ഓണ്‍ലൈന്‍ പേയ്മെന്റ് അഗ്രിഗേറ്ററായി പ്രവര്‍ത്തിക്കാന്‍ പേടിഎമ്മിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതി. ഇത് സംബന്ധിച്ച് പേടിഎം പേയ്മെന്റ് സര്‍വ്വീസസ് ലിമിറ്റഡിന് (പിപിഎസ്എല്‍) ആര്‍ബിഐ ഇന്‍ പ്രാഥമിക അനുമതി നല്കി. പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട്, 2007 പ്രകാരമാണ് നടപടി. സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2022 നവംബറില്‍ ആര്‍ബിഐ പേടിഎമ്മിന്റെ ഓണ്‍ലൈന്‍ അഗ്രിഗേറ്റര്‍ ലൈസന്‍സ് അപേക്ഷ തള്ളിയിരുന്നു. നേരിട്ടുള്ള വിദേശനിക്ഷേപ നിബന്ധനകള്‍ പാലിച്ച് കൊണ്ട് വീണ്ടും അപേക്ഷ നല്‍കാനാണ് അന്ന് കേന്ദ്രബാങ്ക് പേടിഎമ്മിനോട് നിര്‍ദ്ദേശിച്ചിരുന്നത്. അപേക്ഷ തള്ളിയതിനൊപ്പം തന്നെ പുതിയ വ്യാപാരികളെ ചേര്‍ക്കുന്നതിനും ആര്‍ബിഐ അന്ന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അതും ഇപ്പോള്‍ നീക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തോളം നീണ്ട അനിശ്ചിതത്വമാണ് ഇതോടെ ഇല്ലാതാകുന്നത്. പുതിയ വ്യാപാരികളെ ഉള്‍ക്കൊള്ളിക്കാനും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ വിപുലപ്പെടുത്താനും ആര്‍ബിഐയുടെ പച്ചക്കൊടി സഹായകമാകും.
അതേസമയം ഓണ്‍ലൈന്‍ പേയ്മെന്റ് അഗ്രിഗേറ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ നിലവില്‍ പേടിഎമ്മിന് അനുമതി ലഭിച്ചിട്ടുള്ളുവെന്ന് ഫയലിംഗ് വ്യക്തമാക്കുന്നു. ഇതിന് പുറത്തുള്ള പേയ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പേടിഎമ്മിന് അനുവാദം ഉണ്ടാകുകയില്ല. മറ്റ് ചില നിയന്ത്രണങ്ങളും ഉപാധികളും ആര്‍ബിഐ പേടിഎമ്മിന് മുന്നില്‍ വെച്ചിട്ടുണ്ട്. സൈബര്‍ സെക്യൂരിറ്റി ഓഡിറ്റ് അടക്കം സിസ്റ്റം ഓഡിറ്റ് നടത്തണമെന്നും ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പിപിഎസ്എല്ലിനോട് ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ പ്രാഥമിക അംഗീകാരം റദ്ദാക്കപ്പെടുകയും അന്തിമ അനുമതി ലഭിക്കാതെ വരികയും ചെയ്യും.




