1970 കളുടെ അവസാനത്തിലാണ് സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ സാധ്യത ഇന്ത്യ തിരിച്ചറിഞ്ഞത്. ലോകത്തെ എല്ലാ സാങ്കേതിക വിദ്യകളുടെയും തലച്ചോറായി വരുന്ന കുഞ്ഞന്‍ ഉപകരണം. വിദേശ രാജ്യങ്ങളെ ചിപ്പുകള്‍ക്കായി ആശ്രയിക്കുന്നത് നിര്‍ത്തി തദ്ദേശീയമായി സെമികണ്ടക്റ്ററുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ തീരുമാനിക്കുന്നു. പഞ്ചാബിലെ മൊഹാലിയില്‍ സെമികണ്ടക്റ്റര്‍ കോംപ്ലക്സ് ലിമിറ്റഡ് (എസ്സിഎല്) സ്ഥാപിക്കുന്നു. 1980 കളുടെ തുടക്കത്തില്‍ സര്‍ക്കാരിനും പ്രതിരോധ മേഖലക്കുമായി മെമ്മറി ഡിവൈസുകളും ഐസി ചിപ്പുകളും എസ്സിഎല് നിര്‍മിക്കാനാരംഭിച്ചു.
നയ പിന്തുണയുടെയും മൂലധനത്തിന്റെയും കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെയുപം വിശാലമായ വിപണിയുടെയും അഭാവം എന്നിവ തിരിച്ചടികളായിരുന്നെങ്കിലും സ്വപ്നങ്ങള്‍ ട്രാക്കിലായെന്ന് കരുതിയ വര്‍ഷങ്ങളാണ് പിന്നീട് കടന്നുപോയത്. എന്നാല്‍ 1989 ല്‍ തീപിടുത്തത്തിന്റെ രൂപത്തില്‍ വലിയ തിരിച്ചടിയുണ്ടായി. വന്‍ തീപിടുത്തത്തില്‍ മൊഹാലിയിലെ സെമികണ്ടക്റ്റര്‍ നിര്‍മാണ കേന്ദ്രം ഏതാണ്ട് പൂര്‍ണമായി നശിച്ചു. 10 വര്‍ഷം കൊണ്ട് സൃഷ്ടിച്ച സൗകര്യങ്ങളും പുോരഗതിയുമെല്ലാം ഒറ്റയടിക്ക് ഇല്ലാതായി. ഇത്തരമൊരു സാഹചര്യം നേരിടാന്‍ ബാക്കപ്പായി മറ്റ് നിര്‍മാണ കേന്ദ്രങ്ങളൊന്നും ഇന്ത്യ നിര്‍മിച്ചിരുന്നില്ല. ലോകത്ത് സെമികണ്ടക്റ്റര്‍ സാങ്കേതികവിദ്യ അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാകുകയായിരുന്ന ഈ കാലത്ത് ഇന്ത്യ പിന്നിലായി.
മൊഹാലി യൂണിറ്റ് പുനസ്ഥാപിക്കാന്‍ ആരും മെനക്കെട്ടില്ല. സെമികണ്ടക്റ്റര്‍ നിര്‍മാണത്തില്‍ നിന്ന് ഇന്ത്യ പൂര്‍ണമായും പിന്മാറി. സെമികണ്ടക്റ്റര്‍ ഡിസൈനിംഗിലേക്കും ഐടി സേവനങ്ങളിലേക്കും സര്‍ക്കാരിന്റെയും സ്ഥാപനങ്ങളുടെയും ശ്രദ്ധ മാറി. ഫലത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ലോകത്തെ പ്രമുഖ സെമികണ്ടക്റ്റര്‍ നിര്‍മാണ രാജ്യങ്ങളിലൊന്നായി ഉയര്‍ന്നു വരാനുള്ള ഇന്ത്യയുടെ അവസരം നഷ്ടപ്പെട്ടു. തായ്വാന്, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളാണ് ലോകത്തെ സെമികണ്ടക്റ്റര്‍ പവര്‍ഹൗസുകളായി ഇക്കാലത്ത് ഉയര്‍ന്നു വന്നത്. എന്നിരുന്നാലും ചിപ്പ് രൂപകല്‍പ്പനയില്‍ രാജ്യം പ്രശസ്തി നേടി. നിരവധി ആഗോള കമ്പനികള്‍ ബെംഗളൂരു, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളില്‍ ഡിസൈന്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇന്റല്‍, ക്വാല്‍കോം, ടെക്സസ് ഇന്‍സ്ട്രുമെന്റ്സ് എന്നിങ്ങനെ വമ്പന്മാരെല്ലാം ഇന്ത്യയില്‍ ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. എങ്കിലും ഒരു ഉല്‍പ്പാദന കേന്ദ്രം പോലും തുടങ്ങിയില്ല.
മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം 2020 ലാണ് വീണ്ടും സെമികണ്ടക്റ്റര്‍ സ്വപ്നങ്ങള്‍ ഇന്ത്യ കണ്ടുതുടങ്ങിയത്. പ്രതിരോധ മേഖലയിലും ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിലും സ്വയംപര്യാപ്തത നേടിയെടുക്കാനുള്ള ലക്ഷ്യവുമായി മുന്നോട്ടുപോകവെയാണ് സെമികണ്ടക്റ്ററുകളില്‍ സ്വയംപര്യാപ്തത കണ്ടെത്തിയില്ലെങ്കില്‍ ഈ പദ്ധതികളൊക്കെ താറുമാറാകുമെന്ന് മോദി സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. കോവിഡ് മഹാമാരിക്കാലത്തെ ചിപ്പ് ക്ഷാമവും സര്‍ക്കാരിനെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇന്ത്യയുടെ സ്വന്തം സെമികണ്ടക്റ്റര്‍ ചിപ്പ് നിര്‍മിക്കാനും വിദേശ ആശ്രയത്വം കുറയ്ക്കാനുമുള്ള ദൗത്യവുമായി 2021 ല്‍ ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷന് (ഐഎസ്എം) പ്രഖ്യാപിക്കപ്പെട്ടത് അങ്ങനെയാണ്.
സര്‍ക്കാര്‍ മുടക്കുക 76000 കോടി രൂപ
സെമികണ്ടക്റ്റര്‍, ഡിസ്പ്ലേ നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്നതിനായി 76,000 കോടിയിലധികം (ഏകദേശം 10 ബില്യണ്‍ ഡോളര്‍) രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മുടക്കുക. ഫാബുകള്‍, സെമികണ്ടക്ടര്‍ പാക്കേജിംഗ്, ടെസ്റ്റിംഗ് സൗകര്യങ്ങള്‍, ചിപ്പ് ഡിസൈന്‍ കമ്പനികള്‍ എന്നിവ സ്ഥാപിക്കുന്നതിന്കമ്പനികള്ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കും. ഉയര്‍ന്ന നിലവാരമുള്ള ഫാബുകള്‍ സ്ഥാപിക്കുക മാത്രമല്ല, അസംസ്കൃത വസ്തുക്കള്‍ മുതല്‍ വൈദഗ്ധ്യമുള്ള മനുഷ്യശേഷി വരെയുള്ള വിശാലമായ ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
മുന്നില്‍ ഗുജറാത്ത്
ഇന്ന് ഗുജറാത്തിന്റെ നേതൃത്വത്തില്‍ അര ഡസനിലേറെ സംസ്ഥാനങ്ങള്‍ സെമികണ്ടക്റ്റര്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ മല്‍സരബുദ്ധിയോടെ രംഗത്തുണ്ട്. എന്നിരുന്നാലും സ്വന്തമായി സെമികണ്ടക്റ്റര്‍ നയം തയാറാക്കിയ ഗുജറാത്താണ് ഇതില്‍ മുന്നിലെത്തിയിരിക്കുന്നത്. ഗുജറാത്തിലെ ധൊലേര ആസ്ഥാനമാക്കി നിര്‍മിക്കുന്ന സ്പെഷല്‍ ഇന്‍വെസ്റ്റ്മെന്റ് റീജണില്‍ (എസ്ഐആര്‍) സെമികണ്ടക്റ്റര്‍ ഫാബുകള്‍ സ്ഥാപിക്കാനുള്ള എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ആസാം, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സെമികണ്ടക്റ്റര്‍ യൂണിറ്റുകളെ ആകര്‍ഷിക്കാന്‍ സജീവമായി രംഗത്തുണ്ടെങ്കിലും രണ്ട് തുറമുഖങ്ങളുമായുള്ള അടുപ്പമടക്കമുള്ള ഘടകങ്ങള്‍ ധൊലേര എസ്ആആറിനെ മുന്ഗണനയിലെത്തിച്ചിരിക്കുന്നു.
2023 ല്‍ യുഎസ് സെമികണ്ടക്റ്റര്‍ വമ്പനായ മൈക്രോണ്‍ ഗുജറാത്തിലെ സാനന്ദില്‍ നിര്‍മാണ ഫെസിലിറ്റി സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പിന്തുണയോടെ 2.75 ബില്യണ്‍ ഡോളറിന്റെ അസംബ്ലി, ടെസ്റ്റ് സൗകര്യമാണ് മൈക്രോണ്‍ സ്ഥാപിക്കുന്നത്. ഈ പദ്ധതി മാത്രം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അനുബന്ധ വ്യവസായങ്ങള്‍ക്ക് ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സാനന്ദില്‍ തന്നെയാണ് കെയ്ന്‍സ് ടെക്നോളജിയുടെ ഫാബും വരിക. സിജി പവര്‍, റെനെസാസ്, സ്റ്റാര്‍സ് മൈക്രോഇലക്ട്രോണിക്സ് എന്നിവ ചേര്‍ന്ന് ഔട്ട്സോഴ്സ്ഡ് ടെസ്റ്റിംഗിനും പാക്കേജിംഗിനുമായി ഗുജറാത്തിലെ സാനന്ദില്‍ ഫാബ് നിര്‍മിക്കുന്നു.
ടാറ്റ ഗ്രൂപ്പും തായ്വാന് ആസ്ഥാനമായ പവര്ചിപ്പും ചേര്‍ന്ന് ധൊലേരയില്‍ 91,526 കോടി രൂപയുടെ ഫാബാണ് സ്ഥാപിക്കുന്നത്. 2026 അവസാനത്തോടെ ഇവിടെ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തായ്വാന് ആസ്ഥാനമായ ഫോക്സ്കോണും ഐടി മേഖലയിലെ വമ്പനായ എച്ച്സിഎലും ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ജെവാറിനടുത്ത് 3700 കോടി രൂപ മുതമുടക്കില് ഡിസ്പ്ലേ ഡ്രൈവര്‍ ചിപ്പ് സൗകര്യം നിര്‍മിക്കുന്നു.
ഇസ്രയേല്‍ ആസ്ഥാനമായ ടവര്‍ സെമികണ്ടക്ടറും അദാനി ഗ്രൂപ്പമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സെമികണ്ടക്റ്റര്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതി പരിഗണനയിലാണ്. തായ്വാന് ആസ്ഥാനമാക്കിയ ഫോക്സ്കോണുമായി വേദാന്ത ഗ്രൂപ്പ് സംയുക്ത സംരംഭത്തിന് ശ്രമം നടത്തുന്നുണ്ട്. ആസാമിലെ മോറിഗാവ് ജില്ലയിലാണ് ടാറ്റയുടെ രണ്ടാമത്തെ സെമികണ്ടക്റ്റര്‍ പ്ലാന്റ് വരിക. 27000 കോടി രൂപയാണ് ടാറ്റ ഇതിനായി നിക്ഷേപിക്കുക.
സാമ്പത്തിക നേട്ടങ്ങള്‍
സാമ്പത്തിക നേട്ടങ്ങളുടെ ഒന്നിലധികം തലങ്ങള്‍ തുറക്കാന്‍ സെമികണ്ടക്ടര്‍ ദൗത്യത്തിന് കഴിവുണ്ട്. ഇറക്കുമതിക്ക് മേലുള്ള ആശ്രയത്വം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഇന്ത്യ പ്രതിവര്‍ഷം 25 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സെമികണ്ടക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. 2030 ആകുമ്പോഴേക്കും ഇത് 100 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര ഉല്‍പ്പാദനം ഈ ചെലവ് ഗണ്യമായി കുറയ്ക്കുകയും വിദേശനാണ്യ കരുതല്‍ ശേഖരം സംരക്ഷിക്കുകയും ചെയ്യും.
സ്മാര്‍ട്ട്ഫോണുകള്‍, ഓട്ടോമൊബൈല്‍, പ്രതിരോധ സംവിധാനങ്ങള്‍, എഐ ഹാര്ഡ്വെയര് എന്നിവയുടെ കേന്ദ്രബിന്ദുവാണ് ചിപ്പുകള്‍. ഒരു പ്രാദേശിക സെമികണ്ടക്ടര്‍ അടിത്തറ ഉണ്ടായിരിക്കുന്നത് ആഗോള ഇലക്ട്രോണിക്സ് ഹബ് എന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുകയും ജിഡിപിയിലേക്ക് വലിയ തുക കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
ഉയര്‍ന്ന മൂല്യമുള്ള തൊഴില്‍ സൃഷ്ടിയാണ് മറ്റൊരു നേട്ടം. ഓരോ ഫാബിനും എഞ്ചിനീയറിംഗ്, മെറ്റീരിയല്‍ സയന്‍സസ്, മാനേജ്മെന്റ് എന്നീ മേഖലകളില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ ആവശ്യമാണ്. അനുബന്ധ വ്യവസായങ്ങളും സേവനങ്ങളും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. പതിനായിരക്കണക്കിന് വിദഗ്ധ തൊഴിലവസരങ്ങളാണ് ഇതിലൂടെ ഉയര്‍ന്നുവരിക.
ഒരു വിശ്വസനീയമായ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ അന്താരാഷ്ട്ര പങ്കാളിത്തങ്ങളെയും മൂലധനത്തെയും ആകര്‍ഷിക്കും, ഇത് ആഗോള വിതരണ ശൃംഖലകളില്‍ ഇന്ത്യയുടെ പങ്ക് വര്‍ദ്ധിപ്പിക്കും.
തന്ത്രപരമായ പ്രാധാന്യം
സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറമാണ് സെമികണ്ടക്റ്ററുകളുടെ തന്ത്രപരമായ പ്രാധാന്യം. രാജ്യത്തെ ഒരു സാങ്കേതിക പരമാധികാരത്തിലേക്ക് നയിക്കാന്‍ ഇതിന് സാധിക്കും. ദേശീയ സുരക്ഷ, പ്രതിരോധം, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയില്‍ സെമികണ്ടക്റ്ററുകള്‍ നടുനായക സ്ഥാനം വഹിക്കുന്നു. ആഗോള വിതരണ ശൃംഖലയിലെ ആഘാതങ്ങളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും തന്ത്രപ്രധാന മേഖലകളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രാദേശിക സെമികണ്ടക്റ്റര്‍ ആവാസവ്യവസ്ഥയ്ക്ക് സാധിക്കും.
ഡിഎല്‍ഐ സ്കീമിന് കീഴില്‍ ഡിസൈന്‍ സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കുന്നതിലൂടെ, ഇന്ത്യയ്ക്ക് ഒരു സേവന കേന്ദ്രത്തില്‍ നിന്ന് ഒരു ഇന്നൊവേഷന് ഹബ് ആയി മാറാന്‍ കഴിയും. ലോകത്തിന്റെ സെമികണ്ടക്റ്റര്‍ രാജാവാകാന്‍ യുഎസ്, യൂറോപ്യന്‍ യൂണിയന്, ചൈന എന്നിവ മത്സരിക്കുന്ന കാലഘട്ടത്തില്‍, സെമികണ്ടക്ടര്‍ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ ഉയര്‍ച്ച അതിന്റെ വിലപേശല്‍ ശക്തിയും ആഗോള സ്വാധീനവും വര്‍ദ്ധിപ്പിക്കുന്നു. ഇന്ന് ലോകത്തെ സെമികണ്ടക്റ്റര്‍ ബിസിനസിന്റെ 80% തായ്വാന്റെയും ദക്ഷിണ കൊറിയയുടെയും കൈവശമാണ്.
മൂലധനം വെല്ലുവിളി
സെമികണ്ടക്ടര്‍ ഫാബുകള്‍ സ്ഥാപിക്കുന്നതിന് വന്‍ നിക്ഷേപം ആവശ്യമാണ്. 5-10 ബില്യണ്‍ ഡോളര്‍ (44000-85000 കോടി രൂപ) വരെയാണ് ഓരോ ഫെസിലിറ്റിക്കും വേണ്ടിവരിക. വിതരണ ശൃംഖലകള്‍ ആഗോളവും ദുര്‍ബലവുമാണ്. ദീര്‍ഘകാല പങ്കാളിത്തം ഈ മേഖലയില്‍ ആവശ്യമാണ്. ആഗോള നിക്ഷേപകരില്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിന് ഇന്ത്യ നയ സ്ഥിരത, സ്ഥിരമായ വൈദ്യുതി, ജലവിതരണം, ശക്തമായ ഐപി സംരക്ഷണ ചട്ടക്കൂടുകള്‍ എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. തായ്വാനും ദക്ഷിണ കൊറിയയുമൊക്കെ പതിറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്ത വൈദഗ്ദ്ധ്യത്തില്‍ എത്തുന്നതിന് സമയവും ക്ഷമയും സ്ഥിരോത്സാഹവും ആവശ്യമാണ്.
കരുത്തിന്റെ പ്രഖ്യാപനം
വാസ്തവത്തില്‍ ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷന്, ഒരു പ്രഖ്യാപനമാണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളില്‍ ഒന്നില്‍ കളിക്കാന്‍ ഇന്ത്യയും തയ്യാറാണെന്ന പ്രസ്താവനയാണിത്. ഭൂതകാലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, കഴിവുകളെ പ്രയോജനപ്പെടുത്തി, സര്‍ക്കാര്‍-സ്വകാര്യ മേഖലകളുടെ ശ്രമങ്ങളെ ഏകീകരിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് അതിന്റെ സെമികണ്ടക്ടര്‍ ദൗത്യത്തെ ഒരു വളര്‍ച്ചാ എഞ്ചിനാക്കി മാറ്റാന്‍ കഴിയും. ലാഭിക്കുന്നതോ സമ്പാദിക്കുന്നതോ ആയ കോടിക്കണക്കിന് ഡോളറുകളില്‍ മാത്രമല്ല, കൂടുതല്‍ സാങ്കേതിക സ്വാതന്ത്ര്യം, തൊഴിലവസര സൃഷ്ടി, ഭൗമരാഷ്ട്രീയ ശക്തി എന്നിവയിലും പ്രതിഫലം അളക്കാം. നന്നായി നടപ്പിലാക്കുകയാണെങ്കില്‍ ഒരു ചിപ്പ് ഉപഭോക്താവില്‍ നിന്ന് ആഗോള ചിപ്പ് പവര്‍ഹൗസിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ തുടക്കം കുറിക്കാനും രാജ്യത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ ഭാവിയെ പുനര്‍നിര്‍മ്മിക്കാനും ഐഎസ്എം പദ്ധതിക്ക് സാധിക്കും. 70 സ്റ്റാര്‍ട്ടപ്പുകളും 270 സ്ഥാപനങ്ങളും ഇന്ത്യയുടെ സെമികണ്ടക്റ്റര്‍ ദൗത്യത്തില്‍ സജീവ പങ്കാളികളാണ്. മൊഹാലിയില്‍ തന്നെ സ്ഥാപിതമായ സെമികണ്ടക്റ്റര്‍ ലബോറട്ടറിയാണ് (എസ്സിഎല്) ഇപ്പോള്‍ ഈ സ്വപ്നങ്ങള്‍ക്ക് വീണ്ടും കരുത്തു പകരുന്നത്.