ബഹിരാകാശ രംഗത്ത് സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും ജപ്പാനും തീരുമാനിച്ചു. ഇരു രാജ്യങ്ങളും ചേര്‍ന്നാവും ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-5 വിക്ഷേപിക്കുകയെന്ന് ജപ്പാന് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയും ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്സയും സഹകരിക്കുമെന്ന് പ്രധാനമന്ത്രി ടോക്കിയോയില്‍ പറഞ്ഞു.
‘ചന്ദ്രയാന്‍-5 മിഷനിലെ സഹകരണത്തിനായി, ഇസ്രോയും ജാക്സയും തമ്മിലുള്ള കരാറിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നമ്മുടെ സജീവ സഹകരണം ഭൂമിയുടെ അതിരുകള്‍ കടന്ന് ബഹിരാകാശത്ത് മനുഷ്യരാശിയുടെ പുരോഗതിയുടെ പ്രതീകമായി മാറും,’ 15-ാമത് ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ചന്ദ്രയാന്‍ ദാത്യങ്ങള്
ഇന്ത്യയുടെ ചന്ദ്രയാന്‍ മിഷന്റെ മൂന്ന് ദൗത്യങ്ങളാണ് ഇതിനകം പൂര്‍ത്തിയായത്. ആദ്യ ദൗത്യത്തില്‍ ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. രണ്ടാം ദൗത്യം സോഫ്റ്റലാന്ഡിംഗിനിടെ പരാജയപ്പെട്ടു. മൂന്നാം ദൗത്യത്തില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ ചരിത്രം കുറിച്ചു. ചന്ദ്രയാന്‍-4 ദൗത്യത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2027 ലാണ് ഈ ദൗത്യം നടക്കുക. ചന്ദ്രയാന്‍ 3 ഇറങ്ങിയ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റില്‍ നിന്ന് മൂന്ന് കിലോ മണ്ണ് ശേഖരിച്ച് തിരിച്ചെത്താനാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ജപ്പാന്റെ റോക്കറ്റ് ഇന്ത്യയുടെ ലാന്‍ഡര്‍
ചാന്ദ്ര ധ്രുവപര്യവേക്ഷണം തന്നെയാണ് ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്ന ചന്ദ്രയാന്‍-5 ന്റെ ലക്ഷ്യവും. ദക്ഷിണ ധ്രുവത്തിലെ ധാതുക്കളും ചാന്ദ്ര ജലവും പരിശോധിക്കും. ജാക്സയുടെ എച്ച്3-24എല്‍ ബഹിരാകാശ വാഹനമാണ് ഐഎസ്ആര്‍ഒയുടെ ലൂണാര്‍ ലാന്‍ഡറെ ചന്ദ്രനിലേക്ക് കൊണ്ടുപോകുക. സോഫ്റ്റ്ലാന്‍ഡിംഗിന് ശേഷം ജപ്പാന് നിര്‍മിത റോവര്‍ പുറത്തെത്തി പര്യവേക്ഷണം നടത്തും.
ബഹിരാകാശ ശാസ്ത്രത്തിന്റെ സ്വാധീനം കൃഷി, ദുരന്തനിവാരണം, ആശയവിനിമയം എന്നിവയ്ക്ക് പുറമെ ദൈനംദിന ജീവിതത്തിലെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബഹിരാകാശത്തെ ഇന്ത്യ-ജപ്പാന് പങ്കാളിത്തം നമ്മുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുക മാത്രമല്ല, നമുക്ക് ചുറ്റുമുള്ള ജീവിതങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.




