റഷ്യന്‍ എണ്ണ വാങ്ങുന്നതിന് പിഴ തീരുവ ചുമത്തിയത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലിന് കാരണമായെന്ന് ആദ്യമായി തുറന്നു സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കെതിരെ തീരുവ ചുമത്തുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും എന്നാല്‍ താന്‍ അത് ചെയ്തെന്നും ട്രംപ് ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘നോക്കൂ, ഇന്ത്യ അവരുടെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാല്‍ ഞാന്‍ ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തി. അത് ചെയ്യാന്‍ എളുപ്പമുള്ള കാര്യമായിരുന്നില്ല. അത് ഒരു വലിയ കാര്യമാണ്, അത് ഇന്ത്യയുമായി ബന്ധത്തില്‍ വിള്ളലിന് കാരണമായി,’ ട്രംപ് പറഞ്ഞു.
പ്രസിഡന്റായി രണ്ടാമത് അധികാരമേറ്റശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്നതടക്കം ഇതുവരെ ഏഴ് സംഘര്‍ഷങ്ങള്‍ താന്‍ പരിഹരിച്ചെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു. ‘ഏഴ് യുദ്ധങ്ങള്‍ ഞാന്‍ പരിഹരിച്ചു. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ളത് ഉള്‍പ്പെടെ നിരവധി യുദ്ധങ്ങള്‍ ഞാന്‍ പരിഹരിച്ചു. പക്ഷേ ചിലത് പരിഹരിക്കാനാവാത്തവയായിരുന്നു, കോംഗോയും റുവാണ്ടയും തമ്മിലുള്ള യുദ്ധം 31 വര്‍ഷമായി തുടര്‍ന്നു, ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. പരിഹരിക്കാനാവാത്ത അത്തരം യുദ്ധങ്ങള്‍ ഞാന്‍ പരിഹരിച്ചു,’ ട്രംപ് പറഞ്ഞു.
മോദി-ട്രംപ് പിണക്കം
ഏകപക്ഷീയമായി പിഴച്ചുങ്കം പ്രഖ്യാപിച്ച നടപടിയെത്തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധം സമീപകാലത്ത് വഷളായിരുന്നു. ഇന്ത്യ കൂടുതല്‍ റഷ്യ-ചൈന പക്ഷത്തേക്ക് ചായുന്നതിന് ഈ നടപടി ഇടയാക്കിയിട്ടുണ്ട്. ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വഴങ്ങിയിട്ടില്ല. അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ ഫോണ്‍ കോളുകള്‍ മോദി നിരസിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വിലക്കുറവ് ലഭിച്ചാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്. കാര്‍ഷിക, ക്ഷീര മേഖലകള്‍ യുഎസിന് മുന്നില്‍ തുറന്നു കൊടുക്കാനാവില്ലെന്ന ഇന്ത്യന്‍ നിലപാട് ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളെയും സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം മോദി സര്‍ക്കാര്‍ വകവെച്ചു കൊടുക്കാത്തതും ട്രംപിനെ അസ്വസ്ഥനാക്കിയിരുന്നു.
ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മോദിയും രംഗത്തെത്തി. പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം സജീവമാക്കുന്നെന്ന സൂചനകളാണ് ട്രംപിന്റെ പ്രസ്താവനകള്‍ നല്‍കുന്നത്.




