പണ്ട് മുക്കിന് മുക്കിന് ചായക്കട കാണുന്നത് പോലെയാണ് ഇന്ന് മക്ഡൊണാള്‍ഡ്സും കെഎഫ്സിയും ഡോമിനോസുമെല്ലാം. അതുമാത്രമല്ല ശീതളപാനീയ കടകളില്‍ നിരനിരയായി കൊക്കോകോളയും പെപ്സിയും ഞെളിരിക്കും. ഇതുകൂടാതെ ആമസോണ്‍, ആപ്പിള്‍ എല്ലാം നമ്മുടെ പ്രിയപ്പെട്ട ബ്രാന്സുകളാണ്. പക്ഷേ ഇവയെല്ലാം അമേരിക്ക ആസ്ഥാനമായ മള്‍ട്ടിനാഷണല്‍ കമ്പനികളാണ്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയായ ഇന്ത്യ ഇവരുടെ പ്രധാനവിപണിയുമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി വര്‍ധന നീക്കത്തിനെതിരെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വര്‍ജ്ജിച്ച് ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി പ്രതികരിച്ചാല്‍ ഇവരുടെ ലാഭത്തില്‍ ചെറിയ വീഴ്ചയല്ല സംഭവിക്കുക.
വന്‍കിട ബിസിനസുകാരും മോദി അനുകൂലികളും ഇതിനകം തന്നെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വര്‍ജ്ജിക്കണമെന്ന ആഹ്വാനം മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷേ ഇതുവരെ രാജ്യത്ത് അമേരിക്ക വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭം കൊയ്യുന്ന അമേരിക്കന്‍ ബിസിനസുകള്‍ക്ക് അത് താങ്ങാനായില്ലെന്ന് വരും.
അമേരിക്കന്‍ കമ്പനികളുടെ സ്വപ്ന വിപണി
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ അമേരിക്കന്‍ ബ്രാന്‍ഡുകളെല്ലാം ഇന്ത്യയില്‍ അതിവേഗം അവരുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നമ്മള് കാണുന്നുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ ഉയര്‍ന്ന ജീവിത നിലവാരത്തെ സൂചിപ്പിക്കുന്നുവെന്ന പലര്‍ക്കുമുള്ള മിഥ്യാധാരണ അമേരിക്കന്‍ ബ്രാന്‍ഡുകള്‍ക്ക് എളുപ്പത്തില്‍ ഇന്ത്യയില്‍ വേരോടാന്‍ സഹായകമായെന്ന് വേണം പറയാന്‍.
ടെക്ക് കമ്പനിയായ മെറ്റയുടെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഏറ്റവുമധികമുള്ള രാജ്യമാണ് ഇന്ത്യ. അതുപോലെ പിസ്സ ബ്രാന്‍ഡായ ഡോമിനോസിന് മറ്റേതൊരു രാജ്യത്ത് ഉള്ളതിനേക്കാള്‍ റെസ്റ്റോറന്റുകള്‍ ഇന്ത്യയിലുണ്ട്. പെപ്സി, കൊക്കോകോള എന്നീ അമേരിക്കന്‍ ശീതളപാനീയങ്ങള്‍ക്കും ഇന്ത്യയില്‍ വലിയ ഡിമാന്‍ഡാണ്. പുതിയൊരു ആപ്പിള്‍ സ്റ്റോര്‍ തുടങ്ങുമ്പോഴും സ്റ്റാര്‍ബക്ക്സില്‍ ഡിസ്കൗണ്ട് വരുമ്പോഴും നമ്മള് ഇന്ത്യക്കാര്‍ ക്യൂവായി അവിടെ ചെന്നുനില്ക്കും.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇത്രയും വലിയ വിപണിയെ ഒട്ടുംതന്നെ ഗൗനിക്കാതെയാണ് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടില്ലെങ്കിലും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വര്‍ജ്ജിക്കണമെന്ന് ആഹ്വാനം അത്ര ശക്തമല്ലെങ്കില്‍ കൂടിയും സോഷ്യല്‍ മീഡിയയിലും അല്ലാതെയും പലരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.