കൊച്ചി, അറബിക്കടലിന്റെ റാണി, തുറമുഖത്തിനും കായലിനും കച്ചവടത്തിനും പേരുകേട്ട കൊച്ചി ഇപ്പോള്‍ പേരൊന്ന് മാറ്റിയെഴുതുകയാണ്. ടൂറിസ്റ്റുകളുടെയും കച്ചവടക്കാരുടെയും പ്രിയ നഗരം എന്നതിലുപരിയായി പ്രതിഭാധനരായ ആളുകളുടെ എണ്ണത്തിലും തൊഴിലവസരങ്ങളിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി കൊച്ചി മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിദ്യാഭ്യാസ, ടാലന്റ് സൊലൂഷന് കമ്പനിയായ Education Testing Device (ETS), All India Council for Technical Education (AICTE),Confederation of Indian Industry (CII) എന്നിവര്‍ ഒന്നിച്ച് തയ്യാറാക്കിയ India Skills Report 2026 -ല്‍ 76.56 ശതമാനം എംപ്ലോയബിലിറ്റി (തൊഴില്‍ലഭ്യത) സ്കോര്‍ നേടിക്കൊണ്ട് ഇന്ത്യയിലെ നാലാമത്തെ നഗരമായി കൊച്ചി. ഡെല്‍ഹി, ഹൈദരാബാദ് എന്നീ നഗരങ്ങളെ കടത്തിവെട്ടിക്കൊണ്ടാണ് കൊച്ചി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
കൊച്ചിയുടെ ഈ വളര്‍ച്ച അവിചാരിതമായി കരുതാനാകില്ല. മികച്ച നയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ്, തൊഴിലവസരങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം എന്നിങ്ങനെ പല ഘടകങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട്. തൊഴില്‍ലഭ്യതയില്‍ ഇന്ത്യയില്‍ കൊച്ചിയും കേരളവും മികച്ച പ്രകടനം കാണിക്കുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ പരിശോധിക്കാം.
ഇന്ത്യ സ്കില്‍സ് റിപ്പോര്‍ട്ട് – കണക്കുകള്‍
- ഇന്ത്യയിലെ മൊത്തത്തിലുള്ള തൊഴില്‍ ലഭ്യത – 56.35 ശതമാനം, മുന്‍വര്‍ഷം ഇത് 54.81 ശതമാനം
- ജോലിയിലെ ട്രെന്‍ഡുകള്‍ – കുറച്ചുകാലത്തേക്കുള്ള ജോലികള്‍, ഫ്രീലാന്‍സിംഗ്, എഐ ഉപയോഗപ്പെടുത്തിയുള്ള ജോലികള്‍
- സാങ്കേതികവിദ്യയുടെ ഉപയോഗം- ചില മേഖലകളില്‍ 90 ശതമാനം തൊഴിലാളികളും ജനറേറ്റീവ് എഐ ടൂളുകള്‍ ഉപയോഗിക്കുന്നു
ഇന്ത്യയില്‍ ‘സ്കില്‍ഡ്’ പ്രത്യേക കഴിവുകള്‍ ആവശ്യമായ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു എന്നതാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ അവസരങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാഭ്യാസത്തിലും, തൊഴിലധിഷ്ഠിത പരിശീലനങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഭാവിയില്‍ ഉണ്ടാകാനിടയുള്ള തൊഴിലവസരങ്ങള്‍ കൂടി കണക്കിലെടുത്ത് ആളുകള്‍ കഴിവുകള്‍ ആര്‍ജ്ജിക്കുന്നുണ്ട്.
കൊച്ചിയുടെയും കേരളത്തിന്റെയും പ്രകടനം
യുവാക്കളുടെ തൊഴിലവസരങ്ങളില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ നാലാംസ്ഥാനത്താണ് കൊച്ചി. 76.56% ശതമാനമാണ് കൊച്ചിയിലെ തൊഴില്‍നിരക്ക്. സംസ്ഥാനങ്ങളില്‍ 72.16 ശതമാനവുമായി കേരളവും നാലാംസ്ഥാനത്താണ്. കേരളത്തിന് മുന്നിലുള്ള സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ് (78.64%) മഹാരാഷ്ട്ര (75.42%), കര്‍ണ്ണാടക (73.85%) എന്നിവയാണ്. അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (ASAP Kerala) പോലുള്ള സ്കില്ലിംഗ് പ്രോഗ്രാമുകളാണ് കേരളത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചിയുടെ മുന്നേറ്റം
തൊഴില്‍ ലഭ്യതയില്‍ കൊച്ചിയുടെ മുന്നേറ്റത്തിന് പിന്നില്‍ ഘടനാപരവും തന്ത്രപ്രധാനവുമായ കാരണങ്ങളുണ്ട്. ഒന്നാമതായി, കൊച്ചി ഇന്ന് വെറുമൊരു തീരദേശ നഗരം മാത്രമല്ല. മെട്രോനഗരങ്ങളുടെ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക ആവാസവ്യവസ്ഥയും കൊച്ചിയിലുണ്ട്. ഈ സൗകര്യങ്ങള്‍ പ്രതിഭാധനരായ യുവാക്കളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്നു.
കൂടാതെ ആഗോളകമ്പനികള്ക്കായി സേവനം നല്കുന്ന ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍ (GCC) കൊച്ചിയില്‍ വര്‍ധിച്ചുവരുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവശ്യസേവനങ്ങള്‍ നല്കുന്ന കമ്പനികളാണ് ഇവ. ഇത്തരം കമ്പനികള്‍ ടെക്, ഫിനാന്‍സ്, അനലിസ്റ്റിക്സ് മേഖലകളിലേക്ക് നിരവധി പേരെ ജോലിക്കെടുക്കുന്നു. ആഗോളനിലവാരത്തിലുള്ള തൊഴില്സമൂഹത്തെയാണ് ഇവര്‍ സൃഷ്ടിക്കുന്നത്. ഇന്ത്യ സ്കില്‍സ് റിപ്പോര്‍ട്ടിലും GCCകളെ കുറിച്ച് പരാമര്‍ശമുണ്ട്. ചെറുനഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിന്റെ ASAP പ്രോഗ്രാം പുതിയതായി ഉദയം ചെയ്യുന്ന തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ എടുത്തുപറയേണ്ട ഒരു പദ്ധതിയാണ്. തൊഴില്‍മേഖലയ്ക്ക് ആവശ്യമായ രീതിയിലുള്ള പരിശീലനവും ഇന്റേണ്‍ഷിപ്പും നല്‍കിക്കൊണ്ട് വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിലുള്ള വിടവ് നികത്താന്‍ ഈ പദ്ധതിക്ക് സാധിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്രോതസ്സുകളില്‍ നിന്നുള്ള വിവരം അനുസരിച്ച്, ഐടിയും, ആരോഗ്യരംഗവും ഉള്‍പ്പടെ തൊഴില്‍വൈദഗ്ധ്യമുള്ള മേഖലകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഈ പദ്ധതി ഏറെ സഹായകമായിട്ടുണ്ട്.
കേരളത്തില്‍ പുതിയതായി അവതരിപ്പിച്ചിട്ടുള്ള നാലുവര്‍ഷ ബിരുദ പ്രോഗ്രാം കേവലമൊരു അക്കാദമിക ബിരുദം മാത്രമല്ലെന്നും തൊഴിലിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ബിരുദപഠനമാണിതെന്നും തിയറിക്കൊപ്പം സ്കില്‍ സര്‍ട്ടിഫിക്കേഷനും പ്രാക്ടിക്കലും ഉള്‍പ്പെട്ട സമഗ്ര ബിരുദകോഴ്സാണതെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
മാത്രമല്ല, കൊച്ചിയിലും കേരളമൊന്നാകെയും വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തങ്ങളും വര്‍ധിക്കുന്നതായി നിരീക്ഷണമുണ്ട്. തൊഴില്‍പരിശീലന കമ്പനികളും കോളെജുകളും സര്‍വ്വകലാശാലകളും ആഗോള ബിസിനസ് സ്ഥാപനങ്ങളും കൈകോര്‍ക്കുമ്പോള്‍ കമ്പനികള്‍ക്ക് ഭാവിയില്‍ വേണ്ടുന്ന രീതിയിലുള്ള കഴിവുകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ വളരുന്നുവരുന്നു.
കേരള സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളുടെ നൈപുണ്യവികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. തൊഴില്‍സാധ്യതകളും ആവശ്യങ്ങളും കണക്കിലെടുത്ത് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
വെല്ലുവിളികള്‍
വിജയത്തിനും നേട്ടത്തിനുമൊപ്പം വെല്ലുവിളികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. തൊഴില്‍രംഗത്തെ ശാക്തീകരിക്കാന്‍ ഊര്‍ജ്ജിതമായി ശ്രമിക്കുമ്പോഴും ചില വെല്ലുവിളികള്‍ കൊച്ചിയും കേരളവും നേരിടുന്നുണ്ട്.
സ്ഥിരത
ഉയര്‍ന്ന തൊഴില്‍ലഭ്യത നിരക്ക് എന്നത് ഉയര്‍ന്ന ശമ്പളമുള്ള തൊഴില്‍ എന്ന് അര്‍ത്ഥമാക്കുന്നില്ല. മിക്കപ്പോഴും എന്‍ട്രി ലെവലില്‍ ആണ് കൂടുതല്‍ അവസരങ്ങളും ഉണ്ടാകുന്നത്. ശമ്പളം വളരെ കുറഞ്ഞ തൊഴിലുകള്‍ നിരവധിയാണ് എന്നുള്ളതും വെല്ലുവിളിയാണ്.
അവസരങ്ങള്‍ കൂടിവരുമ്പോള്‍ അതിനനുസരിച്ച് പ്രതിഭാധനരായ ആളുകള്‍ ഇവിടെയുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടി സാധിക്കണം. അല്ലെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള പരിശീലനം നേടിയ ആളുകള്‍ ഇവിടെയെത്തി അവസരങ്ങള്‍ മുതലെടുക്കും.
അടിസ്ഥാനസൗകര്യം
നൈപുണ്യമുള്ളയാളുകളുടെ എണ്ണത്തിലുള്ള വര്‍ധനയും തൊഴിലവസരങ്ങളിലെ വര്‍ധനയും അടിസ്ഥാനസൗകര്യ മേഖലയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും. പാര്‍പ്പിടം, ഗതാഗതം, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍, നഗരസൗകര്യങ്ങള്‍ എന്നിവയിലെല്ലാം പുരോഗതിയുണ്ടാകണം.
നയങ്ങള്‍
ASAP പോലെയുള്ള പദ്ധതികള്‍ ചില നയങ്ങളിലൂന്നിയുള്ളതായിരുന്നു. സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ മാറ്റമുണ്ടാകുകയോ ഫണ്ടിംഗ് തടസ്സപ്പെടുകയോ ചെയ്താല്‍ അതിന്റെ നേട്ടങ്ങള്‍ ഇല്ലാതാകും. അതുകൊണ്ട് ഇത്തരം പദ്ധതികള്‍ സ്ഥിരതയോടെ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.
ഡിമാന്‍ഡും സ്കില്ലും
നിലവിലെ നിയമനങ്ങളും ഉദ്യോഗാര്‍ത്ഥികളുടെ ശേഷികളും എത്രത്തോളം പൊരുത്തപ്പെടുന്നു എന്നതാണ് നിയമന റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നത്. എന്നാല്‍ ഭാവിയിലെ തൊഴില്‍ ആവശ്യകതകള്‍ ഇവര്‍ക്കുണ്ടോ എന്നത് റിപ്പോര്‍ട്ട് വിലയിരുത്തുന്നില്ല. എഐ, ഓട്ടോമേഷന്‍, സ്ഥിരജോലി എന്നത് വിട്ട് പല ജോലികള്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ എന്നിങ്ങനെയുള്ള മാറ്റങ്ങള്‍ തൊഴില്‍മേഖലയില്‍ വരാന്‍ പോകുകയാണ്. അതനുസരിച്ച് തൊഴില്പരിശീലനങ്ങളില് മാറ്റം വരുത്താനും പൊരുത്തക്കേടുകള്‍ പരമാവധി ഒഴിവാക്കാനും കേരളത്തിനും കൊച്ചിക്കും കഴിയണം.
മാറ്റത്തിന്റെ പ്രതിഫലനം
കൊച്ചിയുടെ ഈ നേട്ടം പ്രാദേശികമായ ഒന്നായി മാത്രം കരുതേണ്ടതില്ല. രാജ്യവ്യാപകമായി തൊഴിലവസരങ്ങളിലും നിയമനങ്ങളിലും ഒരു പോസിറ്റീവ് സ്ഥിതിവിശേഷം സംജാതമാകുന്നുണ്ട്. അതേസമയം മെട്രോ നഗരങ്ങള്‍ അല്ലാത്ത നഗരങ്ങള്‍ക്കും വിദ്യാഭ്യാസം, നൈപുണ്യം, അടിസ്ഥാനസൗകര്യം എന്നീ മേഖലകളില്‍ തിളങ്ങാനാകുമെന്ന് ഈ നേട്ടത്തിലൂടെ കൊച്ചി പറയുന്നുണ്ട്.
എഐ സാങ്കേതികവിദ്യയ്ക്കുള്ള സ്വീകാര്യതയും അതിലേക്കുള്ള മാറ്റവും കണക്കിലെടുത്ത് ഇന്ത്യ പ്രതിഭകളുടെ ആഗോള ഹബ്ബായി മാറുമെന്നാണ് ഇന്ത്യ സ്കില്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ തന്നെ കൊച്ചി പോലുള്ള നഗരങ്ങള്‍ ആഗോളതലത്തിലേക്ക് ജീവനക്കാരെ നല്കുന്ന ഫീഡര്‍ നഗരങ്ങളുമാകുമത്രേ.
ദേശീയതലത്തില്‍ നാലാംസ്ഥാനത്തേക്കുള്ള കൊച്ചിയുടെ വളര്‍ച്ച രാജ്യത്തെ പ്രതിഭകളുടെ വികേന്ദ്രീകരണമാണ് സൂചിപ്പിക്കുന്നത്. ഒരുപക്ഷേ ഇന്ത്യയുടെ ഭാവി കൊച്ചി പോലുള്ള ചെറുനഗരങ്ങളിലായിരിക്കാം, അതേസമയം അത്തരം നഗരങ്ങള്‍ക്ക് ആഗോളബന്ധങ്ങളായിരിക്കും ഉണ്ടായിരിക്കുക. സ്മാര്‍ട്ട് സ്കില്ലിംഗ്, സര്‍ക്കാര്‍ പിന്തുണ, ഭാവി മുന്നില്‍ കണ്ടുള്ള വിദ്യാഭ്യാസ മാതൃകകള്‍ എന്നിവയിലൂടെ കൊച്ചി ടാലന്റ് ഹബ്ബായി മാറുക മാത്രമല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തൊഴില്വികാസത്തിന് ഒരു ഉത്തമമാതൃകയായി മാറുക കൂടിയാണ്. നൈപുണ്യവികസന പദ്ധതികളിലൂടെയും അടിസ്ഥാന സൗകര്യവികസനത്തിലൂടെയും തൊഴിലധിഷ്ഠിതമായി വിദ്യാഭ്യാസം പരിഷ്കരിക്കുന്നതിലൂടെയും ഈ വളര്‍ച്ച നിലനിര്‍ത്താന്‍ കേരളത്തിന് സാധിച്ചാല്‍ പ്രതിഭാധനരായ ആളുകളെ ലോകത്തിന് സംഭാവന നല്കാന് മാത്രമല്ല, പ്രതിഭാധനരായ ആളുകളുടെ നേതൃത്വത്തില്‍ സാമ്പത്തിക വളര്‍ച്ച കൊണ്ടുവരാനും സാധിക്കും.


