വെള്ളിയാഴ്ച ആപ്പിള്‍ ഐഫോണ്‍ 17 സീരിസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചതോടെ സ്റ്റോറുകളില്‍ ആപ്പിള്‍ ആരാധകരുടെ തിക്കും തിരക്കും. ഡെല്‍ഹിയിലെയും മുബൈയിലെയുമടക്കം ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. സാകേതിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ പുലര്‍ച്ചെ മുതല്‍ ആളുകള്‍ ഇടം പിടിച്ചിരുന്നു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ തിക്കിനും തിരക്കിനുമിടയില്‍ ആളുകള്‍ പരസ്പരം ഏറ്റുമുട്ടി. ബെംഗളൂരു, പുനെ സ്റ്റോറുകളിലും നീണ്ട ക്യൂവാണ് പുലര്‍ച്ചെ മുതല്‍ ദൃശ്യമായത്. നാല് നഗരങ്ങളിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് പുറമെ ആപ്പിള്‍ ഇന്ത്യ വെബ്സൈറ്റിലും ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാം.
ഐഫോണ്‍ 17 സീരിസ് ദീവാലി സെയില്‍ തൂക്കുമെന്നാണ് മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്. വെള്ളിയാഴ്ച സ്റ്റോറുകള്‍ക്ക് മുന്നില്‍ കണ്ട ആവേശം ഇത് ശരിവെക്കുന്നതുമാണ്. വലിയ ആവേശത്തോടെയാണ് ഐഫോണ്‍ 17 സീരിസിനെ ഇന്ത്യന്‍ ഉപയോക്താക്കള്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ 17 സീരീസിനായുള്ള പ്രാരംഭ പ്രീ-ബുക്കിംഗുകള്‍ ലോഞ്ച് സമയത്ത് ഐഫോണ്‍ 16 നുള്ള ഡിമാന്‍ഡിനേക്കാള്‍ കൂടുതലാണെന്ന് വിശകലന സ്ഥാപനമായ ഐഡിസി പറയുന്നു. ദീവാലിക്കാലത്ത് ആപ്പിള്‍ ഐഫോണ്‍ 17 വില്‍പ്പനയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഈ ഡാറ്റ സൂചിപ്പിക്കുന്നു.
‘ഈ പോസിറ്റീവ് പ്രവണത വരാനിരിക്കുന്ന ദീപാവലി പാദത്തിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 17 പ്രോയ്ക്കും പ്രോ മാക്സിനും ഉള്ള ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നിട്ടുണ്ട്, ഇത് പ്രീ-ഓര്‍ഡറുകള്‍ വര്‍ദ്ധിപ്പിക്കുകയും ലോഞ്ചിന്റെ ആദ്യ ആഴ്ചകളില്‍ വിതരണ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു,’ ഐഡിസിയിലെ വിശകലന വിദഗ്ധയായ ഉപാസന ജോഷി പറഞ്ഞു.
ദീവാലിക്കച്ചവടം
ദീവാലി ഉള്‍പ്പെടുന്ന മൂന്നാം പാദത്തില്‍ ആപ്പിള്‍ ഐഫോണുകളുടെ വില്‍പ്പന 50 ലക്ഷം കവിയുമെന്നാണ് ഐഡിസി കണക്കാക്കുന്നത്. ഇതില്‍ 15-20% പുതിയ ഐഫോണ്‍ 17 സീരിസായിരിക്കും സംഭാവന ചെയ്യുക. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 40 ലക്ഷം ഐഫോണുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നത്. ഇതിന്റെ 10% പുതുതായി അക്കാലത്ത് ലോഞ്ച് ചെയ്ത ഐഫോണ്‍ 16 ഫോണുകളായിരുന്നു.
ഐഫോണ്‍ 17 ന്റെ ഡിമാന്‍ഡ് ഐഫോണ്‍ 16 നേക്കാള്‍ ശക്തമാണെന്ന് കൗണ്ടര്‍പോയിന്റിലെ ഗവേഷണ വിഭാഗം ഡയറക്ടറായ തരുണ്‍ പഥക് പറഞ്ഞു. ‘അടിസ്ഥാന വേരിയന്റ് 256 ജിബിയായി അപ്ഗ്രേഡ് ചെയ്തു, ഇത് കഴിഞ്ഞ വര്‍ഷത്തെ ലോഞ്ചിനെ അപേക്ഷിച്ച് മികച്ച വാല്യൂ പ്രമോഷനായി മാറുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രോ, പ്രോ മാക്സ് മോഡലുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഡിമാന്‍ഡ് ലഭിക്കുന്നുണ്ട്, പ്രത്യേകിച്ച് കോസ്മിക് ഓറഞ്ച് കളര്‍ ജനപ്രിയമായിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
‘പോരാട്ടം’ തുടരും
നിലവില്‍ ആപ്പിളിന്റെ ഉല്‍പ്പാദനത്തേക്കാള്‍ കൂടുതലാണ് ഐഫോണ്‍ 17 നുള്ള ഡിമാന്ഡെന്നതിനാല് വരും ദിവസങ്ങളിലും ഐഫോണുകള്‍ക്കായുള്ള ‘പോരാട്ടം’ തുടരുമെന്ന് വിലയിരുത്തപ്പെടുന്നു. ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നീ പുതിയ ലോഞ്ചുകളില്‍, ഐഫോണ്‍ 17 എയറിന് താതരതമ്യേന ഡിമാന്‍ഡ് കുറവാണ്. എന്നാല്‍ ഒഴിവാക്കിയ പ്ലസ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ എയറിന് ഡിമാന്‍ഡുണ്ട്.