ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്പത്തിക ബന്ധം പൂര്‍ണ്ണമായും ഏകപക്ഷീയമാണെന്നും അമേരിക്കയെ സംബന്ധിച്ച് ഒരു ദുരന്തമാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ കമ്പനികളെ തങ്ങളുടെ വിപണിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിയന്ത്രിക്കുമ്പോള്‍ തന്നെ വലിയ അളവില്‍ സാധനങ്ങള്‍ യുഎസിന് വില്‍ക്കുന്നതിലൂടെ ഇന്ത്യ പതിറ്റാണ്ടുകളായി നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ട്രംപ് വാദിച്ചു.
‘ഇന്ത്യയുമായി വളരെ കുറച്ച് മാത്രമേ ബിസിനസ്സ് നടത്തുന്നുള്ളൂ, പക്ഷേ അവര്‍ ഞങ്ങളുമായി വലിയ അളവില്‍ ബിസിനസ്സ് നടത്തുന്നുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവര്‍ അവരുടെ ഏറ്റവും വലിയ ക്ലയന്റായ ഞങ്ങള്‍ക്ക് വന്‍തോതില്‍ സാധനങ്ങള്‍ വില്‍ക്കുന്നു, പക്ഷേ ഞങ്ങള്‍ അവര്‍ക്ക് വളരെ കുറച്ച് മാത്രമേ വില്‍ക്കുന്നുള്ളൂ.’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഷാംഗ്ഹായ് എഫക്റ്റ്
ചൈനയിലെ ടിയാന്‍ജിനില്‍ ഷാംഗ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെയാണ് പിഴച്ചുങ്കത്തെ ന്യായീകരിച്ച് ട്രംപ് രംഗത്തെത്തിയത്. ഈ കൂടിക്കാഴ്ച യുഎസ് പ്രസിഡന്റിന് അത്ര രസിച്ചിട്ടില്ലെന്ന് പ്രതികരണം സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ ഉയര്‍ന്ന താരിഫാണ് യുഎസ് കയറ്റുമതി പരിമിതപ്പെടുത്തുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ‘ഇന്ത്യ ഇതുവരെ മറ്റേതൊരു രാജ്യത്തെക്കാളും ഉയര്‍ന്ന താരിഫ് ഈടാക്കിയിട്ടുണ്ട്, നമ്മുടെ ബിസിനസുകള്‍ക്ക് ഇന്ത്യയിലേക്ക് വില്ക്കാന് കഴിയില്ല. ഇത് പൂര്‍ണ്ണമായും ഏകപക്ഷീയമായ ഒരു ദുരന്തമാണ്!’ യുഎസ് പ്രസിഡന്റ് ആരോപിച്ചു. എണ്ണയ്ക്കും ആയുധങ്ങള്‍ക്കുമായി ഇന്ത്യ റഷ്യയെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും യുഎസില്‍ നിന്ന് ഇവ വളരെ കുറച്ച് മാത്രമേ വാങ്ങുന്നുള്ളെന്നും ട്രംപ് കുറിച്ചു.
ഇന്ത്യ 0 താരിഫ് വാഗ്ദാനം ചെയ്തെന്ന് അവകാശവാദം
ഇന്ത്യ താരിഫുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇപ്പോള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇത് വളരെ വൈകിയെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ ഇപ്രകാരം ചെയ്യേണ്ടിയിരുന്നെന്നും ട്രംപ് പറഞ്ഞു. നേരത്തെയും ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ച് രംഗത്തെത്തി.




