രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സാങ്കേതികവിദ്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും റിലയന്‍സ് ആഗോള ടെക് ഭീമന്മാരുമായി കൈകോര്‍ക്കുന്നു. സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയുമായി ചേര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എഐയ്ക്ക് വേണ്ടിയുള്ള സംയുക്ത സംരംഭം പ്രഖ്യാപിച്ചു. തുടക്കത്തില്‍ 855 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന സംരംഭത്തില്‍ ഗൂഗിള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് വിഭാഗവും പങ്കാളികളാകും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 48-ാമത് വാര്‍ഷിക പൊതു സമ്മേളനത്തില്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മെറ്റ സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും യോഗത്തില്‍ സംസാരിച്ചു.
ഇന്ത്യയില്‍ എഐ-റെഡി ഡാറ്റ സെന്ററുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംയുക്ത സംരംഭത്തില്‍ കംപ്യൂട്ടിംഗ് ശേഷി ഗൂഗിള്‍ നല്‍കും, ഊര്‍ജ പിന്തുണ റിലയന്‍സ് ഇന്‍ഡസ്ട്രീസും കണക്ടിവിറ്റി റിലയന്‍സ് ജിയോയും നല്‍കും. മെറ്റയുടെ ഓപ്പണ്‍ സോഴ്സ് എഐയും വിവിധ മേഖലകളില്‍ റിലയന്‍സിനുള്ള വൈഗദ്ധ്യവും ഈ സംരംഭത്തിലൂടെ ഒന്നിക്കുമെന്ന് മെറ്റയുമായുള്ള സംയുക്ത സംരംഭം പ്രഖ്യാപിച്ചുകൊണ്ട് മുകേഷ് അംബാനി പറഞ്ഞു. സംരംഭങ്ങള്‍ക്ക് ഒരു സേവനം പോലെ എഐ പ്ലാറ്റ്ഫോം ലഭ്യമാക്കുന്നതിന് മെറ്റയുടെ ഓപ്പണ്‍-സോഴ്സ് ലാമ മോഡലുകള്‍ വികസിപ്പിക്കാനാണ് സംയുക്ത സംരംഭത്തിന്റെ പദ്ധതി.
മെറ്റയുടെ പങ്കാളിയാകുന്നത് ഓരോ ഇന്ത്യക്കാരനും സംരംഭത്തിനും എഐ ലഭ്യമാക്കുകയെന്ന റിലയന്‍സിന്റെ ദര്‍ശനത്തിന് ജീവന് നല്‍കലാണ്. സംരംഭങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തക്ക നിലവാരത്തിലുള്ള എഐ ഓരോ ഇന്ത്യന്‍ സംരംഭങ്ങള്‍ക്കുമായി ജനാധിപത്യവല്‍ക്കരിക്കും – മുകേഷ് അംബാനി പറഞ്ഞു. ഈ പങ്കാളിത്തം ഇന്ത്യയില്‍ എഐ മോഡലുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് മെറ്റ സ്ഥാപകനും സിഇഒയുമായ മാര്‍ക് സുക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടു.
സംരംഭത്തില്‍ റിലയന്‍സിന് 70 ശതമാനം ഓഹരികളും മെറ്റയ്ക്ക് 30 ശതമാനം ഓഹരികളും ആയിരിക്കും ഉണ്ടായിരിക്കുകയെന്ന് റിലയന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.