തുടര്‍ച്ചയായി രണ്ടാം ദിവസവും റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറി സ്വര്‍ണവില. ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജൂവലേഴ്സ് അസോസിയേഷന് കണക്കുകള്‍ പ്രകാരം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 583 രൂപ വര്‍ധിച്ച് 1,02,089 രൂപയിലെത്തി. 1,01,506 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 94,050 രൂപയായി ഉയര്‍ന്നു.
യുഎസ് താരിഫുകള്‍ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും യുഎസ് ഫെഡിനെ വരുതിയിലാക്കാന്‍ പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളും ഉക്രെയ്ന് യുദ്ധം കൂടുതല്‍ തീവ്രമാകുന്നതടക്കം ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് സ്വര്‍ണത്തിന്റെ വില വീണ്ടും റെക്കോഡ് ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഇന്ത്യയില്‍ ഉല്‍സവ സീസണുകള്‍ എത്തിയതും സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് കാരണമാകുന്നുണ്ട്.
കേരളത്തിലും റെക്കോഡ് വില
കേരളത്തിലും സ്വര്‍ണവില ഉയരങ്ങളിലേക്കാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 65 രൂപ വര്‍ധിച്ച് 9470 രൂപയിലെത്തി. പവന് 520 രൂപ വര്‍ധിച്ച് 75760 രൂപയാണ് വില. ഓഗസ്റ്റ് എട്ടിന് സ്വര്‍ണവില ഇതേ ഉയരത്തിലെത്തി റെക്കോഡിട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും വര്‍ധിച്ചു. വിവാഹ സീസണ് സജീവമായിരിക്കെയാണ് സ്വര്‍ണ വിലയും ഉയരുന്നത്. അഡ്വാന്‍സ് ആയി സ്വര്‍ണം ബുക്ക് ചെയ്തവര്‍ക്ക് നേട്ടമായിട്ടുണ്ടെങ്കിലും പുതുതായി സ്വര്‍ണം വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ക്ക് ആശങ്കയുടെ കാലമാണിത്.
വെള്ളിയും കുതിക്കുന്നു
സ്വര്‍ണത്തോടൊപ്പം തന്നെ കുതിക്കുകയാണ് വെള്ളി വിലയും. ഇന്ത്യയില്‍ വെള്ളിവില കിലോയ്ക്ക് 146 രൂപ വര്‍ധിച്ച് 1,17,256 രൂപയിലെത്തി. 2025 അവസാനമാവുമ്പോഴേക്കും വെള്ളിവില 1.30 ലക്ഷം രൂപയിലെത്തുമെന്ന് കേഡിയ കമ്മോഡിറ്റി പ്രവചിക്കുന്നു. 34% മുന്നേറ്റത്തോടെ വെള്ളിവില 1.46 ലക്ഷം രൂപയിലെത്തുമെന്ന് മണികണ്ട്രോള് അനുമാനിക്കുന്നു.