ബാങ്കുകളില്‍ സമര്‍പ്പിച്ച് മണിക്കൂറുകള്‍ കൊണ്ട് ചെക്ക് മാറിയെടുക്കാനുള്ള പുതിയ സംവിധാനം ഒക്ടോബര്‍ നാല് മുതല്‍ ആര്‍ബിഐ രാജ്യത്ത് അവതരിപ്പിക്കും. നിലവില്‍ ചെക്ക് മാറാന്‍ രണ്ടു പ്രവൃത്തിദിനം വേണ്ട സ്ഥാനത്താണ് അതിവേഗം ചെക്ക് മാറാനുള്ള സൗകര്യമൊരുങ്ങുന്നത്.
ബാങ്കില്‍ ചെക്ക് എത്തി മണിക്കൂറുകള്‍ കൊണ്ട് സ്കാന്‍ ചെയ്ത്, നടപടിക്രമം പൂര്‍ത്തിയാക്കി പാസാകുന്ന സംവിധാനമാണ് ബാങ്കുകളില്‍ നടപ്പിലാക്കുക. പ്രവൃത്തിസമയങ്ങളില്‍ ഇടവേളയില്ലാതെ തുടര്‍ച്ചയായി ഈ സംവിധാനം പ്രവര്ത്തനിരതമായിരിക്കും. നിലവിലെ ടെക്ക് ട്രങ്കേഷന്‍ സിസ്റ്റം (സിടിഎസ്) രണ്ട് പ്രവൃത്തിദിനങ്ങള്‍ കൊണ്ടാണ് ചെക്ക് മാറാനുള്ള നടപടിക്രമം പൂര്‍ത്തിയാക്കുന്നത്.
ചെക്ക് മാറുന്നതിനെ കാര്യക്ഷമത വര്‍ധിപ്പിക്കുക, ഇടപാടുകാര്‍ക്കുള്ള റിസ്ക് കുറയ്ക്കുക, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആര്‍ബിഐ സിടിഎസ് നിലവിലെ ബാച്ചുകളായുള്ള പ്രൊസസ്സിംഗില്‍ നിന്നും നിരന്തരമായുള്ള പ്രൊസ്സസ്സിംഗിലേക്ക് മാറാന്‍ തീരുമാനിച്ചത്. സിടിഎസിലെ ഈ മാറ്റം സംബന്ധിച്ച് ആര്‍ബിഐ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ മാറ്റത്തിലെ ആദ്യഘട്ടം 2025 ഒക്ടോബര്‍ 4 മുതല്ക്കും രണ്ടാംഘട്ടം 2026 ജനുവരി 3 മുതല്ക്കും പ്രാബല്യത്തില്‍ വരും.
ഇടവേളയില്ലാതെ സിടിഎസ്
രാവിലെ 10 മണിക്കും വൈകുന്നേരം നാലുമണിക്കും ഇടയില്‍ ഇടവേളയില്ലാതെ ചെക്ക് പ്രോസസ്സിംഗ് സംവിധാനം പ്രവര്‍ത്തിക്കും. ഈ സമയത്ത് ബാങ്കുകളില്‍ ലഭിക്കുന്ന ചെക്കുകള്‍ സ്കാന്‍ ചെയ്യപ്പെടുകയും അപ്പോള്‍ത്തന്നെ ക്ലിംയറിംഗ് ഹൗസിലേക്ക് അയക്കപ്പെടുകയും ചെയ്യും. ബാങ്കുകളില്‍ സമര്‍പ്പിക്കപ്പെടുന്ന ഓരോ ചെക്കിനും അതത് ബാങ്കുകളില്‍ നിന്ന് പോസിറ്റീവായ സ്ഥിരീകരണമോ നെഗറ്റീവായ സ്ഥിരീകരണമോ ഉണ്ടാകും. രാവിലെ പത്തുമണിക്കും പതിനൊന്നുമണിക്കും ഇടയില്‍ ലഭിക്കുന്ന ചെക്കുകളില്‍ ഉച്ചയ്ക്ക് മണിയ്ക്കുള്ളില്‍ ബാങ്കുകള്‍ സ്ഥിരീകരണം (പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ്) നടത്തണം.
ബാങ്കുകള്‍ സ്ഥീരീകരണം നല്‍കാത്ത പക്ഷം ആ ചെക്കുകള്‍ അംഗീകരിച്ചതായി കരുതപ്പെടുകയും രണ്ടുമണിക്ക് സെറ്റില്‍മെന്റിനായി ഉള്‍പ്പെടുത്തുകയും ചെയ്യും. സെറ്റില്‍മെന്റ് പൂര്‍ത്തിയായാല്‍ ചെക്ക് സമര്‍പ്പിച്ച ബാങ്കിന് അറിയിപ്പ് ലഭിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു. അതോടെ ബാങ്കിന് അതില്‍ ബാക്കി നടപടിക്രമം പൂര്‍ത്തിയാക്കി ഒരു മണിക്കൂറിനകം ഉപഭോക്താവിന് പണം നല്കാന് സാധിക്കും.
പുതിയ ചെക്കുമാറല് സംവിധാനം സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് അവബോധം നല്‍കണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




