രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്) പുതിയ എഐ വിഭാഗത്തിന് തുടക്കമിട്ടു. നിലവിലെ എല്ലാ ടീമുകളെയും ശേഷികളെയും ഏകീകരിച്ചുകൊണ്ട് എഐ, സര്‍വ്വീസസ് ട്രാന്സ്ഫോര്മേഷന് യൂണിറ്റ് പ്രവര്‍ത്തിക്കുമെന്ന് ജീവനക്കാര്‍ക്കായി പുറപ്പെടുവിച്ച മെമോയില്‍ കമ്പനി അറിയിച്ചു. സ്ഥാപനത്തിലുടനീളം ഇന്നവേഷനും ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനും വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എഐ യൂണിറ്റിന് രൂപം നല്‍കിയിരിക്കുന്നത്.
എല്ലാ സമാന്തര യൂണിറ്റുകളുമായും മറ്റ് ബിസിനസ് ഗ്രൂപ്പുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച് മേഖലയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്ന് മെമോയില്‍ കമ്പനി എക്സിക്യുട്ടീവ് ഡയറക്ടറും പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആരതി സുബ്രഹ്മണ്യന് അറിയിച്ചു.
ടിസിഎസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥര്‍ അമിത് കപൂര്‍ ആയിരിക്കും പുതിയ എഐ യൂണിറ്റിന്റെ എഐ ആന്‍ഡ് ട്രാന്സ്ഫോര്മേഷന് ഓഫീസര്‍. സെപ്റ്റംബര്‍ ഒന്നിന് ഇദ്ദേഹം അധികാരമേല്‍ക്കും. നിലവില്‍ യുകെ, അയര്‍ലന്‍ഡ് മേഖലയിലെ ടിഎസ്എസ് ബിസിനസുകള്‍ക്ക് മേല്‍നോട്ടം നല്‍കുകയാണ് അമിത്. 26 വര്‍ഷമായി കമ്പനിയില്‍ ഉദ്യോഗസ്ഥനായ അമിത് നിരവധി നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.