ഇന്‍ഫോസിസ് ഓസ്ട്രേലിയന്‍ ടെലികോം കമ്പനിയുമായി കൈകോര്‍ക്കുന്നു. ഓസ്ട്രേലിയന്‍ ടെലികോം, സാങ്കേതികവിദ്യ രംഗത്തെ പ്രബലരായ ടെല്‍സ്ട്രയുടെ ഉപകമ്പനിയായ വെന്സെന്റ് ഗ്രൂപ്പിന്റെ 75 ശതമാനം ഓഹരികള്‍ ഇന്‍ഫോസിസ് വാങ്ങി. കമ്പനിയുടെ എഐ ശേഷികള്‍ വിപുലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. 153 മില്യണ്‍ ഡോളറിന്റേതാണ് (1300 കോടി രൂപ) ഇടപാട്.
ഓസ്ട്രേലിയയിലെ ബാങ്കിംഗ്, ഊര്‍ജം, സര്‍ക്കാര്‍, വിദ്യാഭ്യാസം, യൂട്ടിലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് ക്ലൗഡ് സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് വെര്‍സെന്റ് ഗ്രൂപ്പെന്ന് പ്രസ്താവനയിലൂടെ ഇന്‍ഫോസിസ് അറിയിച്ചു. ഓസ്ട്രേലിയന്‍ കോംപെറ്റീഷന് ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്റെയും ഫോറിന് ഇന്‍വെസ്റ്റ്മെന്റ് റിവ്യൂ ബോര്‍ഡിന്റെയും അനുമതിക്ക് ശേഷം 2026 സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ ഇടപാട് പൂര്ത്തിയാരുമെന്നാണ് കരുതപ്പെടുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കയില്‍ ലിസ്റ്റ് ചെയ്ത ഇന്‍ഫോസിസ് ഓഹരികളുടെ വില 1.6 ശതമാനം വര്‍ധിച്ച് 16.33 ഡോളറിലെത്തി.
2024ലാണ് ഇന്‍ഫോസിസ് ടെല്സ്ത്രയുമായി ദീര്‍ഘകാല സഹകരണ കരാറില്‍ ഒപ്പുവെച്ചത്. ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, ടെലികോം കമ്പനിയുടെ ഐടി, സോഫ്റ്റ്വെയര് എഞ്ചിനീയറിംഗ് പരിവര്‍ത്തനം വേഗത്തിലാക്കുക എന്നിവയായിരുന്നു കരാറിന്റെ ലക്ഷ്യം.