക്കാന്‍ മാതാപിതാക്കള്‍ അവളെ പഠിപ്പിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ ശാശ്വതമായ നിലനില്‍പ്പുണ്ടാകൂ എന്ന് അലനും മരിയയും മനസിലാക്കിയിരുന്നു. അങ്ങനെ പൗളിനെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ അവര്‍ പരിശീലിപ്പിച്ചു.
ജീവിതത്തിലേക്ക് ആര്‍ജവത്തോടെ വന്ന പൗളിന്
സ്കൂള്‍ ജീവിതം ഏറെ ആവേശത്തോടെയാണ് പൗളിന് വിക്ടോറിയ കടന്നത്. പഠനത്തില്‍ പൗളിന് ബഹു മിടുക്കിയായിരുന്നു. ഓരോ ക്ളാസുകളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് പൗളിന് മുന്നേറിയത്.പഠനകാലഘട്ടത്തില്‍ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനിയായിരുന്നു പൗളിന്. ഇരുകൈകളും വലുതു കാലും ഇല്ലാതെയാണു പൗളിന് ജനിച്ചത്.
ഇടതു കാലാകട്ടെ, തുടയെല്ലില്ലാതെ തളര്‍ന്ന അവസ്ഥയിലും ജീവിതത്തിലെ നേട്ടങ്ങള്‍ കയ്യെത്തിപ്പിടിക്കുന്നതില്‍ അവര്‍ ഏറെ മുന്നിലായിരുന്നു. സ്കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായ സൗഹൃദങ്ങള്‍ പൗളിന്റെ ഭാവിയുടെ വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടായി. തന്റെ കുറവുകളെയോര്‍ത്ത് ഒരിക്കല്‍ പോലും പൗളിന് വിഷമിച്ചിരിക്കുന്നതായി ആരും കണ്ടിട്ടില്ല. അത് തന്നെയായിരുന്നു പൗളിന്റെ വിജയവും. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ പൗളിന് ഇത്തരത്തില്‍ എല്ലാവര്ക്കും ഒരു അത്ഭുതമായി മാറി.
സ്കൂള്‍ കാലഘട്ടം പിന്നിട്ടതോടെ പൗളിന് വീല്‍ച്ചെയര്‍ ഉപയോഗിച്ചു സ്വയം യാത്ര ചെയ്യാനും പരിശീലിച്ചു. സാധാരണ സ്കൂളില്‍, സാധാരണ കുട്ടികളോടൊപ്പം പഠിച്ചു എന്നതിനാല്‍ തന്നെ തന്റെ അറിവ് വികസിപ്പിക്കുന്നതില്‍ അവള് കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. പഠനത്തില്‍ അതീവ സമര്ത്തയായിരുന്ന പൗളിന് സാന്‍ഫ്രാന്‍സിസ്കോയിലെ സാന്റാ ക്ലാരാ സര്‍വകലാശാലയില്‍ നിന്നു ബ്രോഡ്കാസ്റ്റ് ജേണലിസത്തില്‍ ബിരുദം കരസ്ഥമാക്കി.പൗളിന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്ന് ആ നേട്ടത്തെ സൂചിപ്പിക്കാം.
ആ കാലഘട്ടത്തിലാണ് മാതാപിതാക്കളില്‍ നിന്നും അകന്നു നില്‍ക്കാനും സ്വന്തം കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാനും പൗളിന് ശീലിച്ചത്. തന്റെ ജന്മനാട്ടില് നിന്നു മറ്റൊരു പട്ടണത്തിലേക്കു ബിരുദ പഠനത്തിനായി പോകാനുള്ള തീരുമാനം അവളുടേതായിരുന്നു. തനിക്കു തനിച്ചു ജീവിക്കാന്‍ സാധിക്കുമെന്നു തെളിയിക്കേണ്ടത് അവളുടെ ആവശ്യമായിരുന്നു എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. പഠന കാലഘട്ടത്തില്‍ ഹോസ്റ്റലില്‍ മാതാപിതാക്കളുടെ സഹായമില്ലാതെ അവള് ജീവിച്ചു തെളിയിച്ചു.
പ്രതിസന്ധികള്‍ പ്രചോദനമായി
പിന്നീട് പൗളിന് തന്റെ ജീവിതത്തിലെ നേട്ടങ്ങള്‍ ഒന്നൊന്നായി കൈവരിച്ചു. വാഹനമോടിക്കാനും നീന്താനും എല്ലാം അനായാസം തനിക്ക് സാധിക്കുമെന്ന് പൗളിന് തെളിയിച്ചു. അതിനായി പ്രത്യേകമായി രൂപകല്പന ചെയ്ത ഡ്രൈവിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തിരുന്നു. ഇപ്പോള്‍ കൈകളും കാലുകളും ഇല്ലാത്ത പൗളിന് നീന്തുന്നു, വാഹനം ഓടിക്കുന്നു, കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്നു, വീട് ഒരുക്കുന്നു, മേയ്ക്കപ്പ് ചെയ്യുന്നു, ഭക്ഷണം പാചകം ചെയ്യുന്നു, സ്വന്തം കാര്യങ്ങളെല്ലാം ചിട്ടയായി ചെയ്യുന്നു. എന്തിനേറെ പറയുന്നു മകന്റെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ പോലും അവര്‍ ചെയ്തു കൊടുക്കുന്നു.
ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ‘ഹൈടെക് മാര്‍ക്കറ്റ് റിസര്‍ച്ച്’ എന്ന കമ്പനിയില്‍ പൗളിനു ജോലി ലഭിച്ചു. അത് ഒരു വലിയ നേട്ടമായിരുന്നു. പി ടു ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള ഒരു കൗണ്‍സിലില്‍ അവര്‍ ജോലി നേടി. തനിക്ക് സമാനമായി ജീവിതത്തെ നേരിടുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയാണ് പൗളിനെ ആ രംഗത്തേക്ക് എത്തിച്ചത്. അവിടെ വച്ചു പരിചയപ്പെട്ട ടെഡ് ഔഖേയാണ് അവളുടെ ഭര്‍ത്താവ്. ജീവിതത്തില്‍ ഒരിക്കലും ഒരു കുടുംബ ജീവിതം ഉണ്ടാകില്ല എന്ന് കരുതിയ അവസ്ഥയില്‍ നിന്നും ജീവിതം അവള്‍ക്കായി ഒട്ടനവധി സമ്മാനങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്നു.
എല്ലാം മനസിലാക്കി ജീവിതത്തിലേക്ക് വന്ന ടെഡുമൊന്നിച്ചു 1999 മുതല്‍ ജീവിതം ആരംഭിച്ചു. 2002ല്‍ അവര്‍ വിവാഹിതരായി. 2005-ല്‍ മകന് ആരോണിനു ജന്മം നല്കി. പ്രസവാനന്തരം പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് പൗളിനെ ബാധിച്ചു. എന്നാല്‍, വളരെവേഗം പൗളിന് ആ അവസ്ഥയെയും അതിജീവിച്ചു. തന്റെ ജീവിതത്തിലെ ഓരോ വെല്ലുവിളികളും എങ്ങനെ അതിജീവിക്കുന്നു തെളിയിക്കുന്ന വിഡിയോകള്‍ പൗളിന് യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്. ആളുകള്‍ക്ക് ഇത്തരം വീഡിയോകള്‍ കാണുനന്ത തന്നെ പ്രചോദനമാണ് എന്ന് പൗളിന് വ്യക്തമാക്കുന്നു. കൈകാലുകള്‍ ഇല്ലാത്ത ഒരു വ്യക്തി നീന്തുന്ന, കാറോടിക്കുന്ന, സ്വയം മേയ്ക്കപ് അണിയുന്ന വിഡിയോകള്‍. ഓരോ വിഡിയോയും പ്രചോദനമാണ്. ജീവിത വഴിയില്‍ തളര്‍ന്നു വീണേക്കാവുന്ന പലര്‍ക്കും മുന്നോട്ട് കുത്തിക്കാനുള്ള ഒരു ബലമാണ് എന്ന് പൗളിന് മനസിലാക്കി.
അങ്ങനെ, ജീവിതത്തിലെ ഒരു ഘട്ടം കഴിഞ്ഞതോടെ പൗളിന് തന്റെ കരിയര്‍ ഒന്ന് കൂടി വിശാലമാക്കി. ജീവിതത്തില്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങളില്‍ നിന്നും താന്‍ ആര്‍ജ്ജിച്ചെടുത്ത കരുത്ത് പ്രചോദനത്തിന്റെ രൂപത്തില്‍ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുവാന്‍ പൗളിന് തീരുമാനിച്ചു. അതിനായി വീല്‍ചെയറിന്റെ സഹായത്തോടെ സഞ്ചരിച്ച് അനേകര്‍ക്കു പ്രചോദനമേകുന്ന മോട്ടിവേഷനല്‍ സ്പീക്കറും എഴുത്തുകാരിയുമായി മാറി പൗളിന്. താന്‍ പഠിച്ച വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷണല്‍ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് അമേരിക്കയിലെ ഒട്ടനവധി വേദികള്‍ പൗളിന് സ്വന്തമാക്കി. അവരുടെ ജീവിതകഥ പങ്കുവച്ച ഓരോ വേദികളില്‍ നിന്നും നിറഞ്ഞ കൈയടിയോടെയാണ് പൗളിന് ഇറങ്ങിയത്.