20% ബിസിനസുകളെങ്കിലും തുടങ്ങിയ ആദ്യ വര്‍ഷത്തില്‍ തന്നെ പരാജയപ്പെടുന്നു എന്നതാണ് കണക്ക്. 75% ബിസിനസുകള്‍ പത്തു വര്‍ഷത്തിനുള്ളില്‍ ഇല്ലാതെയാകുകയും 25% ബിസിനസുകള്‍ മാത്രം പതിനഞ്ചു വര്‍ഷത്തിനു മുകളില്‍ നിലനില്ക്കുകയും ചെയ്യുന്നു. വ്യക്തമായ ബിസിനസ് പ്ലാന്‍ തയ്യാറാക്കിയതിനു ശേഷമല്ല ഭൂരിഭാഗം സംരംഭകരും ബിസിനസ് ആരംഭിക്കുന്നത്. മൂലധനത്തിന്റെ കൃത്യമായ അളവോ ആവശ്യകതയോ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതില്‍ അവര്‍ ശ്രദ്ധ ചെലുത്തുന്നുമില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ നിങ്ങള്‍ക്ക് സാമ്പത്തിക അച്ചടക്കം പാലിക്കാം എന്നുനോക്കാം. അതിന് മാര്‍ഗങ്ങളാണ് ഈ ലക്കത്തില്‍ വിശദമാക്കുന്നത്.

ബിസിനസുകള്‍ പരാജയപ്പെടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത് ബിസിനസ് അകപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. മൂലധനത്തിന്റെ ചോര്‍ച്ച സംഭവിക്കുകയും സുഗമമായി ബിസിനസ് നടത്തുവാനുള്ള പ്രവര്‍ത്തന മൂലധനം ഇല്ലാതെയാകുകയും ചെയ്യുന്നതോടെ ബിസിനസ് രൂക്ഷമായ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്നു. മൂലധനം കാര്യക്ഷമമായി കൈകാര്യം ചെയ്യുവാന്‍ സംരംഭകന് അനുഭവസമ്പത്തും സാമ്പത്തിക അച്ചടക്കവും ആവശ്യമുണ്ട്. ഈ പോരായ്മ ബിസിനസിനെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
20% ബിസിനസുകളെങ്കിലും തുടങ്ങിയ ആദ്യ വര്‍ഷത്തില്‍ തന്നെ പരാജയപ്പെടുന്നു എന്നതാണ് കണക്ക്. 75% ബിസിനസുകള്‍ പത്തു വര്‍ഷത്തിനുള്ളില്‍ ഇല്ലാതെയാകുകയും 25% ബിസിനസുകള്‍ മാത്രം പതിനഞ്ചു വര്‍ഷത്തിനു മുകളില്‍ നിലനില്ക്കുകയും ചെയ്യുന്നു. വ്യക്തമായ ബിസിനസ് പ്ലാന്‍ തയ്യാറാക്കിയതിനു ശേഷമല്ല ഭൂരിഭാഗം സംരംഭകരും ബിസിനസ് ആരംഭിക്കുന്നത്. മൂലധനത്തിന്റെ കൃത്യമായ അളവോ ആവശ്യകതയോ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതില്‍ അവര്‍ ശ്രദ്ധ ചെലുത്തുന്നുമില്ല. ബിസിനസിന്റെ നിലനില്‍പ്പിനും മുന്നോട്ടുള്ള യാത്രയ്ക്കും വളര്‍ച്ചയ്ക്കും പ്രവര്‍ത്തന മൂലധനം കൂടിയേ തീരൂ. ആദ്യ ഘട്ടങ്ങളില്‍ സംരംഭകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് സ്ഥിര മൂലധനത്തിനാണ്.

എന്നാല്‍ ബിസിനസിനെ ഉല്‍പ്പാദനക്ഷമമായി പ്രവര്ത്തിപ്പിക്കുവാനാവശ്യമായ പ്രവര്‍ത്തന മൂലധനത്തിന്റെ ലഭ്യത ഉറപ്പു വരുത്താന്‍ പലപ്പോഴും അവര്‍ക്ക് സാധിക്കുന്നില്ല. ശക്തമായ സാമ്പത്തിക അച്ചടക്കം ബിസിനസില്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഇത് സാധ്യമാകൂ. സാമ്പത്തിക അച്ചടക്കമെന്ന് പറയുമ്പോള്‍ ബിസിനസില്‍ രൂപീകരിക്കുന്ന നയങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. എങ്ങിനെയും ബിസിനസ് ചെയ്യുക എന്നതിലുപരി ശക്തമായ നയങ്ങളാല്‍ കെട്ടുറപ്പുള്ള ഒരു ചട്ടക്കൂടിനുള്ളില്‍ ബിസിനസ് ചെയ്യുക എന്നതാണ് ബിസിനസിനെ വിജയിപ്പിക്കുവാനുള്ള മികച്ച മാര്‍ഗ്ഗം. ഇതിന് സഹായകരമാകുന്ന 10 നിര്‍ദ്ദേശങ്ങള്‍ താഴെ ചര്‍ച്ച ചെയ്യുന്നു.
1. കടം നല്കി വില്‍പ്പന കൂട്ടാന്‍ ശ്രമിക്കാതിരിക്കുക
കടം നല്കിയാല് വാങ്ങാന്‍ ധാരാളം ആളുണ്ടാകും. കടം നല്‍കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ശക്തമായ ഒരു ക്രെഡിറ്റ് പോളിസി രൂപീകരിക്കുക. ഉപഭോക്താക്കളുടെ വിശ്വാസ്യത പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം ഉപാധികളോടെ മാത്രം കടം കൊടുക്കുക. ഡെ്റ്റേഴ്സിനെ സമയബന്ധിതമായി ഫോളോഅപ്പ് ചെയ്ത് പണം ശേഖരിക്കുക. അനാവശ്യമായി കടം നല്കി വില്‍പ്പന കൂട്ടാന്‍ ശ്രമിക്കരുത്.
2. സ്റ്റോക്കില്‍ പണം കുടുങ്ങരുത്
ആവശ്യത്തില്‍ കൂടുതല്‍ സ്റ്റോക്ക് എന്നാല്‍ അനാവശ്യമായി പണം വിനിയോഗിക്കുന്നു എന്നര്‍ത്ഥം. വില്‍പ്പനയ്ക്ക് ആനുപാതികമായുള്ള സ്റ്റോക്ക് സൂക്ഷിച്ചാല്‍ മതിയാകും. സ്റ്റോക്കില്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരിക. ബിസിനസിനാവശ്യമായ പ്രവര്‍ത്തന മൂലധനം സ്റ്റോക്കില്‍ കുടുങ്ങിപ്പോകുകയും സാമ്പത്തിക ഞെരുക്കം വിട്ടുമാറാത്ത അവസ്ഥ ബിസിനസില്‍ സംജാതമാകുകയും ചെയ്യും.

3. ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാതിരിക്കുക
കൂടുതലുള്ള ഓരോ ജീവനക്കാരനും ബിസിനസിന് സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു. സ്ഥാപനത്തിന്റെ ഒരു ഓര്‍ഗനൈസേഷണല്‍ ചാര്‍ട്ട് മുന്‍കൂട്ടി തയ്യാറാക്കിയാല്‍ ആവശ്യമില്ലാത്ത നിയമനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ഓരോ ജീവനക്കാരനും ചെയ്യേണ്ട ഡ്യൂട്ടികള്‍ കൃത്യമായി നിര്‍വചിക്കുകയും അവരില്‍ നിന്നും ലഭിക്കേണ്ട റിസള്‍ട്ട് എന്താണെന്ന വ്യക്തമായ ധാരണ രൂപീകരിക്കുകയും ചെയ്താല്‍ നിയമനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കും.
4. ബിസിനസിനു യോജിച്ച അടിസ്ഥാനസൗകര്യങ്ങള്‍ മാത്രം
ബിസിനസിന് എന്താണോ ആവശ്യം അതിനു യോജിച്ച അടിസ്ഥാനസൗകര്യങ്ങള്‍ മാത്രം ഏര്‍പ്പെടുത്തുക. സ്ഥലത്തിലോ, കെട്ടിടത്തിലോ, യന്ത്രങ്ങളിലോ മറ്റ് ആസ്തികളിലോ അനാവശ്യമായി പണം മുടക്കരുത്. ബിസിനസ് വളരുന്നതിനനുസരിച്ചു മാത്രം അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കുക.
5. ആര്ഭാടത്തില് നിന്നും അകന്നു നില്ക്കുക
ബിസിനസില്‍ വരുന്ന പണം ആര്ഭാടങ്ങള്ക്കായി വിനിയോഗിക്കാതിരിക്കുക. പണം ബിസിനസില്‍ നിലനിര്‍ത്തുകയാണ് ബിസിനസ് മെച്ചപ്പെടുത്താനും വളര്‍ത്തുവാനുമുള്ള മാര്‍ഗ്ഗം. ബിസിനസിലെ പ്രവര്‍ത്തന മൂലധനം പിന്‍വലിച്ച് സ്ഥിര ആസ്തികള്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ അത് പിന്നീട് വിനാശകരമായി മാറും. ബിസിനസിലെ പണം ബുദ്ധിപരമായി മാത്രം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക.

6. വളരെ സൂക്ഷിച്ചു മാത്രം മറ്റ് പ്രോജക്റ്റുകളിലെ നിക്ഷേപം
നിലവിലുള്ള ബിസിനസില്‍ നിന്നും പണം വലിച്ച് പുതിയ പ്രോജക്റ്റുകളില്‍ നിക്ഷേപിക്കുമ്പോള്‍ സൂക്ഷിക്കുക. കൃത്യമായ പ്ലാനിംഗോടെ നടപ്പിലാക്കിയില്ലെങ്കില്‍ ബിസിനസ് അവതാളത്തിലാകും. ലാഭത്തിന്റെ ഒരു ഭാഗം മാത്രം ഇത്തരം നിക്ഷേപങ്ങള്‍ക്കായി മാറ്റിവെക്കുക.
നിലവിലുള്ള ബിസിനസിനെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാവണം പുതിയ പ്രോജക്റ്റുകളില്‍ മൂലധന നിക്ഷേപം നടത്തേണ്ടത്.
7. ബിസിനസില്‍ നിന്നും വ്യക്തിപരമായ ചെലവുകള്‍ ഒഴിവാക്കുക
ഉടമസ്ഥന്റേയും കുടുംബത്തിന്റേയും വ്യക്തിപരമായ ചെലവുകള്‍ ബിസിനസില്‍ നിന്നും നടപ്പിലാക്കുന്നത് ഒഴിവാക്കുക. ബിസിനസും വ്യക്തിജീവിതവും രണ്ടായി കാണാന്‍ കഴിയണം. ഉടമസ്ഥര്‍ക്ക് ബിസിനസില്‍ നിന്നും മറ്റ് ജീവനക്കാരെപ്പോലെ തന്നെ ശമ്പളം നിശ്ചയിക്കാം. വ്യക്തിപരമായ ചെലവുകള്‍ അവര്‍ക്ക് അത്തരം ശമ്പളത്തില്‍ നിന്നും നടത്താം. ഇത് അനാവശ്യമായ ഡ്രോയിങ്ങ്സുകള് ഒഴിവാക്കാന്‍ സഹായകരമാകും, ചെലവുകള്‍ക്ക് നിയന്ത്രണവും സാധ്യമാകും.

8. ബജറ്റ് വഴി നിയന്ത്രണം
ബജറ്റുകള്‍ വലിയ ബിസിനസുകള്‍ക്ക് മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണയുണ്ട്. ചെറിയ ബിസിനസുകള്‍ക്കും ബജറ്റുകള്‍ ആവശ്യമാണ്. ബജറ്റുകള്‍ തയ്യാറാക്കി നടത്തുന്ന ചെലവുകള്‍ കൂടുതല്‍ നിയന്ത്രണമുള്ളതാകും. ചെലവിടുന്നതിനു മുന്‍പു തന്നെ ചെലവുകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭ്യമാകും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാനും ശക്തമായ സാമ്പത്തിക അച്ചടക്കം പുലര്‍ത്താനും ബജറ്റുകള്‍ സഹായിക്കും.
9. ടാക്സുകള്‍ കൃത്യമായി അടയ്ക്കുക
ജിഎസ്റ്റി ഉള്‍പ്പെടെയുള്ള നികുതികള്‍ യാതൊരു അലംഭാവവുമില്ലാതെ കൃത്യസമയത്ത് അടയ്ക്കുകയും റിട്ടേണുകള്‍ ഫയല്‍ ചെയ്യുകയും വേണം. ബിസിനസില്‍ ശേഖരിക്കുന്ന നികുതികള്‍ മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കരുത്. ഇത് പിന്നീട് ബിസിനസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കും. ബിസിനസിന്റെ വിശ്വാസ്യതയും തകരും.
10. ലാഭം കൂടുമ്പോള്‍ ശ്രദ്ധയും കൂട്ടുക
പണത്തിന് ഞെരുക്കം വരുന്ന സമയത്ത് മാത്രം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയാണ് പൊതുവേ സംരംഭകര്‍ സ്വീകരിക്കുന്ന രീതി. എന്നാല്‍ നല്ല സംരംഭകര്‍ എല്ലാ അവസ്ഥകളിലും പണത്തിന് മേല്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. ബിസിനസില്‍ നല്ല ലാഭമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അധികം ആലോചിക്കാതെ പണം ചെലവിടുന്ന മാനസികാവസ്ഥ ഉടലെടുക്കും. ഇത് അപകടകരമാണ്. വരുന്ന ലാഭം ബുദ്ധിപരമായി വിനിയോഗിക്കാന്‍ ശ്രമിക്കണം. കൈവിട്ടു പോകുന്ന പണം തിരികെ കിട്ടുക എളുപ്പമല്ലെന്നോര്ക്കുക..
മുകളില്‍ നാം ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ബിസിനസില്‍ ശക്തമായ സാമ്പത്തിക അച്ചടക്കം കൊണ്ടു വരാന്‍ നിങ്ങളെ സഹായിക്കും. പണത്തിന്റെ വിനിയോഗത്തില്‍ അലംഭാവം ഒഴിവാക്കുകയും പ്രവര്‍ത്തന മൂലധനം ബിസിനസില്‍ നിലനിര്‍ത്താന്‍ കഴിയുകയും ചെയ്യുന്നതോടെ ബിസിനസിന്റെ സാമ്പത്തിക ശക്തി ഉയരുന്നു. ഇത് എതിരാളികള്‍ക്ക് മേല്‍ അധീശത്വം നേടാനും വിപണിയില്‍ വിജയം നേടാനും സഹായകരമാകും.
ഓരോ ദിവസവും ബിസിനസിലെ കണക്കുകള്‍ പരിശോധിക്കുക. നിയന്ത്രണങ്ങള്‍ പാലിച്ചാണോ പണം ചെലവഴിക്കപ്പെടുന്നതെന്ന് ഉറപ്പു വരുത്തുക. ആവശ്യമായ ഭേദഗതികള്‍ അതാതു ദിവസം തന്നെ നടപ്പിലാക്കുക. കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാത്ത ബിസിനസുകളാണ് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകുന്നത്. ചെറിയ ലാഭങ്ങള്‍ക്ക് വേണ്ടി ബിസിനസിനെ കുരുതി കൊടുക്കാതിരിക്കുക. സാമ്പത്തിക അച്ചടക്കം നടപ്പിലാക്കുമ്പോള്‍ ചെറിയ ചില അസൗകര്യങ്ങള്‍ ആദ്യം അനുഭവപ്പെടാം. കാലക്രമേണ ബിസിനസിന്റെ ശക്തമായ അടിത്തറ രൂപപ്പെടുത്താന്‍ ഈ അച്ചടക്കം നിങ്ങളെ സഹായിക്കും.
(പ്രമുഖ ബിസിനസ് എഴുത്തുകാരനും ഡിവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സ് മാനേജിംഗ് ഡയറക്റ്ററുമാണ് ലേഖകന്‍)