ഇന്ത്യയുടെ സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ‘ബിബിബി-‘ ല്‍ നിലനിര്‍ത്തി യുഎസ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.5 ശതമാനം മികച്ച വളര്‍ച്ച കൈവരിക്കുമെന്നും ഫിച്ച് പ്രവചിച്ചു. 2006 മുതല്‍ ഇന്ത്യക്ക് ‘ബിബിബി-‘ എന്ന മികച്ച ക്രെഡിറ്റ് റേറ്റിംഗാണ് ഫിച്ച് തുടര്‍ച്ചയായി നല്കിപ്പോരുന്നത്.
ഇന്ത്യ ഒരു ചത്ത സമ്പദ് വ്യവസ്ഥയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശാപവചനങ്ങള്‍ ചൊരിഞ്ഞതിന് പിന്നാലെയാണ് ഒന്നിനുപിറകെ ഒന്നായി യുഎസ് ആസ്ഥാനമായ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തെ മികച്ചതെന്നും വളര്‍ച്ചാ സാധ്യതയുള്ളതെന്നും വിലയിരുത്തുന്നത്. സമ്പദ് വ്യവസ്ഥയുടെ കരുത്തും ക്ഷീണവും അളന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ഓരോ രാജ്യങ്ങളുടെയും റേറ്റിംഗ് നിശ്ചയിക്കുന്നത്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലും മറ്റും ഇതിന് സുപ്രധാന പങ്കുണ്ട്.
ഏജന്‍സികളെല്ലാം പോസിറ്റീവ്
കഴിഞ്ഞയാഴ്ച യുഎസ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ‘ബിബിബി-‘ ല്‍ നിന്ന് ‘ബിബിബി’യിലേക്ക് ഉയര്‍ത്തിയിരുന്നു. 18 വര്‍ഷത്തിന് ശേഷമാണ് എസ് ആന്‍ഡ് പി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തുന്നത്. അതിനുമുന്‍പ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മോണിഗ്സ്റ്റാര് ഡിബിആര്എസും ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ‘ബിബിബി’യിലേക്ക് ഉയര്‍ത്തി. ‘ബിഎഎ3’ എന്ന ശക്തമായ റേറ്റിംഗാണ് മൂഡീസും ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.
ഫിച്ചിന്റെ നീരീക്ഷണം
ശക്തമായ വളര്‍ച്ചയും കരുത്തുറ്റ സാമ്പത്തിക സ്ഥിതിയും ഇന്ത്യയുടെ റേറ്റിംഗിനെ പിന്തുണക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക വീക്ഷണം സമാനമായ സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശക്തമായി തുടരുന്നെന്നും ഫിച്ച് നിരീക്ഷിക്കുന്നു. നിര്‍ദ്ദിഷ്ട ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കാരങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍, അത് ഉപഭോഗത്തെ മികച്ച രീതിയില്‍ പിന്തുണയ്ക്കുകയും വളര്‍ച്ചക്ക് തടസമായി നില്ക്കുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ഫിച്ചിന്റെ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
‘ബിബിബി’ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന കമ്മിയും കടവും കണക്കിലെടുക്കുമ്പോള്‍, ധനകാര്യ മെട്രിക്സിനെ ക്രെഡിറ്റ് ബലഹീനതയായി ഫിച്ച് വിശേഷിപ്പിച്ചു. ‘ഗവേണന്‍സ് സൂചകങ്ങളും പ്രതിശീര്‍ഷ ജിഡിപിയും ഉള്‍പ്പെടെയുള്ള പിന്നിലുള്ള ഘടനാപരമായ മെട്രിക്സുകളും റേറ്റിംഗിനെ നിയന്ത്രിക്കുന്നു,’ ഫിച്ച് പറഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പൊതു കടബാധ്യത 80.9 ശതമാനത്തില്‍ നിന്ന് നേരിയ തോതില്‍ വര്‍ധിച്ച് 81.5 ശതമാനമാകുമെന്നും ഫിച്ച് കൂട്ടിച്ചേര്‍ത്തു.