കൊച്ചി: ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഫ്യൂച്ചര്‍ ഉച്ചകോടി ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്ന് വരെ കൊച്ചിയില്‍ നടക്കും. ഉച്ചകോടിയുടെ രണ്ടാം പതിപ്പാണിത്. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എര്‍ത്ത്, സംരംഭകത്വം, വെല്‍നസ്, ഫുഡ്, കള്‍ച്ചര്‍ ആന്‍ഡ് ലിറ്ററേച്ചര്‍ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായാണ് നാലു ദിവസം നീണ്ടു നില്ക്കുന്ന ഉച്ചകോടി സംഘടിപ്പിക്കുന്നത്. 400 ല്‍ ഏറെ വിദഗ്ധരും മുപ്പതിലധികം കലാകാരന്മാരും വിവിധ സെഷനുകളില്‍ പങ്കുചേരും. 30-ല്‍ അധികം പാനല്‍ ചര്‍ച്ചകളും 50 ല്‍ അധികം വര്‍ക്ക്ഷോപ്പുകളും മാസ്റ്റര്‍ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. രണ്ടുലക്ഷത്തിലധികം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള ചിന്തകര്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കൊപ്പം
സാധാരണക്കാരുടെ പങ്കാളിത്തവും ഉറപ്പാക്കുന്നെന്നതാണ് ഇത്തവണത്തെ സമ്മിറ്റിന്റെ പ്രത്യേകത. കേരളത്തിന്റെ ഭാവിയെക്കുറിച്ച് സാധാരണക്കാരുടെ അഭിപ്രായങ്ങളും ആശയങ്ങളും സ്വീകരിക്കുകയും മികച്ച ആശയങ്ങള്‍ വിദഗ്ദ്ധര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്യും. ഇതിന്റെ ഭാഗമായി, പൊതുജനങ്ങളില്‍ നിന്ന് ഭാവി കേരളത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനും ഉച്ചകോടിക്ക് മുന്നോടിയായി ആരംഭിക്കും.
ലോഗോ പ്രകാശനം
സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പിന്റെ ലോഗോ പ്രകാശനം ഹൈബി ഈഡന് എംപി, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം എം ജോസഫ്, ഫ്യൂച്ചര്‍ കേരള മിഷന് ചെയര്മാന് വേണു രാജാമണി, ജെയിന് യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജെ. ലത, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ജെയിന് യൂണിവേഴ്സിറ്റി കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷന്‍സ് സുബി കുര്യന് എന്നിവര്‍ ചേര്‍ന്ന് നടത്തി. മത്സ്യബന്ധന സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ മുതല്‍ എഐ, റോബോട്ടിക്സ് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ വരെ ഇവിടെ ചര്‍ച്ചയാകുമെന്ന് ഹൈബി ഈഡന് പറഞ്ഞു. യുവജനങ്ങളും, വലിയ ആശയങ്ങളും, യഥാര്‍ത്ഥ മാറ്റങ്ങളും ഒത്തുചേരുന്ന ഒരിടമെന്ന രീതിയിലാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ വിഭാവനം ചെയ്തതെന്ന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.
മുഖ്യ ആകര്ഷണങ്ങള്
ആദ്യ പതിപ്പിലുണ്ടായിരുന്ന സെലിബ്രിറ്റി പ്രകടനങ്ങള്‍, റോബോ വേഴ്സ്, സ്റ്റുഡന്റ്സ് ബിനാലെ, മ്യൂസിക് നൈറ്റ്, ഫുഡ് സ്ട്രീറ്റ്, ഫ്ലീ മാര്‍ക്കറ്റ്, ഡാന്‍സ് കൊച്ചി തുടങ്ങിയവ ഇത്തവണയും അരങ്ങേറും. ഇവ കൂടാതെ ഓട്ടോ എക്സ്പോ, ഇ-സ്പോര്‍ട്സ് ഗെയിം വേഴ്സ്, ഹ്യൂമന്‍ ലൈബ്രറി, ഡ്രോണ്‍ഷോ എന്നിവ ഇത്തവണത്തെ മുഖ്യ ആകര്‍ഷണങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ ഓട്ടോ എക്സ്പോ, ഇ-സ്പോര്‍ട്സ് ഗെയിം വേഴ്സ് എന്നിവയ്ക്ക് കൊച്ചി സാക്ഷ്യം വഹിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് മല്‍സരങ്ങള്‍
ഫ്യൂച്ചര്‍ രണ്ടാം എഡിഷന് മുന്നോടിയായി സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഡിയ ഫെസ്റ്റ്, സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍ എന്നീ പ്രോഗ്രാമുകളും ആരംഭിച്ചിട്ടുണ്ട്. ഹൈബ്രിഡ് ഇന്നൊവേഷന് മത്സരമായ ഐഡിയ ഫെസ്റ്റ് 2025 ല്‍ കേരളത്തിലെ കോളേജുകളിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെയും ഗള്‍ഫ് മേഖലയിലെയും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും ടീമുകളായി പങ്കെടുക്കാം. നവംബര്‍ ആദ്യവാരം നടക്കുന്ന ഓണ്‍ലൈന്‍ ഡിസൈന്‍ തിങ്കിംഗ് ശില്പശാലയ്ക്ക് ശേഷം നവംബര്‍ 21, 22 തീയതികളില്‍ ക്യാമ്പസില്‍ ഐഡിയഫെസ്റ്റ് മത്സരം അരങ്ങേറും. ഇതിന് പുറമെ, വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരമായ സ്പീക്ക് ഫോര്‍ ഫ്യൂച്ചറില്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം. ‘ഭാവി എന്റെ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ച് മിനിറ്റില്‍ കവിയാത്ത പ്രസംഗം വീഡിയോ രൂപത്തില്‍ തയാറാക്കി, #SpeakForTheFuture എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും സംഘാടകര്‍ക്ക് സമര്‍പ്പിക്കുകയുമാണ് വേണ്ടത്. 2026 ജനുവരി 10 ആണ് അവസാന തീയതി.




