അമേരിക്കയുടെ ഏതൊരു തരത്തിലുള്ള ഭീഷണിക്ക് മുമ്പിലും ഇന്ത്യ മുട്ടുമടക്കരുതെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ ചെയര്മാന് ആര് സി ഭാര്‍ഗവ. ആത്മാഭിമാനം കാത്തിസൂക്ഷിക്കാനും സര്‍ക്കാരിന് വേണ്ട പിന്തുണ നല്‍കാനും ദേശീയ ഐക്യമാണ് ഇപ്പോള്‍ വേണ്ടതെന്നും ഭാര്‍ഗവ അഭിപ്രായപ്പെട്ടു.
ചെറുകാറുകളുടെ ജിഎസ് ടി കുറയ്ക്കുന്നത് അമേരിക്കന്‍ താരിഫ് ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തെ ചെറുക്കാന്‍ സഹായകമാകുമെന്നും ഭാര്‍ഗവ അഭിപ്രായപ്പെട്ടു. ജിഎസ് ടി കൗണ്‍സിലിന്റെ അനുമതി ലഭിച്ച് ജിഎസ് ടി കുറഞ്ഞാല്‍ ചെറുകാര്‍ വിപണി ഉണരുമെന്നും കാര്‍ വ്യവസായ മേഖലയില്‍ മൊത്തത്തില്‍ വേഗത്തിലുള്ള വളര്‍ച്ചയുണ്ടാകുകയും കൂടുതല്‍ വ്യാവസായിക പ്രവര്ത്തനമുണ്ടാകുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നും ഭാര്‍ഗവ പറഞ്ഞു. താരിഫ് പ്രശ്നങ്ങള്‍ കാരണം സമ്പദ് വ്യവസ്ഥയുടെ മറ്റ് മേഖലകളില്‍ വിഷമകരമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ ഇതെല്ലാമാണ് ആവശ്യമെന്ന് കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ ഭാര്‍ഗവ പറഞ്ഞു.
സെപ്റ്റംബര്‍ 3, 4 തീയതികളില്‍ ജിഎസ് ടി കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ ചെറിയ കാറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറയുമെന്നാണ് കരുതുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്രതീക്ഷ പ്രകടിപ്പിച്ചു. താഴേക്കിടയിലുള്ള ഉപഭോക്താക്കള്‍ക്ക് ഇത് നേട്ടമാകും. ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതും ജിഎസ് ടി കൗണ്‍സിലിന്റെ തീരുമാനവുമായും അത് രാജ്യത്തെ കാര്‍ ഡിമാന്‍ഡില്‍ ഉണ്ടാക്കുന്ന മാറ്റത്തെയും അനുസരിച്ചിരിക്കുമെന്നും കമ്പനി ചെയര്മാന് വ്യക്തമാക്കി.
വര്‍ഷങ്ങളായി ഇന്ത്യയില്‍ ചെറുകാറുകളുടെ (സെഡാനും ഹാച്ച്ബാക്കും) വില്‍പ്പന താഴേക്ക് പോകുകയാണ്. അതേസമയം എസ്യുവി മോഡലുകളുടെ ആവശ്യം ശക്തമായി. അത് കാര്‍ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്തേകി. പക്ഷേ ആ വളര്‍ച്ചയുടെ വേഗത ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ വാഹന വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 1.6 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.
നയതന്ത്രത്തിന് താരിഫ് ഉപയോഗപ്പെടുത്തുന്നത് ഇതാദ്യം
താരിഫ് വിഷയത്തില്‍ ഒറ്റക്കെട്ടായ പരിഹാരമാണ് വേണ്ടതെന്ന് ഭാര്‍ഗവ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഗോളതലത്തിലുണ്ടാകുന്ന അനിശ്ചിതത്വത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. പളയ നയങ്ങളും ബന്ധങ്ങളും പുനഃപരിശോധിക്കാന്‍ പ്രസിഡന്റ് ട്രംപ് പല രീതിയില്‍ രാജ്യങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്, ആദ്യമായാണ് നയതന്ത്രത്തില്‍ താരിഫ് ഉപയോഗപ്പെടുത്തുന്നത് കാണുന്നത്. നമുക്കുള്ള താരിഫ് 50 ശതമാനമായി വര്‍ധിച്ചു. ഇന്ത്യക്കാരെന്ന നിലയില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ടതും നമ്മുടെ ആത്മാഭിമാനവും ബഹുമാനവും നിലനിര്‍ത്തേണ്ടതും നമ്മുടെ കര്‍ത്തവ്യമാണെന്നാണ് വിശ്വസിക്കുന്നതെന്നും ഭാര്‍ഗവ പറഞ്ഞു. ഒരു തരത്തിലുള്ള ഭീഷണിക്ക് മുന്നിലും മുട്ടുമടക്കരുത്, ഈ സമയത്ത് രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം.




