അമേരിക്കയ്ക്ക് പുറത്തായി ഗൂഗിളിന്റെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് (AI) ഹബ്ബ് ഇന്ത്യയില്‍ വരാന്‍ പോകുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗൂഗിള്‍ നടത്തിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എഐ ഹബ്ബ് നിര്‍മ്മിക്കുന്നതിന് 15 ബില്യണ്‍ ഡോളറാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഗൂഗിള്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. അടുത്ത അഞ്ചുവര്‍ഷത്തില്‍ (2026-2030) ഒരു ജിഗാവാട്ടിന്റെ ഡാറ്റ സെന്റര്‍ ക്യാംപസാണ് ഗൂഗിള്‍ വിശാഖപട്ടണത്ത് പദ്ധതിയിടുന്നത്.
അമേരിക്കയ്ക്ക് പുറത്തായി, ലോകത്തിലൊരിടത്ത് ഒരു എഐ ഹബ്ബിനായി ഗൂഗിള്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന് അറിയിച്ചു. ഈ പ്രോജക്ടിലൂടെ ഗൂഗിളിന്റെ മികവുറ്റ സാങ്കേതികവിദ്യയുടെ സേവനം ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും സംരംഭങ്ങള്‍ക്കും നല്കാന് കഴിയുമെന്നും അത് രാജ്യത്തിന്റെ എഐ മുന്നേറ്റത്തിനും വളര്‍ച്ചയ്ക്കും കരുത്തേകുമെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചു . വിശാഖപട്ടണത്ത് ഗൂഗിളിന്റെ എഐ ഹബ്ബ് വരുന്നതില്‍ സന്തോഷമുണ്ടെന്നും വികസിത് ഭാരത് എന്ന രാജ്യത്തിന്റെ സ്വപ്നത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രോജക്ട് ആണിതെന്നും സാങ്കേതികവിദ്യയെ ജനാധിപത്യവല്ക്കരിക്കുന്നതിന് പ്രോജക്ട് കരുത്തുപകരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു.
ഇന്ത്യ എഐ ഡാറ്റസെന്ററുകളുടെ പ്രധാനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നതിന്റെ ഏറ്റവുമൊടുവിലത്തെ തെളിവാണ് ഗൂഗിളിന്റെ വമ്പന്‍ നിക്ഷേപ പ്രഖ്യാപനം. ഇന്റെര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അതിവേഗം മുന്നേറുന്ന സാഹചര്യത്തില്‍ കൂടുതല്‍ ടെക് കമ്പനികള്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തുമെന്നാണ് കരുതുന്നത്. ഇതിനകം തന്നെ ആമസോണും മൈക്രോസോഫ്റ്റും ഓപ്പണ്എഐയുമെല്ലാം ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു.
എന്തുകൊണ്ടാണ് ഇന്ത്യ ടെക് കമ്പനികളുടെ പ്രിയപ്പെട്ട നിക്ഷേപകഹബ്ബായി മാറുന്നതെന്നും വിശാഖപട്ടണത്ത് വരാന്‍ പോകുന്ന ഗൂഗിളിന്റെ എഐ ഹബ്ബ് എന്താണെന്നും ഏതുവിധത്തിലാണ് ഇന്ത്യയ്ക്ക് ഈ പദ്ധതി ഗുണം ചെയ്യുകയെന്നും അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാം.
ലോകത്തിന്റെ എഐ ഹബ്ബാകാന്‍ ഇന്ത്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ഇന്ന് റിസര്‍ച്ച് ലാബുകളിലോ വമ്പന്‍ കോര്‍പ്പറേഷനുകളിലോ മാത്രമൊതുങ്ങുന്ന ഒന്നല്ല. എഐ സാധാരണക്കാരുടെ പോലും നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ലോകം എഐയുടെ ശക്തി തിരിച്ചറിയുന്ന ഈ യുഗത്തില്‍ ജനസംഖ്യ കൊണ്ടും സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് കൊണ്ടും ടെക് കമ്പനികളുടെ ഏറ്റവും വലിയ പ്രതീക്ഷയായി ഇന്ത്യ മാറുകയാണ്.
ഇന്ത്യയിലെ സാങ്കേതികമേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മേഖലയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 280 ബില്യണ്‍ ഡോളര്‍ കവിയുമെന്നാണ് അനുമാനം. രാജ്യത്തെ സാങ്കേതിക, എഐ മേഖലകളില്‍ ഏതാണ്ട് 6 ദശലക്ഷം ആളുകള്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്. 1,800-ലധികം ആഗോള ടെക് സെന്ററുകള്‍ ഇന്ത്യയിലുണ്ടെന്ന് പിഐബിയുടെ (പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) കണക്കുകള്‍. ഇതില്‍ 500-ലധികം സെന്റുകള്‍ എഐ കേന്ദ്രീകൃതമാണ്. ഏതാണ്ട് 1.8 ലക്ഷം ടെക് സറ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച 89 ശതമാനം സ്റ്റാര്‍ട്ടപ്പുകളും അവരുടെ ഉല്‍പ്പന്നങ്ങളിലോ സേവനങ്ങളിലോ എഐ ഉപയോഗിച്ചവയാണ്. രാജ്യത്തെ 87 ശതമാനം കമ്പനികളും എഐ പരിഹാരങ്ങള്‍ ഉപയോഗിക്കുന്നു. പ്രധാനമായും ഓട്ടോമോട്ടീവ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, റീട്ടെയ്ല്‍, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ആരോഗ്യപരിരക്ഷ എന്നീ മേഖലകളാണ് എഐ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്.
എല്ലാ ജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് രാജ്യത്തെ എഐ ആവാസവ്യവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ എഐയില്‍ ഇന്ത്യയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വമ്പന്‍ ടെക് കമ്പനികളെല്ലാം ഇന്ത്യയില്‍ നിക്ഷേപം നടത്തുകയാണ്. സ്റ്റാന്‍ഫോര്‍ഡിന്റെ എഐ സൂചികയില്‍ എഐ വൈദഗ്ധ്യം, ശേഷികള്‍, നയം എന്നിവയില്‍ ലോകത്തിലെ ആദ്യ നാല് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജിത്ഹബ്ബ്
എല്ലാ തലത്തിലും എഐ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു, രാജ്യ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന ശക്തിയായി വളര്‍ന്നിരിക്കുന്നു. കുഗ്രാമങ്ങളിലെ ജനങ്ങള്‍ക്കുള്ള ചികിത്സാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് മുതല്‍ കര്‍ഷകര്‍ക്ക് വിളകളെ കുറിച്ചുള്ള അറിവ് പകരുന്നത് വരെ എഐ നിത്യജീവിതത്തില്‍ വളരെ സ്മാര്‍ട്ടായ ഇടപെടലുകള്‍ നടത്തുന്നു, സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ലളിതമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എഐ അധിഷ്ഠിത ഡെവലപ്പര്‍ പ്ലാറ്റ്ഫോമായ GitHub-ലെ രണ്ടാമത്തെ വലിയ സേവന ദാതാക്കള്‍ ഇന്ത്യയാണ്, അത്രയും വലിയ എഐ ഡെവലപ്പര്‍ കമ്മ്യൂണിറ്റി ഇന്ത്യയിലുണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്. STEM (സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) മേഖലയില്‍ ശക്തമായ തൊഴില്‍വൈദഗ്ധ്യവും വിപുലമായ ഗവേഷണ സാഹചര്യങ്ങളും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക പുരോഗതിക്കും വികസിത ഭാരതത്തിനും ഏറ്റവും നല്ല ഉപാധികളിലൊന്നായിരിക്കും എഐ എന്ന് രാജ്യത്തെ ഭരണകര്‍ത്താക്കളും കരുതുന്നു.
ടെക് കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍
ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്മാര് ഇന്ത്യയിലേക്ക് ആകൃഷ്ടരാകാന്‍ പല കാരണങ്ങളുണ്ട്.
വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ വിപണി
നൂറുകോടിയോളം ഇന്റെര്‍നെറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. അതിനാല്‍ തന്നെ ഡാറ്റ, ക്ലൗഡ് സേവനങ്ങള്‍, എഐ ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ.
ടെക് വൈദഗ്ധ്യം
ഇന്ത്യയില്‍ ഉള്ളതുപോലെ ഐടി, എഞ്ചിനീയറിംഗ്, റിസര്‍ച്ച് മേഖലകളിലെ തൊഴില്‍ വൈദഗ്ധ്യം ഇന്ന് വേറെയെവിടെയും ഇല്ല. താരതമ്യേന കുറഞ്ഞ ചിലവില്‍ കൂടുതല്‍ തൊഴില്‍ നൈപുണ്യമുള്ള ജീവനക്കാരെ നേടാന്‍ നല്ലയിടമാണ് ഇന്ത്യ. നിക്ഷേപകര്‍ക്ക് ഗവേഷണ, വികസനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇത് നേട്ടമാകും. അതേസമയം ജനങ്ങള്‍ക്ക് കൂടുതല്‍ ജോലി, കഴിവുകള്‍ മെച്ചപ്പെടുത്തല്‍ എന്നീ നിലകളില്‍ ഇന്ത്യയ്ക്കും അത് ഗുണകരമാണ്.
നയങ്ങള്‍, ആനുകൂല്യങ്ങള്‍
ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് നികുതിയിളവുകളോ ആനുകൂല്യങ്ങളോ ഉണ്ട്. ഇതിലൂടെ ചിലവ് കുറയ്ക്കാനും വേഗത്തില്‍ അനുമതികള്‍ നേടിയെടുക്കാനും ഭൂമി നേടാനും, അടിസ്ഥാനസൗകര്യങ്ങള്‍ നേടാനും കമ്പനികള്‍ക്ക് സാധിക്കും.
കണക്ടിവിറ്റി
കണക്ടിവിറ്റിയിലും ഇന്ത്യ നല്ലൊരു ഓപ്ഷനാണ്. ആഴക്കടല്‍ കേബിള്‍ കണക്ടിവിറ്റി, ഫൈബര്‍ നെറ്റ് വര്‍ക്കിംഗ്, വേഗത്തില്‍ ലോകവുമായി കണക്ട് ചെയ്യുന്നതിനുള്ള മികച്ച റൂട്ടുകള്‍ തുടങ്ങി ഇന്ത്യയിലെ കണക്ടിവിറ്റി സാധ്യതകളും നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകമാണ്.
വൈദ്യുതി, ഊര്ജച്ചിലവുകള്
ഹരിത ഊര്‍ജ്ജ ഉല്‍പ്പാദനത്തിന് സര്‍ക്കാര്‍ തലത്തില്‍ പ്രോത്സാഹനം ലഭിക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് അതും നേട്ടമാകുന്നു. രാജ്യത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ നയങ്ങളും നിക്ഷേപസൗഹൃദമാണ്.
എഐയിലെ ആഗോളനയം
എഐയ്ക്ക് വലിയ രീതിയിലുള്ള കംപ്യൂട്ടിംഗ് ആവശ്യമാണ്. അതിനാല്‍ തന്നെ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികളെല്ലാം ലോകത്താകമാനം സേവനങ്ങള്‍ നല്കാന് സാധിക്കുന്ന അടിസ്ഥാനസൗകര്യങ്ങളാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലുള്ള വിശ്വാസം
ആഗോള ടെക് സേവനങ്ങളിലും ഉപഭോഗത്തിലും ഇന്ത്യ സ്ഥാനം ശക്തിപ്പെടുത്തുമ്പോള്‍ സ്ഥിരതയുള്ള, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടങ്ങളാണ് നിക്ഷേപകര്‍ രാജ്യത്ത് കാണുന്നത്.
ഇന്ത്യയ്ക്കുള്ള നേട്ടങ്ങള്‍
സാമ്പത്തിക വളര്‍ച്ച
ധാരാളം നേരിട്ടുള്ള വിദേശനിക്ഷേപവും അടിസ്ഥാന സൗകര്യത്തിനുള്ള ചിലവിടലും ഇന്ത്യയിലുണ്ടാകും. കെട്ടിടനിര്‍മ്മാണം, വൈദ്യുതി, കൂളിംഗ്, നെറ്റ്വര്‍ക്ക് തുടങ്ങിയ മേഖലകളും ഇതിലൂടെ ലാഭമുണ്ടാക്കും.
തൊഴില്‍
ഹൈ-സ്കില്‍, ടെക്നിക്കല്‍, സപ്പോര്‍ട്ട് എന്നീ തലങ്ങളിലായി പ്രത്യക്ഷമായും പരോക്ഷമായും ധാരാളം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും. ഗൂഗിളിന്റെ എഐ ഹബ്ബിലൂടെ 188,000 ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സൂചന.
അടിസ്ഥാനസൗകര്യം, കണക്ടിവിറ്റി
വേഗത കൂടിയ ഇന്റെര്‍നെറ്റ്, കണക്ടിവിറ്റി, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടും.
സാങ്കേതികമേഖല പുഷ്ടിപ്പെടും
പ്രാദേശികമായി ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാകും, ഇന്ത്യ കേന്ദ്രമാക്കിയുള്ള എഐ സേവനങ്ങള്‍ ആരംഭിക്കാനാകും.
ഡിജിറ്റല്‍ സൗകര്യങ്ങള്‍, ശേഷികള്‍
എഐ അധിഷ്ഠിത ടൂളുകളും സേവനങ്ങള്‍ കൂടുതലായി ആളുകളിലെത്തും. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം തുടങ്ങിയ മേഖലകള്‍ക്ക് ഇത് ഗുണം ചെയ്യും. ആളുകള്‍ക്ക് അവരുടെ തൊഴില്ശേഷികള് മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും. എഐ, എംഎല്, ഡാറ്റ എഞ്ചിനീയറിംഗ് മേഖലകളിലുള്ളവര്‍ക്ക് തൊഴില്‍സാധ്യതകള്‍ വര്‍ധിക്കും.
പരാശ്രയത്വം കുറയ്ക്കാനാകും
ഡാറ്റ സ്റ്റോറേജ്, കംപ്യൂട്ടിംഗ് എന്നിവയില്‍ മറ്റുള്ള രാജ്യങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ സാധിക്കും. വിവരങ്ങളുടെ സ്വകാര്യത, സുരക്ഷ എന്നിവ ഉറപ്പാക്കാനാകും.
ഗൂഗിളിന്റെ എഐ ഹബ്ബില്‍ എന്തെല്ലാം പ്രതീക്ഷിക്കാം
ജിഗാവാട്ട് തോതിലുള്ള അത്യാധുനിക ഡാറ്റ സെന്റര്‍ ആയിരിക്കും വിശാഖപട്ടണത്ത് ഗൂഗിളിന്റേതായി വരിക. വന്‍കിട ഊര്‍ജ സംവിധാനങ്ങള്‍ അവിടെ വരും.
- എഐ അടിസ്ഥാനസൗകര്യങ്ങള്‍, ഡാറ്റ സെന്റര്‍, പുനരുപയോഗ ഊര്‍ജ്ജം, ഫൈബര്‍ ഓപ്ടിക് നെറ്റ് വര്‍ക്കുകള്‍ എന്നിവ പ്രോജക്ടിന്റെ ഭാഗമായി വരും.
- പുതിയൊരു ഇന്റെര്‍നാഷണല്‍ സബ്സീ ഗേറ്റ്വേ വിശാഖപട്ടണത്ത് വരും. ഒന്നിലധികം ആഴക്കടല്‍ കേബിളുകള്‍ ഉള്‍ക്കൊള്ളാന്‍ അതിന് ശേഷിയുണ്ടാകും. ഇത് ആഗോള കണക്ടിവിറ്റി മെച്ചപ്പെടുത്തും.
- സംശുദ്ധ ഊര്‍ജ്ജ ഉല്‍പ്പാദനം, ട്രാന്സ്മിഷന് ലൈനുകള്‍, എനര്‍ജി സ്റ്റോറേജ് സംവിധാനങ്ങള്‍ എന്നിവയും പ്രോജക്ടിന്റെ ഭാഗമായി വരുമെന്ന് ഗൂഗിള്‍ പറയുന്നു.
- അദാനി ഗ്രൂപ്പുമായും ഭാരതി എയര്‍ടെല്ലുമായും ചേര്‍ന്നാണ് ഗൂഗിള്‍ എഐ ഹബ്ബ് സ്ഥാപിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഫൈബര്‍ നെറ്റ്വര്ക്കുകള് സ്ഥാരപിക്കുന്നതിലും ഇവര്‍ പിന്തുണ നല്‍കും.
ഇന്ത്യയിലെ എഐ നിക്ഷേപങ്ങള്‍
ഗൂഗിളിന് മുമ്പ് ഇന്ത്യയില്‍ എഐ നിക്ഷേപം നടത്തിയിട്ടുള്ള മറ്റ് കമ്പനികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ആമസോണ്‍
ആമസോണ്‍ ഡോട്ട് കോമിന്റെ ആമസോണ്‍ വെബ് സര്‍വ്വീസ് 12.7 ബില്യണ്‍ ഡോളര്‍ അടുത്ത അഞ്ചുവര്‍ഷങ്ങളിലായി ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. ഇന്ത്യയില്‍ ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ആമസോണിന്റെ ലക്ഷ്യം. 100,000 ജോലികളാണ് പദ്ധതിയുടെ ഭാഗമായി പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ മുംബൈയിലും ഹൈദരാബാദിലുമായി ആമസോണ്‍ വെബ് സര്‍വ്വീസിന് ഇന്ത്യയില്‍ രണ്ട് ഡാറ്റ സെന്ററുകളുണ്ട്.
ഓപ്പണ്‍ എഐ
ചാറ്റ്ജിപിടിയുടെ നിര്‍മ്മാതാക്കളായ ചാറ്റ്ജിപിടി പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഡാറ്റ സെന്റര്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. ഒരു ജിഗാവാട്ട് ശേഷിയുള്ള സെന്ററാണ് ഓപ്പണ്‍ എഐ പദ്ധതിയിടുന്നത്.
ടിസിഎസ്
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് ലിമിറ്റഡ് കഴിഞ്ഞിടെ തങ്ങളുടെ വമ്പന്‍ എഐ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 6.5 ബില്യണ്‍ ഡോളര്‍ ചിലവില്‍ ഒരു ജിഗാവാട്ടിന്റെ ഡാറ്റ സെന്റര്‍ ആണ് അവര്‍ പദ്ധതിയിടുന്നത്.
ഗൂഗിളിന് ഇന്ത്യയോടുള്ള പ്രത്യേക ഇഷ്ടം
ഇന്ത്യക്കാരനായ സിഇഒ എന്നതുമാത്രമല്ല ഗൂഗിളിന് ഇന്ത്യയോടുള്ള അടുപ്പം. ഗൂഗിളിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. യൂട്യൂബ് വീഡിയോ സേവനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള രാജ്യവും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ കൂടുതല്‍ ഉള്ള രാജ്യവുമാണ് ഇന്ത്യ.