2008 ല്‍ പ്രയാണമാരംഭിച്ചതു മുതല്‍ ലോകത്തെ ഏറ്റവും ഫാന്‍ ഫോളോയിംഗുള്ള കാഷ് റിച്ചായ ക്രിക്കറ്റ് ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന ഐപിഎല്‍. ആരാധകരെയും താരങ്ങളെയും സെലിബ്രിറ്റികളെയും സംരംഭകരെയുമെല്ലാം ഒരു മൈതാനത്തിലെ ആവേശത്തിലേക്ക് ഒരുമിച്ചു ചേര്‍ത്ത ഗംഭീര ഇവന്റ്. ക്രിക്കറ്റിനേടുള്ള ലോകത്തിന്റെ വീക്ഷണത്തെ തന്നെ ഐപിഎല്‍ മാറ്റിയെഴുതി. ജെന്റില്‍മാന്‍സ് ഗെയിമെന്ന പ്രതിച്ഛായ തച്ചുടച്ച് ക്രിക്കറ്റിനെ ഗ്ലാമറിന്റെയും ഡോളറിന്റെയും ലോകത്തേക്ക് കൊണ്ടുപോകാന്‍ ഐപിഎല്‍ വലിയ പങ്ക് വഹിച്ചു.
ലളിത് മോഡിയുടെ ഭ്രാന്തെന്നൊക്കെ ഐപിഎല്‍ പരിഹസിക്കപ്പെട്ട കാലം. ലീഗിന്റെ വിജയ സാധ്യതകളെക്കുറിച്ച് ഒരുറപ്പും ഇല്ലാതിരുന്ന ഇത്തരമൊരു കാലത്തായിരുന്നു ബോളിവുഡ് നടന് ഷാഹ് രുഖ് ഖാന്റെ ധീരമായ നിക്ഷേപ തീരുമാനം. ഐപിഎലിന്റെ തുടക്കത്തില്‍ തന്നെ അതിന്റെ അപാരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞവരിലൊരാളായിരുന്നു ഷാഹ് രുഖ്. അതുകൊണ്ടു തന്നെ അമാന്തിച്ചു നിക്കാതെ ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി അദ്ദേഹം കൂട്ടുകെട്ടുണ്ടാക്കി.
ഷാഹ് രുഖും ജൂഹിയും പിന്നെ കുടുംബവും
165 കോടി രൂപ മുടക്കിയാണ് 2008 ല്‍ കെകെആറിന്റെ 55% ഓഹരികള്‍ എസ്ആര്‍കെയുടെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സ് സ്വന്തമാക്കിയത്. 300 കോടി രൂപ മൂല്യമാണ് കെകെആറിന് അന്ന് കണക്കാക്കിയിരുന്നത്. ശേഷിക്കുന്ന 45% ഓഹരികള്‍ നടി ജൂഹി ചൗളയുടെയും ഭര്‍ത്താവും വ്യവസായിയുമായ ജയ് മെഹ്ത്തയുടേയും ഉടമസ്ഥതയിലുള്ള മെഹ്ത്ത ഗ്രൂപ്പിനായിരുന്നു.
ലളിത് മോഡിക്ക് നാട് വിടേണ്ടി വന്നെങ്കിലും ഐപിഎല്‍ എല്ലാ തലങ്ങളിലും ഒരു തകര്‍പ്പന്‍ ഹിറ്റായി. ഐപിഎലിനൊപ്പവും ചിലപ്പോഴെല്ലാം അതിന് മുകളിലും വളര്‍ച്ചാ നിരക്ക് കെകെആര്‍ നേടി. കാശ് വാരിയെറിഞ്ഞ് ലോകത്തെ വമ്പന്‍ താരങ്ങളെയെല്ലാം ഷാഹ് രുഖും കൂട്ടരും കൊല്‍ക്കത്തയിലെത്തിച്ച് നൈറ്റ് റൈഡര്‍മാരാക്കി. 2012 ലും 2014 ലും ഐപിഎല്‍ കിരീടങ്ങളില്‍ ടീം മുത്തമിട്ടു. ബ്രാന്‍ഡിംഗിലും മാര്‍ക്കറ്റിംഗിലും ആരാധകരെ കൂട്ടിച്ചേര്ക്കുന്നതിലുമെല്ലാം കിംഗ് ഖാന് മുന്നില്‍ നിന്നു നയിച്ചു.
വിദേശ നൈറ്റ് റൈഡര്‍മാര്‍
വിദേശ ലീഗുകളില്‍ ടീമുകളെ സ്വന്തമാക്കി ആഗോള തലത്തില്‍ കെകെആര്‍ സാന്നിധ്യമറിയിച്ചു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെയും യുഎഇയിലെ ഇന്റര്‍നാഷണല്‍ ലീഗ് ടി20 യില്‍ (ഐഎല്‍ടി20) അബുദാബി അബുദാബി നൈറ്റ് റൈഡേഴ്സിനെയും യുഎസ്എയിലെ മേജര്‍ ലീഗ് ക്രികറ്റില്‍ (എംഎല്‍സി) ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സിനെയും കെകെആര്‍ സ്വന്തമാക്കി.
വരവ് പലവഴി

ഐപിഎലിന്റെ പരസ്യ വരുമാനത്തിന്റെയും സംപ്രേഷണ കരാര്‍ തുകയുടെയും വിഹിതമാണ് കെകെആറിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്ന്. സ്പോണ്‍സര്‍ഷിപ്പുകളിലൂടെയും മെര്‍ച്ചന്‍ഡൈസ് വില്‍പ്പനയിലൂടെയും കാര്യമായ വരുമാനമുണ്ട്. ടീം ജഴ്സി, ക്രിക്കറ്റ് കിറ്റുകള്‍, ക്യാപ്പുകള്‍, ബാഡ്ജുകള്‍, മൊബൈല്‍ ഫോണ്‍ കവറുകള്‍, വാലറ്റുകള്‍, കോഫി മഗ്ഗുകള്‍ തുടങ്ങി നിരവധി പ്രൊഡക്റ്റുകളാണ് കെകെആര്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നത്. ഒഫീഷ്യല്‍ വെബ്സൈറ്റിലൂടെയും ഇ-കൊമേഴ്സ് സൈറ്റിലൂടെയും ഹോം മല്‍സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളിലെ ഔട്ട്ലെറ്റുകളിലൂടെയും കോടികളുടെ ബിസിനസാണ് നടക്കുന്നത്. വിവിധ ലീഗുകളിലുള്ള ടീമുകളിലൂടെയും കെകെആറിന് വരുമാനമുണ്ട്. ഡിജിറ്റല്‍-സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വരുമാനം എത്തുന്നു.
40 ഇരട്ടിയിലേറെ വളര്‍ച്ച
17 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ഏകദേശം 14,000-15,000 കോടി രൂപയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിപണി മൂല്യം. 165 കോടി രൂപയില്‍ നിന്ന് ഏകദേശം 7,000-8,000 കോടി രൂപയിലേക്ക് ബോളിവുഡിലെ ബാദ്ഷായുടെ നിക്ഷേപം വളര്‍ന്നിരിക്കുന്നു. 40 ഇരട്ടിയിലേറെ വളര്‍ച്ച! നിസംശയം ഷാഹ് രുഖിന്റെ ഏറ്റവും മികച്ച നിക്ഷേപങ്ങളിലൊന്നായി മാറി കെകെആര്‍.

ഭാവി വളര്‍ച്ചാ സാധ്യത മുന്നില്‍ കണ്ട് ഐപിഎല്‍ ടീമില്‍ നിക്ഷേപം ഉയര്‍ത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം. 45% ഓഹരി കൈവശമുള്ള മെഹ്ത്ത ഗ്രൂപ്പില്‍ നിന്ന് 35% ഓഹരികള്‍ വാങ്ങി തന്റെ വിഹിതം 90 ശതമാനമായി അദ്ദേഹം വര്‍ധിപ്പിക്കും. 4,000 കോടി രൂപയാണ് ഇതിനായി മുടക്കുക. ടീമിന്റെ പൂര്‍ണ നിയന്ത്രണം ഇതോടെ എസ്ആര്‍കെയുടെ കൈകളിലാവും. ആഗോള സ്പോര്‍ട്സ് ബിസിനസ് രംഗത്തെ തിമിംഗലങ്ങളിലൊന്നായി ഈ നിക്ഷേപം ഷാഹ് രുഖിനെ ഉയര്‍ത്തും. സ്പോര്‍ട്സ് ബിസിനസ് രംഗത്തെ അനന്ത സാധ്യതകളിലേക്കാണ് ഈ നിക്ഷേപം വിരല്‍ ചൂണ്ടുന്നത്.




