ഇന്ത്യയുമായുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങള്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാത്രിയോടെ ന്യൂഡെല്‍ഹിയിലെത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹായി ബ്രണ്ടന്‍ ലിഞ്ച് ആണ് ഇന്ന് രാത്രിയാടെ ഇന്ത്യയിലെത്തുന്നത്. ചൊവ്വാഴ്ച ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമൊണ് സൂചന.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിലെ ഉഭയകക്ഷി വ്യാപാര കരാറുമായി (BTA) ബന്ധപ്പെട്ട ആറാംഘട്ട ചര്‍ച്ചയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. ആഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന ചര്‍ച്ച താരിഫ് പ്രതിസന്ധിയും ട്രംപ് ഭരണകൂടവുമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങളും കാരണം നീണ്ടുപോകുകയായിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം 2030ഓടെ 500 ബില്യണ്‍ ഡോളറിലെത്തിക്കുകയാണ് കരാറിന്റെ ലക്ഷ്യം. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ 191 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ആദ്യ വ്യാപാര ചര്‍ച്ചയാണിത്. ആഗസ്റ്റ് 27നാണ് അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പങ്ങള്‍ക്ക് 25 ശതമാനം പകരച്ചുങ്കം കൂടാതെ 25 ശതമാനം പിഴച്ചുങ്കം കൂടി ചുമത്തിയത്. റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിനുള്ള പിഴയെന്ന നിലയ്ക്കാണ് ഈ അധിക താരിഫ്. ചോളം, സോയാബീന്‍, ആപ്പിള്‍, ബദാം, എഥനോള്‍ തുടങ്ങിയ ഉല്‍പ്പങ്ങള്‍ക്ക് നികുതി കുറയ്ക്കണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പാലുല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി ഒരുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തെ ചെറുകിട കര്‍ഷകരുടെ ജീവിതത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല.
വിവാദങ്ങള്‍ക്കിടെ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി ജൂലൈയിലെ 8.01 ബില്യണ്‍ ഡോളറില്‍ നിന്നും ആഗസ്റ്റില്‍ 6.86 ബില്യണ്‍ ഡോളറിലേക്ക് ഇടിഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൈനീസ് പ്രസിഡന്റ് ഷി ജിന്പിംഗിനൊപ്പവും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനൊപ്പവും കണ്ടതിന് പിന്നാലെ കഴിഞ്ഞ ആഴ്ച ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ ട്രംപ് പരസ്യമായി പറഞ്ഞിരുന്നു. ഇന്ത്യയെയും റഷ്യയെയും തങ്ങള്‍ക്ക് നഷ്ടമായെന്നാണ് കരുതുന്നതെന്നാണ് ട്രംപ് കുറിച്ചത്. യൂറോപ്യന്‍ യൂണിയന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തണമെന്നും ഇന്ത്യയ്ക്കെതിരെയും സമാന നടപടികള്‍ ഉണ്ടാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
എന്നാലതിന് ശേഷം ട്രംപ് നിലപാട് മയപ്പെടുത്തുകയും ചെയ്തു. ഇന്ത്യയും അമേരിക്കയും വ്യാപാര ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നുവെന്ന പ്രഖ്യാപനവും ട്രംപ് നടത്തി. വരുംആഴ്ചകളില്‍ പ്രിയ സുഹൃത്ത് മോദിയുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.