നിയമങ്ങളും നിയന്ത്രണങ്ങളും സാങ്കേതിക മുന്നേറ്റത്തെ ഇല്ലാതാക്കുകയല്ല, പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഉത്തരവാദിത്തപ്പെട്ട നിലയില്‍ സാങ്കേതിക കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിമയങ്ങള്‍ ആവശ്യമാണെന്ന് എഐ ഫോര്‍ വികസിത് ഭാരത് റിപ്പോര്‍ട്ട് പുറത്തിറക്കവെ മന്ത്രി പറഞ്ഞു. എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക മാത്രമല്ല, വിവിധ മേഖലകളില്‍ ഉത്തരവാദിത്തപ്പെട്ട നിലയ്ക്ക് അവ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം രാജ്യത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് എഐ ഉപയോഗിക്കുന്നതിനുള്ള മികച്ച അവസരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്ന് ടാറ്റ സണ്‍സ് എക്സിക്യുട്ടീവ് ചെയര്മാന് എന്‍ ചന്ദ്രശേഖരനും അഭിപ്രായപ്പെട്ടു.നീതി ആയോഗ് ആണ് വികസിത ഭാരതത്തിനായി എഐ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരം എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വേണ്ടത് ഉത്തരവാദിത്തപ്പെട്ട ഉപയോഗം – ധനമന്ത്രി
സാങ്കേതികവിദ്യയെ തന്നെ മായ്ച്ചുകളയുന്ന നിയമങ്ങളല്ല നമുക്ക് വേണ്ടതെന്ന് പരിപാടിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഉപയോഗം ഉറപ്പാക്കുന്നതിനാണ് നമുക്ക് നിയമങ്ങളും നിയന്ത്രണങ്ങളും വേണ്ടത്. എഐ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മളെല്ലാം വളരെ ജാഗ്രതയോടെ ഈ വിഷയത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. എഐയ്ക്ക് വെല്ലുവിളികളും ഉണ്ട്. ജോലിസംബന്ധമായി മാത്രമല്ല, ഇവ തെറ്റായി ഉപയോഗിക്കപ്പെടുകയും ചെയ്യാം അതിന്റെ പരിണിതഫല സമൂഹത്തിലുണ്ടാകാം-മന്ത്രി പറഞ്ഞു.
സര്‍ക്കാരും വ്യവസായ ലോകവും എഐയ്ക്കായി കൈകോര്‍ക്കണം – ചന്ദ്രശേഖരന്
രാജ്യത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി എഐ ഉപയോഗപ്പെടുത്താനുള്ള വലിയ അവസരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്ന് ടാറ്റ സണ്‍സ് എക്സിക്യുട്ടീവ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് അഭിപ്രായപ്പെട്ടു. എഐയുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി സര്‍ക്കാരും വ്യവസായലോകവും ഒന്നിച്ചുനില്‍ക്കണമെന്നും ചന്ദ്രശേഖരന് ആഹ്വാനം ചെയ്തു. സാമ്പത്തിക സേവനം, ഫാര്‍മസ്യൂട്ടിക്കലുകള്‍, ആധുനിക നിര്‍മ്മാണം, കാര്‍ഷികരംഗം, ആരോഗ്യപരിചരണം അങ്ങനെ ഓരോ മേഖലയിലും എഐ കടന്നുവരേണ്ടതുണ്ടെന്ന് ചന്ദ്രശേഖരന് അഭിപ്രായപ്പെട്ടു. ഓരോ മേഖലയിലും സാമ്പത്തിക വളര്‍ച്ചയും സമൃദ്ധിയും ഉണ്ടാകുന്നതിനായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ യുവാക്കള്‍ക്ക് ശരിയായ കഴിവുകള്‍ നല്കി സംരംഭകത്വത്തിനായി അവരെ ശാക്തീകരിക്കണമെന്നും ചന്ദ്രശേഖരന് പഞ്ഞു.
പുതിയ തൊഴിലവസരങ്ങള്‍ വരും – എഐ ഫോര്‍ വികസിത് ഭാരത്
എഐ നിരവധി പുതിയ തൊഴിലുകള്‍ കൊണ്ടുവരുമെങ്കിലും നിലവിലെ ചില ജോലികള്‍ അത് ഇല്ലാതാക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലെറിക്കല്‍, ശുചീകരണം, വൈദഗ്ധ്യം കുറവ് ആവശ്യമുള്ള മേഖലകളില്‍ അവസരങ്ങള്‍ കുറയും. ഇന്ത്യയില്‍ രണ്ടുരീതിയിലുള്ള വെല്ലുവിളികളാണ് മുന്നിലുള്ളത്. ആധുനിക ഡിജിറ്റല്‍, എഐ കഴിവുകള്‍ ലഭ്യമാക്കി ജീവനക്കാരെ ഒരുക്കിയെടുക്കുക, എഐ മൂലം ജോലി നഷ്ടമായവര്‍ക്ക് മറ്റ് കഴിവുകള്‍ നല്കി, പരിശീലനം നല്കി വീണ്ടും അവസരങ്ങള്‍ നല്കി സമ്പദ് വ്യവസ്ഥയിലെ മറ്റ് മേഖലകളിലേക്ക് അവരെ സന്നിവേശിപ്പിക്കുക എന്നിവയാണവ.
എഐയിലൂടെയുള്ള ഉല്‍പ്പാദനക്ഷമമായ നേട്ടങ്ങളും കണ്ടുപിടിത്തങ്ങളും പുതിയ വിപണികള്‍ തുറക്കുന്നുണ്ടോയെന്നും വളര്‍ച്ചയിലേക്ക് നയിക്കുന്നുണ്ടോയെന്നും നിരിക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.