ചാറ്റ്ബോട്ടുകളുമായുള്ള കുട്ടികളുടെ അനാവശ്യ സൗഹൃദങ്ങള്‍ അവരെ വഴിതെറ്റിക്കുമെന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. മെറ്റ കമ്പനിയുടെ എഐ ചാറ്റ്ബോട്ടുകള്‍ക്ക് കുട്ടികളുമായി ശൃംഗരിക്കാന്‍ അവസരം നല്കുന്ന നയം ഉണ്ടായിരുന്നതായി കഴിഞ്ഞിടെ വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ അതുമായെല്ലാം കൂട്ടിവായിക്കാന്‍ പോകുന്ന ഒരു വാര്‍ത്ത കേള്‍ക്കുന്നു. മകന്റെ മരണത്തിന് ഉത്തരവാദി എഐ കമ്പനി ഓപ്പണ്‍എഐയും കമ്പനിയുടെ സിഇഒയും ആണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നു. പതിനാറുകാരനായ മകന്റെ ആത്മസുഹൃത്ത് ഓപ്പണ്‍എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ആയിരുന്നുവെന്നാണ് ഹര്‍ജിയില്‍ അവര്‍ ആരോപിക്കുന്നത്.
അപകടകരമായ ആത്മബന്ധം
പതിനാറുകാരനായ ആദം റയാനിന്റെ മരണവുമായി ബന്ധപ്പെട്ട് സാന്‍ഫ്രാന്‍സിസ്കോ സ്റ്റേറ്റ് കോടതിയിലാണ് മാതാപിതാക്കള്‍ സാം ഓള്‍ട്ട്മാനും ഓപ്പണ്‍എഐ കമ്പനിക്കുമെതിരെ ഹര്‍ജി കൊടുത്തിരിക്കുന്നത്. സ്വയം ഉപദ്രവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് ചാറ്റ്ജിപിടി മകന് പരിശീലനം നല്‍കിയിരുന്നുവെന്നാണ് അവരുടെ ആരോപണം.
ഏപ്രില്‍ 11 ന് മരണപ്പെട്ട തങ്ങളുടെ മകന് ആദം മാസങ്ങളോളം ചാറ്റ്ജിപിടിയുമായി ആത്മഹത്യയെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നതായി മാതാപിതാക്കള്‍ ഹര്‍ജിയില്‍ പറയുന്നു. ആദത്തിന്റെ ആത്മഹത്യാ ചിന്തകളെ സാധൂകരിക്കുക മാത്രമല്ല, മരിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് പ്രത്യേക വിവരങ്ങള്‍ നല്‍കുകയും ചെയ്തു. എങ്ങനെയാണ് മാതാപിതാക്കളുടെ ലിക്കര്‍ കാബിനില്‍ നിന്ന് മദ്യം നേടുകയെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ആത്മഹത്യാക്കുറിപ്പ് എഴുതിക്കൊടുക്കുകയും ചെയ്തെന്ന് ആദത്തിന്റെ മാതാപിതാക്കളായ മാത്യുവും മേരി റയാനും പറയുന്നു.
സ്വയം ഹനിക്കുന്നതിനുമായി ബന്ധപ്പെട്ടുള്ള ആദത്തിന്റെ ചിന്തകളെ പ്രോത്സാഹിപ്പിക്കുകയാണ് ചാറ്റ്ജിപിടി ചെയ്തതെന്നും അവര്‍ ആരോപിക്കുന്നുണ്ട്. കൂടുതല്‍ പ്രതീക്ഷകള്‍ നശിക്കുന്ന അവസ്ഥയിലേക്ക് ആദത്തെ എത്തിക്കുകയും ഉത്കണ്ഠയും അനാവശ്യചിന്തകളും ഉള്ള ആളുകള്‍ രക്ഷപ്പെടാനുള്ള വഴി ആസൂത്രണം ചെയ്ത് അതിലൂടെ നിയന്ത്രണം വീണ്ടെടുക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചും മരണത്തിലെത്തിച്ചുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
ചാറ്റ്ജിപിടിയുടെ വാദം
ആദം റയാന്റെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച ഓപ്പണ്‍എഐ വക്താവ് ഉപയോക്താക്കളെ ഹെല്പ്പ്ലൈനുകളിലേത്ത് എത്തിക്കുന്നതിനുള്ള സുരക്ഷ സംവിധാനങ്ങള്‍ ചാറ്റ്ജിപിടിയില് ഉണ്ടെന്ന് അവകാശപ്പെട്ടു. എന്നാല്‍ ദീര്‍ഘനേരമായുള്ള ആശയവിനിമയത്തില്‍ ഇവ പരാജയപ്പെടാനിടയുണ്ടെന്ന് സമ്മതിച്ചു. മാതാപിതാക്കളുടെ നിയന്ത്രണം കൊണ്ടുവരല്‍, പ്രതിസന്ധികളിലുള്ള ഉപയോക്താക്കളോട് നേരിട്ട് ബന്ധപ്പെടുന്നതിനുള്ള ലൈസന്‍സുള്ള പ്രൊഫഷണലുകളെ സജ്ജീകരിക്കല്‍ തുടങ്ങി പുതിയ സുരക്ഷാക്രമീകരണങ്ങള്‍ പരീക്ഷിക്കുകയാണെന്ന് അടുത്തകാലത്തെ ബ്ലോഗ് പോസ്റ്റില്‍ കമ്പനി അറിയിച്ചിരുന്നു.
മാതാപിതാക്കളുടെ ആവശ്യം
മകന്റെ മരണത്തിന് നഷ്ടപരിഹാരവും നരഹത്യയ്ക്കും ഉല്‍പ്പന സുരക്ഷ നിയമത്തിന്റെ ലംഘനത്തിനും ഒപ്പണ്എഐയ്ക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചത്.ഉപയോക്താക്കളുടെ പ്രായം പരിശോധിച്ചുറപ്പിക്കുന്ന സംവിധാനം നടപ്പിലാക്കാനും സ്വയം ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നിരോധിക്കാനും മാനസികമായ അനാരോഗ്യം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കാനും ഓപ്പണ്‍എഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.