ഇലോണ്‍ മസ്കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ xAI അഞ്ഞൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ ഗ്രോക്ക് ചാറ്റ്ബോട്ടിന് പരിശീലനം നല്കുന്ന ഡാറ്റ ലേബലിംഗ് വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് എഐ ട്രെയിനര്‍മാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ജീവനക്കാര്‍ക്ക് ഇമെയില്‍ വന്നത്. കമ്പനിയുമായുള്ള കരാര്‍ അവസാനിക്കുന്നത് വരെയോ നവംബര്‍ 30 വരെയോ പിരിച്ചുവിട്ടവര്‍ക്ക് ശമ്പളം ലഭിക്കുമെന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്പെഷ്യലിസ്റ്റ് എഐ ട്യൂട്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇനി പദ്ധതിയിടുന്നതെന്നും അതിന്റെ ഭാഗമായി ജനറല്‍ എഐ ട്യൂട്ടര്‍മാരുടെ റോള്‍ അവസാനിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സ്പെഷ്യലിസ്റ്റ് എഐ ട്രെയിനര്‍മാരെ നിയമിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച xAI, X-ലൂടെ അ്രറിയിച്ചിരുന്നു.
ഇതിനിടെ xAI യുടെ സിഎഫ്ഒ ആയിരുന്ന മൈക്ക് ലിബര്ടോര് രാജിവെച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിഎഫ്ഒ ആയി നിയമിതനായി രണ്ടുമാസത്തിനുള്ളിലാണ് ലിബര്ടോറിന്റെ പുറത്തുപോക്ക്. കമ്പനിക്കുള്ളില്‍ നിലവിലുള്ള അസ്വാരസ്യങ്ങളുടെ പ്രതിഫലനമാണ് ലിബര്ടോറിന്റെ പുറത്തുപോക്ക് എന്നും വിലയിരുത്തലുണ്ട്. എഐ സാങ്കേതികവിദ്യ രംഗത്ത് ഓപ്പണ്‍എഐ, ഗൂഗിള്‍ ഡീപ്പ്മൈന്‍ഡ്, ആന്ത്രോപിക് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം വ്യക്തമായൊരു ഇരിപ്പിടം കണ്ടെത്താന്‍ XAI ക്ക് കഴിഞ്ഞിട്ടില്ല.
എയര്‍ബിന്‍ബി ഉദ്യോഗസ്ഥനായിരുന്ന ലിബര്ടോര് ഏപ്രിലിലാണ് xAIയുടെ സിഎഫ്ഒ ആയി നിയമിതനായത്. എന്നാല്‍ ജൂലൈയോടെ ഇദ്ദേഹം കമ്പനി വിട്ടെന്നാണ് അറിവ്. കമ്പനിയിലുണ്ടായിരുന്ന ചുരുങ്ങിയ കാലയളവില്‍ തന്നെ ഈ രംഗത്തെ ഏറ്റവും വലിയ സ്വകാര്യ ഫണ്ടിംഗ് നേടാനായി എന്നത് ലിബര്ടോറിന്റെ നേട്ടമായാണ് കരുതപ്പെടുന്നത്. 5 ബില്യണ്‍ ഡോളര്‍ വായ്പാ പാക്കേജും 5 ബില്യണ്‍ ഡോളര്‍ ഇക്വിറ്റിയുമാണ് ഈ സമയത്ത് കമ്പനി സമാഹരിച്ചത്.