ഐഫോണ്‍ 16 ലോഞ്ചിലേക്കേ് ഇനി ഒരു വര്‍ഷത്തെയെങ്കിലും ദൂരമുണ്ട്. പക്ഷേ, അടുത്ത തലമുറയില്‍ പെട്ട ഐഫോണുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഐഫോണ്‍ 16 സീരീസില്‍ കൂടുതല്‍ വലിയ ഡിസ്പ്ലേ, മികച്ച ഡിസൈന്‍, മെച്ചപ്പെട്ട ക്യാമറ, പുതിയ ചിപ്സെറ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിലേറെ സര്‍പ്രൈസ് സവിശേഷതകള്‍ ഈ മോഡലുകളിലുണ്ടാവുമെന്ന് ലീക്കായ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
ഐഫോണ്‍ 16 പ്രോയ്ക്ക് 6.3 ഇഞ്ച് ഡിസ്പ്ലേയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഫോണ്‍ 16 പ്രോ മാക്സിന് 6.9 ഇഞ്ച് സ്ക്രീനും. സ്റ്റാന്‍ഡേര്‍ഡ്, പ്ലസ് മോഡലുകളില്‍ ഐഫോണ്‍ 15 ലേത് പോലെ യഥാക്രമം 6.1-ഇഞ്ച്, 6.7-ഇഞ്ച് സ്ക്രീനുകള്‍ നിലനിര്‍ത്തുമെന്നാണ് വിവരം.
വരാനിരിക്കുന്ന ഐഫോണുകള്‍ സാംസങ് വിതരണം ചെയ്യുന്ന ഒഎല്‍ഇഡി മെറ്റീരിയലിലേക്ക് മാറിയേക്കാം. ഊര്‍ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നീല ഫ്ളൂറസെന്റ് സാങ്കേതികവിദ്യയ്ക്ക് പകരം ബ്ലൂ ഫോസ്ഫോറസെന്‍സ് ഉപയോഗിച്ചേക്കാം. മൈക്രോ എല്‍ഇഡി ഡിസ്പ്ലേ ടെക്നോളജി സംയോജിപ്പിക്കുന്നതിനെക്കുറിച്ചും ഊഹാപോഹങ്ങള്‍ ഉണ്ട്.
ചോര്‍ന്നുകിട്ടിയ വിവരങ്ങള്‍ വിശ്വസിക്കാമെങ്കില്‍, അടുത്ത വര്‍ഷത്തെ ഐഫോണ്‍ മോഡലുകളില്‍ സോളിഡ്-സ്റ്റേറ്റ് ബട്ടണുകള്‍ കാണാനാകും.
സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 16 ലെ ചിപ്സെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമല്ല. ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ നിന്ന് ഇത് എ17 പ്രോ ചിപ്പ് സ്വീകരിച്ചേക്കാമെന്ന് സൂചനയുണ്ട്, എന്നാല്‍ 2024 സ്റ്റാന്‍ഡേര്‍ഡ് ഐഫോണുകള്‍ക്കായി 3-നാനോമീറ്റര്‍ എ18 ചിപ്പ് ആപ്പിള്‍ കൊണ്ടുവന്നേക്കും. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്ക് അതേ ചിപ്പിന്റെ കൂടുതല്‍ ശക്തമായ പതിപ്പ് ലഭിക്കും.
ഐഫോണ്‍ 16 പ്രോയും ഐഫോണ്‍ 16 പ്രോ മാക്സും ‘ടെട്രാ-പ്രിസം’ ടെലിഫോട്ടോ ക്യാമറ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. കൂടുതല്‍ മിഴിവുള്ളതും കൂടുതല്‍ വ്യക്തവുമായ ഫോട്ടോകള്‍ക്കായി ഒപ്റ്റിക്കല്‍ സൂം 3x മുതല്‍ 5x വരെ വര്‍ദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഐഫോണ്‍ 16 പ്രോ സീരീസിനായി 48 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ക്യാമറ, കുറഞ്ഞ വെളിച്ചത്തിലുള്ള പ്രകടനം വര്‍ദ്ധിപ്പിക്കുമെന്ന് ടെക് അനലിസ്റ്റ് ജെഫ് പുവിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.