ആഗസ്റ്റ് മാസം യാത്ര വാഹനങ്ങളുടെ വിപണിയിൽ തകർച്ചയുടേതായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറവാണു വാഹനങ്ങളുടെ വില്പനയിൽ ഉണ്ടായിട്ടുള്ളത്. സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (സിയാം) മുന്നോട്ട് വയ്ക്കുന്ന റിപ്പോർട്ട് പ്രകാരം ജി.എസ്.ടി ഇളവ് ഒരു പ്രധാന കാരണമാണ് . ഇത് മൂലം ഡീലര്‍ഷിപ്പുകളിലേക്കുള്ള വിതരണം വാഹന കമ്പനികള്‍ പുന:ക്രമീകരിച്ചതും ഡിമാന്‍ഡ് കുറഞ്ഞതും വില്പന കുറയാനുള്ള കാരണമാണ്.
അതേസമയം ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. നിര്‍മാതാക്കളില്‍ നിന്നും ഓഗസ്റ്റില്‍ 3,21,840 യാത്രാവാഹനങ്ങളാണ് ഡീലര്‍ഷിപ്പുകളില്‍ എത്തിയത്. കഴിഞ്ഞവർഷം ഇക്കാലയളവിൽ ഇത് 3,52,921 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ നാലാം മാസമാണ് വില്‍പ്പന കണക്കുകളില്‍ കുറവുണ്ടാകുന്നത്.
രാജ്യത്തെ ഇരുചക്ര വാഹന വിപണി മുന്‍വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വില്‍പ്പന ഓഗസ്റ്റില്‍ കൂടി. കഴിഞ്ഞ വര്‍ഷം 17,11,662 ഇരുചക്ര വാഹനങ്ങള്‍ നിരത്തിലെത്തിയെങ്കില്‍ ഇക്കുറിയിത് 18,33,921 എണ്ണമായി വര്‍ധിച്ചു.
മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയും ഓഗസ്റ്റില്‍ വര്‍ധിച്ചെന്നും കണക്കുകള്‍ പറയുന്നു. എട്ട് ശതമാനം വളര്‍ച്ചയോടെ 75,759 മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയാണ് നടന്നത്. മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ ഇത് 69,962 എണ്ണമായിരുന്നെന്നും കണക്കുകള്‍ പറയുന്നു. യാത്രാ വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞെങ്കിലും വിപണി കണക്കുകള്‍ കുറയാതെ സൂക്ഷിച്ചത് ഇരുചക്ര-മുച്ചക്ര സെഗ്മെന്റാണെന്നും സിയാം പറയുന്നു.
ജി.എസ്.ടി ഇളവ് എങ്ങനെ ബാധിക്കുന്നു ?
ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചതോടെ ഒട്ടുമിക്ക കാര്‍ മോഡലുകളുടെയും വിലയില്‍ 10 ശതമാനത്തോളം കുറവുണ്ടാകും. 1,500 സിസി വരെയുള്ള കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമാക്കി. എസ്.യു.വി പോലുള്ളവയുടെ ജി.എസ്.ടി 40 ശതമാനമാക്കിയെങ്കിലും നഷ്ടപരിഹാര സെസ് എടുത്തുകളഞ്ഞതോടെ ഇവയുടെ വിലയും കുറയും. സെപ്റ്റംബര്‍ 22ന് പുതിയ നിരക്കുകള്‍ നിലവില്‍ വരും.