രണ്ടു ദിവസമായി ദേശീയ മാധ്യമങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദം സജീവമായി നിറഞ്ഞു നില്‍ക്കുകയാണ്. ചില പ്രതിപക്ഷ നേതാക്കളുടെയും മറ്റും ഫോണ്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തുന്നെന്ന തരത്തില്‍ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ അയച്ച സന്ദേശമാണ് വിവാദമായി കത്തിപ്പടരുന്നത്.
ആ വിവാദം അവിടെ നില്ക്കട്ടെ. നിങ്ങളുടെ കൈയിലുള്ള സ്മാര്‍ട്ട്ഫോണ്‍ ആരെങ്കിലും ഹാക്ക് ചെയ്താലോ? അതുണ്ടാക്കാവുന്ന പൊല്ലാപ്പുകള്‍ ഏറെയാണ്. ധനനഷ്ടത്തിനപ്പുറം സമ്പത്തിനേക്കാള്‍ മൂല്യമുണ്ടെന്ന് ഇന്ന് വിലയിരുത്തപ്പെടുന്ന പേഴ്സണല്‍ ഡാറ്റ ചോരുന്നത് വലിയ പ്രശ്നമുണ്ടാക്കും.
ഡിജിറ്റല്‍ സ്വകാര്യത പരമപ്രധാനമായ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സുരക്ഷിതമായ മൊബൈല്‍ അനുഭവം ഉറപ്പ് വരുത്തുന്നതിന് ഹാക്കിംഗ് പോലെയുള്ള അപകടകരമായ കാര്യങ്ങള്‍ തടയേണ്ടത് അത്യാവശ്യമാണ്. സ്മാര്‍ട്ട്ഫോണ്‍ ഹാക്ക് ചെയ്താല്‍ എങ്ങനെയെല്ലാം അത് തിരിച്ചറിയാന്‍ പറ്റുമെന്ന് നോക്കാം.
ബാറ്ററി ഡ്രെയിന്‍
ബാറ്ററി ഡ്രെയിനാണ് ആദ്യത്തെ ലക്ഷണം. അതായത് വളരെ പെട്ടെന്ന് ഫോണിലെ ചാര്‍ജ്ജ് തീരുക, പതിവിലും കൂടുതല്‍ തവണ ഫോണ്‍ ചാര്‍ജ്ജ് ചെയ്യേണ്ടി വരുക. അപകടകരമായ സോഫ്റ്റ്വെയറുകളോ തട്ടിപ്പ് ആപ്പുകളോ നമ്മളറിയാതെ ഫോണിന്റെ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാകാം ഇത്.
ഫോണ്‍ ചൂടാവുന്നു
ഫോണ്‍ അമിതമായി ചൂടാവുന്നതാണ് അടുത്ത ലക്ഷണം. വീഡിയോ സ്ട്രീമിങ്ങിന്റെ സമയത്തോ ഗെയിമുകള്‍ കളിക്കുന്ന സമയത്തോ ഫോണ്‍ ചൂടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ അല്ലാത്ത സമയത്തും ഫോണ്‍ അമിതമായി ചൂടാവുന്നത് പുറത്ത് നിന്നുള്ള നിയന്ത്രണത്തിന്റെ സൂചനയാണ്. ഒരു പക്ഷെ ഹാക്കര്മാരുടെയാകാം.
സാമൂഹ്യ മാധ്യമങ്ങള്‍, ഇ-മെയ്ല്
നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നമ്മളറിയാതെ പോസ്റ്റുകള്‍ വരികയാണെങ്കില്‍ ഇറപ്പിക്കാം ഒന്നുകില്‍ അക്കൗണ്ട് ഹാക്കായി അല്ലെങ്കില്‍ ഫോണ്‍ തന്നെ ഹാക്കായെന്ന്. നമ്മുടെ ഫോണില്‍ നിന്ന് ഇ മെയിലുകള്‍ അയയ്ക്കാനോ വന്ന സന്ദേശങ്ങള്‍ വായിക്കാനോ കഴിയാതിരുന്നാല്‍ ഹാക്കായതിന്റെ സൂചനയാണത്.
ഫോണ്‍ സ്ലോ ആകുന്നു
ഉയര്‍ന്ന ബാറ്ററി ഉപയോഗത്തിന് പുറമെ പെട്ടെന്ന് ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായാലും മറഞ്ഞിരിക്കുന്ന മാല്‍വെയറുകളുടെ സാന്നിധ്യം സംശയിക്കണം.
അസാധാരണ സ്വഭാവം
ഇടയ്ക്കിടക്കുളള ആപ്പ് ക്രാഷുകള്‍, ഫോണ്‍ ലോഡ് ചെയ്യാന്‍ പറ്റാതിരിക്കുക, പ്രതീക്ഷിക്കാതെയുള്ള റീബൂട്ടുകള്‍ ഷട്ട് ഡൗണുകള്‍, അപ്രതീക്ഷിതമായ സ്ക്രീന്‍ ലൈറ്റിംഗ് അപ്പ് ഇവയെല്ലാം അപകടസൂചനകളാണ്.
ഫേക്ക് അലര്‍ട്ടുകള്‍
ഫേക്ക് വൈറസ് അലര്‍ട്ടുകള്‍ക്ക് പുഷ് നോട്ടിഫിക്കേഷന്‍ വരുക, അല്ലെങ്കില്‍ ഭീഷണി സന്ദേശങ്ങള്‍ വരുക ഇതെല്ലാം ശ്രദ്ധ നല്‍കേണ്ട വിഷയങ്ങളാണ്.
ആപ്പുകള്‍ ആപ്പാവരുത്
ഏതൊക്കെ ആപ്പുകളാണ് ഫോണിലുള്ളത് എന്നത് ബോധവാന്മാരാവുക. പരിചിതമല്ലാത്ത ആപ്പുകളുടെ സാന്നിധ്യം അപകട സൂചനയാണ്. ഇത്തരം ആപ്പുകള്‍ കാണാനിടയായാല്‍ അണിന്‍സ്റ്റാള്‍ ചെയ്യുക. ആപ്പുകള്‍ സുരക്ഷിതമായ സൈറ്റുകളില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് ഡിസ്ക്രിപ്ഷന്‍, ഡെവലപ്പര്‍ ഇന്‍ഫര്‍മേഷന്‍ എന്നിവ വിലയിരുത്തുക.
കത്തിത്തീരുന്ന ഡാറ്റ
മൊബൈല്‍ ഡാറ്റയുടെ ഉപയോഗം നമ്മുടെ അറിവില്ലാതെ കൂടിയാല്‍ അത് അപകടകരമായ ആപ്പുകളുടെയോ ഡാറ്റ അമിതമായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളുടെയോ സാന്നിധ്യം കൊണ്ടാവാം.
ഗാലറിയിലെ ചിത്രങ്ങള്‍ പറയും
ഫോണ്‍ ഗാലറിയില്‍ നമ്മളറിയാതെ ഫോട്ടോകളോ വീഡിയോകളോ കാണാനിടയായാല്‍ മറ്റാര്‍ക്കോ നമ്മുടെ ക്യാമറയിലേക്ക് ആക്സസ് കിട്ടിയിരിക്കുന്നു എന്നാണ് അര്‍ത്ഥം. നമ്മുടെ ഫോണ്‍ ഹാക്കായെന്നും.
കോളുകള്‍ മെസേജുകള്‍ ചിഹ്നങ്ങള്‍
പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് കോളുകളോ ടെക്സ്റ്റ് മെസേജോ വരിക, അപരിചിതമായ ചിഹ്നങ്ങള്‍ ടെക്സറ്റ് മെസേജിലോ കോള്‍ ലോഗിലോ വരുക, ഇതെല്ലാം സൂക്ഷിക്കേണ്ട കാര്യങ്ങളാണ്.
കെട്ടാം പ്രതിരോധക്കോട്ട
ഇങ്ങനെ എന്തെങ്കിലുമൊക്കെ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ ഒരു പ്രൊഫഷണലിന്റെ സഹായം തേടുകയാണ് വേണ്ടത്. ഇന്നത്തെ കാലത്ത് നമ്മുടെ എല്ലാ ഡോക്യുമെന്റുകളും വിവരങ്ങളും സൂക്ഷിക്കുന്നത് ഫോണിലാണ്. ഡിജിറ്റല്‍ പണപ്പെട്ടിയായും ഫോണ്‍ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫോണ്‍ ഹാക്കാകാതെ സൂക്ഷിക്കേണ്ടതിന് അത്രയേറെ പ്രാധാന്യമുണ്ട്.
പാസ്വേഡുകള് തുടര്‍ച്ചയായി മാറ്റുക, ഇ-മെയ്ലായും മെസേജുകളായും വരുന്ന സംശയകരമായ ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്യാതിരിക്കുക, വലിയ വാഗ്ദാനങ്ങളുമായി വരുന്ന സന്ദേശങ്ങളെ അവഗണിക്കുക തുടങ്ങി നമുക്ക് കെട്ടാനാവുന്ന പ്രതിരോധക്കോട്ടകളുമുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള മൊബൈല്‍ ഉപയോഗം ഹാക്കിംഗില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ പര്യാപ്തമാണ്.