ടാറ്റാ ഹാരിയർ ഇവി വാഗമണ്ണിലെ ആനപ്പാറയിൽ 34 ഡിഗ്രി ചെരിവ് വളരെ അനായാസം കയറി പോകുന്ന ഒരു. വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഏറെ കൗതുകത്തോടെയാണ് ആളുകൾ ഈ വീഡിയോ കണ്ടത്. വീഡിയോ മുഖാന്തിരം നല്ല പ്രമോഷനും ടാറ്റാക്ക് ലഭിച്ചിരുന്നു.
ഓട്ടോമൊബൈൽ സെഗ്മെൻ്റിൽ ടാറ്റായുടെ വളർച്ചയുടെ ഉദാഹരണമാണ് ഈ വീഡിയോ. പൂർണമായും ഇന്ത്യൻ നിർമ്മിതമായ ഒരു കാർ എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ടാറ്റാ ആയിരുന്നു. എന്നാൽ ആ സ്വപ്നം യാഥാർഥ്യമാക്കാൻ ചെറുതല്ലാത്ത പരിശ്രമം ആണ് രത്തൻ ടാറ്റാ എടുത്തത്.ഏറെ കൗതുകം ഉണർത്തുന്ന ആ കഥ ഇങ്ങനെയാണ് ..
90 കളിൽ മാരുതി 800 ഉം അംബാസഡറും ഒക്കെ തിളങ്ങി നിൽക്കുന്ന സമയം. പക്ഷേ അതൊന്നും പൂർണമായും ഇന്ത്യൻ നിർമിത കാറുകൾ ആയിരുന്നില്ല. അപ്പോഴാണ് രത്തൻ ടാറ്റ ആലോചിക്കുന്നത്, എന്തുകൊണ്ട് നമുക്ക് സ്വന്തമായി ഒരു പൂർണമായും ഒരു ഇന്ത്യൻ കാർ നിർമ്മിച്ചുകൂടാ എന്ന്. ആ ചിന്ത പ്രാവർത്തികമാക്കാൻ അദ്ദേഹം നേരിട്ട് ഇറങ്ങി തിരിക്കുകയും ചെയ്തു.കാർ നിർമിക്കാനുള്ള പ്ലാൻ്റിൻ്റെ ചെലവ് അന്വേഷിച്ചപ്പോഴാണ് ആദ്യത്തെ പ്രതിസന്ധി ഉടലെടുത്തത്.
ഒരു പ്ലാന്റ് കൊമേഷ്യൽ കാർ നിർമാണ പ്ലാൻ്റ് തുടങ്ങാൻ അന്ന് ഏകദേശം 6000 കോടി രൂപ വേണം.അത്രയും തുക സംഘടിപ്പിക്കുക എന്നത് അന്ന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ രത്തൻ ടാറ്റ അതിനുമൊരു നല്ല വഴി കണ്ടെത്തി. ഓസ്ട്രേലിയയിൽ പൂട്ടി കിടന്ന നിസാന്റെ ഒരു കാർ ഫാക്ടറി വെറും 100 കോടിക്ക് ടാറ്റ വാങ്ങിയെടുത്തു.അവിടെ നിന്നുമാണ് പുതിയ ചരിത്രത്തിനുള്ള വക ജനിക്കുന്നത്.
പതിനായിരം ടണ്ണിലധികം ഭാരമുള്ള മെഷീനുകൾ അടക്കം ആ ഫാക്ടറി മുഴുവനായി പൊളിച്ചടക്കി കപ്പൽ വഴി ഇന്ത്യയിലെത്തിക്കുക എന്നതാണ് ടാറ്റാ ചെയ്തത്. എന്നിട്ട് , ടാറ്റായുടെ കാർ പ്ലാൻ്റിനായി സ്ഥലം കണ്ടെത്തിയ പൂനെയിൽ അതേപടി വീണ്ടും നിർമിച്ചെടുത്തു. അവിടെ നിന്നാണ് ഇന്ത്യയുടെ സ്വന്തം കാർ അഥവാ ഇന്ത്യൻ കാർ എന്ന അർത്ഥത്തിൽ ടാറ്റ ഇൻഡിക്ക പിറക്കുന്നത്.
രത്തൻ ടാറ്റ എന്ന ദീർഘദർശിയായ മനുഷ്യൻ്റെ കഠിനാധ്വാനവും ദീർഘവീക്ഷണവും ഒന്നുകൊണ്ട് മാത്രമാണ് ടാറ്റ മോട്ടോഴ്സിനെ ഇന്ന് കാണുന്ന ലോകം മുഴുവൻ അറിയപ്പെടുന്ന ബ്രാൻഡ് ആക്കി വളർത്താൻ കഴിഞ്ഞത്.