പൊതുഓഹരിവിപണിയില് ലിസ്റ്റ് ചെയ്യാന്‍ ടാറ്റ സണ്‍സിന് റിസര്‍വ്വ് ബാങ്ക് (ആര്‍ബിഐ) നല്കിയ സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. 200 ശതകോടി ഡോളര്‍ ആസ്തിയുള്ള ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സ് എന്ത് തുടര്‍നടപടിയാണ് സ്വീകരിക്കുകയെന്ന് കാണാന്‍ കൗതുകത്തോടെ നോക്കിയിരിക്കുകയാണ് നിക്ഷേപകലോകം. ഉപ്പ് മുതല്‍ സെമികണ്ടക്ടറുകള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളും ജ്വാഗ്വര്‍ ലാന്‍ഡ് റോവറും എയര്‍ ഇന്ത്യയും താജ് ഹോട്ടലുകളും ഉള്‍പ്പെട്ട നിക്ഷേപ സാമ്രാജ്യവും യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളെന്ന ഖ്യാതിയും കൈമുതലാക്കിയ ടാറ്റ ഗ്രൂപ്പ്, ടാറ്റ സണ്‍സിന്റെ ലിസ്റ്റിംഗില്‍ എന്ത് തീരുമാനമാണ് കൈക്കൊള്ളുകയെന്ന് വരുംദിവസങ്ങളില്‍ അറിയാം.
ടാറ്റ സണ്‍സിനെ ലിസ്റ്റിംഗ് എന്ന അനിവാര്യതയിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ്, എന്തുകൊണ്ടാണ് ഇന്ത്യയുടെ ബിസിനസ് ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു ഇടപെടലെന്ന് പറയാവുന്ന രീതിയില്‍ ടാറ്റ സണ്‍സ് വിഷയത്തിലെ ആര്‍ബിഐ നിലപാട് മാറിയത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.
ആര്‍ബിഐ ഉത്തരവ്
2022ലെ ഒരു ക്ലാസിഫിക്കേഷനാണ് ടാറ്റ സണ്‍സിനെ പൊതു ലിസ്റ്റിംഗ് എന്ന അനിവാര്യതയിലേക്ക് തള്ളിവിടുന്നത്. ആര്‍ബിഐയുടെ ആസ്തി അനുസരിച്ചുള്ള നിയന്ത്രണ ചട്ടക്കൂട് പ്രകാരം 2022 സെപ്റ്റംബറില്‍ ടാറ്റ സണ്‍സ് അപ്പര്‍ ലെയര്‍ ഷാഡോ ബാങ്ക് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടു. ടാറ്റ സണ്‍സ് ഉള്‍പ്പടെ 16 കമ്പനികളെയാണ് അന്ന് ആര്‍ബിഐ അപ്പര്‍ ലെയര്‍ ഷാഡോ ബാങ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
2018-ലെ IL&FS തകര്‍ച്ചയ്ക്ക് ശേഷം 2021 ഒക്ടോബറിലാണ് ആര്‍ബിഐ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്. ഈ നിയന്ത്രണം അനുസരിച്ച് ഷാഡോ ബാങ്കുകള്‍ അഥവാ ബാങ്കിതര ധനകാര്യ കമ്പനികള്‍ (NBFC) അപ്പര്‍ ലെയര്‍ ക്ലാസിഫിക്കേഷന്‍ അനുസരിച്ചുള്ള വ്യവസ്ഥകള്‍ക്ക് ബാധകമായിരിക്കും. ഈ വിഭാഗത്തിലുള്ള കമ്പനികള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പൊതു ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കണം.
എത്ര വലിയവനാണെങ്കിലും ഒരുനാള്‍ തകര്‍ച്ചയിലേക്ക് പതിച്ചേക്കാമെന്ന സാധ്യതയും 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങളും മുന്‍നിര്‍ത്തിയാണ് ഷാഡോ ബാങ്കുകള്‍ക്ക് മേല്‍ ആര്‍ബിഐ ഇത്തരമൊരു നിയന്ത്രണത്തിന് മുന്‍കൈ എടുത്തത്. പക്ഷേ ടാറ്റ സണ്‍സ് ഇപ്പോള്‍ ഓഹരിവിപണി ലിസ്റ്റിംഗിന് സാധിക്കുന്ന ഒരു അവസ്ഥയിലല്ല.
ടാറ്റ സണ്‍സിന്റെ നിലപാട്
2024 ഒക്ടോബറില്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റയുടെ മരണശേഷം ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ പഴയ ഒഴുക്കിലേക്ക് തിരിച്ചെത്തുന്നതേയുള്ളു. ടാറ്റ ഗ്രൂപ്പിന്റെ സ്ഥിരതയും ആധികാരിതയും രത്തന്‍ ടാറ്റയുടെ കൈകളിലായിരുന്നു. അതുകൊണ്ടുതന്നെ ആര്‍ബിഐയുടെ ലിസ്റ്റിംഗ് നിര്‍ദ്ദേശം ഇപ്പോള്‍ നടപ്പിലാക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഗ്രൂപ്പ്.
ടാറ്റ ട്രസ്റ്റുകള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റികള്‍ക്കിടയില്‍ തന്നെ പല വിഭാഗങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. ടാറ്റ സണ്‍സിലെ 66 ശതമാനം ഓഹരികള്‍ ടാറ്റ ട്രസ്റ്റുകള്‍ക്ക് കീഴിലാണ്. ഈ സാഹചര്യത്തില്‍ ടാറ്റ സണ്‍സ് അണ്‍ലിസ്റ്റഡ് (ലിസ്റ്റ് ചെയ്യാതെ) തുടരണമെന്ന പ്രമേയം ടാറ്റ ട്രസ്റ്റുകള്‍ പാസാക്കുകയുണ്ടായി.
ഘടനാപരമായി ലിസ്റ്റ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിയിലല്ല കമ്പനിയെന്ന് ടാറ്റ സണ്‍സുമായി അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഉടനടിയുള്ള ലിസ്റ്റിംഗ് ടാറ്റ സണ്‍സിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുമെന്നും അവര്‍ പറയുന്നു. സെമിക്കണ്ടക്ടര്‍, ഏവിയേഷന്‍ മേഖലകളില്‍ ടാറ്റയ്ക്കുള്ള പദ്ധതികളെ ലിസ്റ്റിംഗ് ബാധിച്ചേക്കും. അതിനാല്‍ ഭാവിക്കായി ടാറ്റ സണ്‍സിനെ ഒരുക്കിയെടുക്കുന്നതിനാണ് ഇപ്പോള്‍ കമ്പനി പ്രാമുഖ്യം നല്‍കുക.
എന്താണ് തുടര്‍നടപടി
ലിസ്റ്റിംഗ് അനിവാര്യത ഒഴിവാക്കുന്നതിനായി ടാറ്റ സണ്‍സ് തന്ത്രപരമായി 2024 മാര്‍ച്ചില്‍ NBFC എന്ന നിലയില്‍ നിന്നും ഡീരജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷ പരിഗണനയിലാണെന്ന് 2025 ജനുവരിയില്‍ ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ കമ്പനി NBFC ആണോ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. അതിനാല്‍ തന്നെ ആര്‍ബിഐയുടെ ലിസ്റ്റിംഗ് നിര്‍ദ്ദേശം ബാധകമാകുമോ എന്നതും ചോദ്യചിഹ്നമായി നിലനില്ക്കുന്നു.
അതേസമയം ലിസ്റ്റിംഗ് ഒഴിവാക്കാനുള്ള നടപടികളെല്ലാം ടാറ്റ സണ്‍സ് എടുക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് ന്യായമായ രീതിയിലുള്ള ചില നിബന്ധനകള്‍ ഡീരജിസ്റ്റര്‍ ചെയ്യുന്നതിനായി ആര്‍ബിഐ ടാറ്റ സണ്‍സിന് മുമ്പാകെ വെക്കാനിടയുണ്ട്. കമ്പനിയിലെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് തട്ടുമുട്ടുകളൊന്നും ഇല്ലാതെ പുറത്തേക്ക് പോകാനുള്ള വഴിയൊരുക്കുക എന്നതാണ് അതിലൊന്നെന്ന് മേഖലയിലെ വിദഗ്ധര്‍ പറയുന്നു. വായ്പകള്‍ തിരിച്ചടയ്ക്കുകയും പോസിറ്റീവ് ക്യാഷ് ഫ്ളോ ഉറപ്പാക്കുകയും ചെയ്ത സാഹചര്യത്തില്‍ NBFC എന്നതില്‍ നിന്നും ഡീരജിസ്റ്റര്‍ ചെയ്യാന്‍ ടാറ്റ സണ്‍സ് യോഗ്യരാണെന്നും വിദഗ്ധര്‍ പറയുന്നുണ്ട്.
15.34 ലക്ഷം കോടി രൂപ വരുമാനവും 1.13 ലക്ഷം കോടി രൂപ അറ്റലാഭവും 26.70 ലക്ഷം കോടി രൂപ വിപണി മൂലധനവും ഉള്ള ടാറ്റ സണ്‍സ് സാമ്പത്തികമായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ടാറ്റ സണ്‍സിലെ നിക്ഷേപകര്‍
ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ കെമിക്കല്‍ തുടങ്ങി ഒമ്പതോളം ടാറ്റ കമ്പനികള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് കമ്പനികള്‍, സര് ഡൊരബ്ജി ടാറ്റ ട്രസ്റ്റ്, സര് രത്തന്‍ ടാറ്റ ട്രസ്റ്റ്, എസ് പി ഗ്രൂപ്പ്, മറ്റുള്ളവര്‍ എന്നിങ്ങനെ പോകുന്നു ടാറ്റ സണ്‍സിലെ നിക്ഷേപകരുടെ വിവരങ്ങള്‍. 66 ശതമാനം അവകാശവും ടാറ്റ ട്രസ്റ്റുകള്‍ക്കാണ്. ശപൂര്‍ജി പല്ലൂന്ജി (എസ്പി) ഗ്രൂപ്പിന് ടാറ്റ സണ്‍സില്‍ ഏതാണ്ട് 18 ശതമാനം ഓഹരികളാണ് ഉള്ളത്. കമ്പനിയിലെ ഏറ്റവും വലിയ പുറത്ത് നിന്നുള്ള നിക്ഷേപകരാണ് എസ്പി ഗ്രൂപ്പ്.
ടാറ്റ സണ്‍സില്‍ നിന്നും പുറത്തുപോകാന്‍ എസ്പി ഗ്രൂപ്പിന് സ്വീകാര്യമായ ഒരു വഴിയൊരുക്കിയാല്‍ കമ്പനിയുടെ ഡീരജിസ്ട്രേഷന്‍ ്അപേക്ഷ ആര്‍ബിഐ അംഗീകരിക്കാനിടയുണ്ട്.
NBFC- മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍
എന്താണ് NBFCകളെന്നും 2021 ഒക്ടോബറില്‍ ആര്‍ബിഐയുടെ നിയന്ത്രണം വരുന്നത് വരെ അവയുടെ പ്രവര്‍ത്തനം ഏതുരീതിയില്‍ ആയിരുന്നുവെന്നും നോക്കാം.
ഒരു സ്ഥാപനം NBFC ആണോ എന്നറിയുന്നതിന് 50-50 ടെസ്റ്റ് നടത്താം. സ്ഥാപനത്തിന്റെ 50% ആസ്തികള്‍ ധനപരമായ ആസ്തികള്‍ ആകുകയും 50% വരുമാനം ധനകാര്യ ഇടപാടുകളിലൂടെ ആകുകയും ചെയ്താല്‍ അവയെ NBFC എന്ന് വിളിക്കാം. ഈ രണ്ട് മാനദണ്ഡങ്ങളും പാലിക്കുന്ന കമ്പനികള്‍ക്ക് NBFC രജിസ്ട്രേഷനായി ആര്‍ബിഐക്ക് അപേക്ഷ നല്‍കാം.
2021 ഒക്ടോബറിന് മുമ്പ് പ്രവര്‍ത്തന മേഖല (ഹൗസിംഗ് ഫിനാന്‍സ്, ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫിനാന്‍സ്, നിക്ഷേപ കമ്പനി എന്നിങ്ങനെ), പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നുണ്ടോ എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് തലത്തിലാണ് ഷാഡോ ബാങ്കുകളെന്നും അറിയപ്പെടുന്ന ഇത്തരം ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിച്ചിരുന്നത്.
എന്നാല്‍ 2018-ല്‍ IL&FS എന്ന ധനകാര്യം സ്ഥാനം തകര്‍ന്നതോടെ സ്ഥിതിഗതികള്‍ മാറി. രാജ്യത്തെ ധനകാര്യസംവിധാനം ഒന്നാകെ അതിന്റെ ഞെട്ടലിലായി. നിക്ഷേപക കമ്പനി വിഭാഗത്തിലുള്ള NBFC ആയിരുന്ന IL&FS ഉപകമ്പനികള്‍ 2018ല്‍ കടക്കെണിയിലേക്ക് വീണുതുടങ്ങി. IL& FS തകര്‍ച്ച NBFC കളുടെ പ്രവര്‍ത്തനം സംബന്ധിച്ചും സാമ്പത്തികസ്ഥിതി സംബന്ധിച്ചും ആശങ്കയുയര്‍ത്തി. ആര്‍ബിഐയുടെ നിരുത്തരവാദിത്തമായി ഇത് വിലയിരുത്തപ്പെട്ടു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന അരവിന്ദ് സുബ്രഹ്മണ്യം അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ തകര്‍ച്ചയ്ക്ക് കാരണം ആര്‍ബിഐ ആണെന്ന് തുറന്നെഴുതി.
2020ഓടെ NBFCകളെ നിയന്ത്രിക്കാന്‍ മറ്റൊരു ചട്ടക്കൂടിനായി ആര്‍ബിഐ ശ്രമം തുടങ്ങി. 2021 ജനുവരിയില്‍ NBFCകള്‍ക്ക് മേല്‍ സ്കെയില്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം (SBR) 2021 ഒക്ടോബര്‍ മുതല്‍ നിലവില്‍ വരുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഇതുപ്രകാരം അപ്പര്‍ ലെയറില്‍ വരുന്ന NBFCകള്‍ക്ക് ആര്‍ബിഐ അറിയിപ്പ് നല്‍കും. അറിയിപ്പ് വന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ അവ പൊതുവിപണിയില്‍ ലിസ്റ്റ് ചെയ്യണം. അങ്ങനെ 2022 സെപ്റ്റംബറില്‍ ആര്‍ബിഐയുടെ അപ്പര്‍ ലെയര്‍ NBFC കളില്‍ ഉള്‍പ്പെട്ട കമ്പനികളിലൊന്നായി ടാറ്റ സണ്‍സും.