ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്ടില്‍ (DMA) യൂറോപ്യന്‍ യൂണിയനുമായി കൊമ്പുകോര്‍ത്ത് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. വമ്പന്‍ ടെക്ക് കമ്പനികളുടെ അധികാരവും സ്വാതന്ത്ര്യവും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിയമങ്ങള്‍ പിന്‍വലിച്ച് ഉചിതമായ നിയമങ്ങള്‍ പരിഗണിക്കണമെന്നാണ് ആപ്പിള്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ഉള്‍പ്പടെ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ നിയന്ത്രണവും അവയോട് വേണ്ടരീതിയില്‍ പ്രതികരിക്കാനുള്ള ശേഷിയുമാണ് DMA യിലൂടെ യൂറോപ്യന്‍ യൂണിയന് ലക്ഷ്യമിട്ടത്.
DMA കാരണം യൂറോപ്യന്‍ യൂണിയനിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ അനുഭവവേദ്യമാകുന്നതില്‍ കാലതാമസം നേരിടുന്നുവെന്നും കൂടുതല്‍ സ്വകാര്യത, സുരക്ഷ റിസ്കുകള്‍ ഉണ്ടാകുന്നുവെന്നും ആപ്പിള്‍ അറിയിച്ചു. നിയമം എങ്ങനെയാണ് യൂറോപ്യന്‍ യൂണിയന് ഉപഭോക്താക്കളെയും അവരുടെ ഉല്‍പ്പന്നങ്ങളെയും ബാധിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന് പരിശോധിക്കണമെന്നും നിയമം പാലിച്ചുകൊണ്ട് പുതിയ ഫീച്ചറുകള്‍ മേഖലയിലെ ഉപയോക്താക്കള്‍ക്കായി ഒരുക്കാന്‍ ശ്രമിക്കുമെന്നും ആപ്പിള്‍ അറിയിച്ചു.
നിയമം കാരണം മാകുമായുള്ള ഐഫോണ്‍ മിററിംഗ് , എയര്‍പോഡുകളിലെ തത്സമയ പരിഭാഷ തുടങ്ങി നിരവധി ഫീച്ചറുകള്‍ യൂറോപ്യന്‍ യൂണിയന് മേഖലയില്‍ അവതരിപ്പിക്കുന്നത് നീട്ടിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ആപ്പിള്‍ ആരോപിച്ചു. മാപ്പുകളിലെ ലൊക്കേഷന്‍ അധിഷ്ഠിത ഫീച്ചറുകളും പുതിയ നിയമം കാരണം നീട്ടിവെച്ചിരിക്കുകയാണ്. DMA സൃഷ്ടിക്കുന്ന ഓരോ പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. നിയമം വിപണികളെ സഹായിക്കുകയല്ല, യൂറോപ്പില്‍ ബിസിനസ് ചെയ്യുന്നത് ദുഷ്കരമാക്കുകയാണ് ചെയ്യുന്നതെന്നും ഐഫോണ്‍ നിര്‍മ്മാതാക്കള്‍ ആരോപിച്ചു.
ജൂണില്‍ യൂറോപ്യന്‍ യൂണിയന് നിയമം അനുസരിച്ച് ആപ്പിള്‍ മേഖലയിലെ ആപ്പിള്‍ സ്റ്റോറുകളിലെ നിയമങ്ങളും ഫീസുകളും മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ നിലവില്‍ വന്ന DMA അനുസരിച്ച് വമ്പന്‍ ടെക്ക് കമ്പനികള്‍ അവരുടെ പ്ലാറ്റ്ഫോമുകള് എതിരാളികള്‍ക്കായി തുറന്നുകൊടുക്കുകയും അവര്‍ക്കൊപ്പം സേവനങ്ങള്‍ നല്‍കുകയും വേണം. ഉപഭോക്താക്കള്‍ കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് അഴസരം നല്‍കുന്നതിനും കുത്തക ഒഴിവാക്കുന്നതിനും നിയമം ആവശ്യമാണെന്നാണ് യൂറോപ്യന്‍ നിയമസാമാജികര്‍ അവകാശപ്പെടുന്നത്.
നിയമം പിന്‍വലിക്കുകയോ കാര്യമായ മാറ്റം വരുത്തുകയോ ചെയ്തില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാഷ്ട്രങ്ങളിലേക്ക് ഐഫോണ്‍ ഉള്‍പ്പടെ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കില്ലെന്ന് ആപ്പിള്‍ അറിയിച്ചു.